Tweet 1190

    Tweet 1190
    September 16, 2025 • Tuesday
    Post Header

    തിരുനബിﷺ അത്യുന്നത നേതൃത്വമായിരിക്കുമ്പോഴും പ്രധാനപ്പെട്ട പോരാട്ടങ്ങളിൽ നേരിട്ട് ഹാജരായി. ചില സന്നിഗ്ധഘട്ടങ്ങളിൽ പടച്ചട്ടയും പടയങ്കിയും അണിഞ്ഞ് ശത്രുവിന്റെ മുന്നിൽ ധീരമായി നിലകൊണ്ടു. ലോകത്ത് വായിക്കപ്പെടുന്ന സമര പോരാട്ടങ്ങളിലെ ഒരു വേറിട്ട വായന കൂടിയാണിത്. സാമ്രാജ്യ വികസനത്തിനോ ശക്തിപ്രകടനത്തിനോ അധികാര വിസ്തൃതിക്കോ ഒക്കെ യുദ്ധങ്ങളും പോരാട്ടങ്ങളും നടത്തിയ ഭരണാധികാരികളും ഏകാധിപതികളും എല്ലാം തങ്ങളുടെ സൈന്യത്തെയും പട്ടാളക്കാരെയും ഉപയോഗപ്പെടുത്തിയായിരുന്നു യുദ്ധങ്ങൾ നടത്തിയിരുന്നത്. പലപ്പോഴും യുദ്ധക്കളങ്ങൾ നേരിട്ടു കാണാനോ തീക്ഷ്ണതകൾ മനസ്സിലാക്കാനോ പോലും അത്തരം നേതാക്കൾക്ക് സാധിച്ചിരുന്നില്ല. അധികാരികളുടെ ചാവേറുകളാവുന്ന കുറെ മനുഷ്യന്മാരായിരുന്നു ആ കഥകളുടെ ഒക്കെ പിന്നിലുണ്ടായിരുന്നത്.
    എന്നാൽ സമഗ്രമായ ഒരു നന്മയ്ക്ക് വേണ്ടി നയപരമായി മുന്നേറുകയും ലോകജനതക്കു മുഴുവനും ലഭിക്കേണ്ട നന്മക്ക് തടസ്സമായി നിൽക്കുന്നവരെ സായുധമായും അനിവാര്യമായും പ്രതിരോധിക്കേണ്ട ഘട്ടങ്ങളിൽ നമ്മുടെ ലക്ഷ്യം എന്താണെന്ന് കൃത്യമായി അനുയായികളെ ബോധ്യപ്പെടുത്തിക്കൊണ്ട് പ്രധാനപ്പെട്ട പടക്കളങ്ങളിലേക്ക് എല്ലാം തിരുനബിസന്നിഗ്ധയും പുറപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സ്വഹാബികളെ ആത്മീയമായും ഭൗതികമായും കൃത്യമായ ദിശ നിർണയിച്ച മുന്നോട്ട് നയിച്ചു. പരിഭ്രമിച്ചു പോകുന്ന ഘട്ടങ്ങളിലെല്ലാം ആധ്യാത്മിക വിചാരങ്ങൾ നൽകി ശക്തിപ്പെടുത്തി. അതാത് സമയങ്ങളിൽ വേണ്ട തന്ത്രങ്ങൾ ആലോചിക്കുകയും പങ്കുവെക്കുകയും ചെയ്തു. എല്ലാവരും പരിഭ്രമിച്ച ഘട്ടങ്ങളിൽ സ്വയം തന്നെ പടക്കളത്തിലേക്ക് ഇറങ്ങി. ശത്രുക്കളുടെ അപ്രതീക്ഷിതമായ കടന്നുകയറ്റം ഉഹ്ദിൽ വെച്ച് സ്വഹാബികളെ പലവഴിക്കും ചിന്നഭിന്നമാക്കി. പക്ഷേ, തിരുനബിﷺ പടക്കളത്തിൽ നിന്ന് പിന്തിരിഞ്ഞില്ല. ശാരീരികമായി പരിക്കും ജീവന് തന്നെ ഭീഷണിയും നേരിട്ടപ്പോഴും ധീരമായി തന്നെ നിലനിന്നു. ഹുനൈൻ യുദ്ധത്തിൻ്റെ ആദ്യഘട്ടത്തിൽ ശത്രുക്കളുടെ ശക്തമായ കടന്നുകയറ്റം അപ്രതീക്ഷിതമാം വിധത്തിൽ സ്വഹാബികൾക്കിടയിൽ പരിഭ്രാന്തി പരത്തി. അവരിൽ പലരും പലവഴിക്കായി. തിരുനബിﷺ നേരിട്ടുതന്നെ ധീരമായി പടക്കളത്തിലിറങ്ങി. മഹത്തായ ഒരു പ്രഖ്യാപനത്തോടെയായിരുന്നു രംഗപ്രവേശനം. ഞാൻ അല്ലാഹുവിൻ്റെ ദൂതനാണ്. അത് അസത്യമല്ല. ഞാൻ അബ്ദുൽ മുത്തലിബിന്റെ മകനാണ്. ഞാൻ കുലീനനും ധീരനും തറവാട്ടുകാരനും സധൈര്യം മുന്നേറാൻ വേണ്ടി വന്നയാളും എന്നാണ് അതിൻ്റെ സാരം.
    ഈ രംഗപ്രവേശനം സ്വഹാബികൾക്ക് ആത്മവിശ്വാസം നൽകി. പരിസരങ്ങളിലേക്ക് പോയവർ മുഴുവനും തിരിച്ചുവന്നു. സധൈര്യം തിരുനബിﷺയുടെ പിന്നിൽ അണിനിരന്നു. യുദ്ധത്തിൻ്റെ ഗതി മുഴുവനും അടിമുടി മാറി. മുസ്‌ലിംകൾ വിജയശ്രീലാളിതരായി മടങ്ങി.
    ഇത്തരം സന്ദർഭങ്ങളിൽ ഒക്കെ പടച്ചട്ടയും പടത്തൊപ്പിയും ഒക്കെ അണിഞ്ഞതിനെക്കുറിച്ച് ഹദീസുകളിൽ വന്നിട്ടുണ്ട്. ഉഹ്ദ് യുദ്ധ വേളയിൽ രണ്ടു പടയങ്കി അണിഞ്ഞു കൊണ്ടായിരുന്നു തിരുനബിﷺ രംഗത്തേക്ക് വന്നത് എന്ന് സാഇബു ബിനു യസീദി(റ)ൽ നിന്ന് ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം. പടത്തൊപ്പി അണിഞ്ഞുകൊണ്ട് മക്കാ വിജയവേളയിൽ മക്കയിലേക്ക് പ്രവേശിച്ച രംഗം അനസുബ്നു മാലിക്കി(റ)ന്റെ നിവേദനത്തിൽ ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) ഉദ്ധരിക്കുന്നുണ്ട്. തിരുനബിﷺയുടെ പടച്ചട്ടയുടെയും പടയങ്കിയുടെയും പടത്തൊപ്പിയുടെയും ആയുധങ്ങളുടെയും സ്വഭാവങ്ങളെ സംബന്ധിച്ചും അവ കൈകാര്യം ചെയ്ത രീതികളെ കുറിച്ചും തിരുനബിﷺയുടെ വ്യക്തിവിശേഷങ്ങൾ സംബന്ധിച്ച ഹദീസ് ഗ്രന്ഥങ്ങളിൽ സവിശേഷമായി തന്നെ അധ്യായങ്ങളുണ്ട്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...