Tweet 1189

    Tweet 1189
    September 15, 2025 • Monday
    Post Header

    യുദ്ധക്കളത്തിലും ശത്രുക്കളെ അഭിമുഖീകരിക്കുന്നതിലും തിരുനബിﷺക്ക് വ്യക്തമായ ധാരണകളും സമയക്രമങ്ങളുമുണ്ടായിരുന്നു. പ്രഭാതത്തിൽ തന്നെ ആക്രമണം അഴിച്ചുവിടുന്ന രീതി തിരുനബിﷺ സ്വീകരിച്ചിരുന്നില്ല. ഉബൈദുള്ളാഹിബ്നു ഔഫ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഉച്ചയാകുമ്പോഴേക്കും ശത്രുക്കൾക്ക് നേരെ ശക്തമായ കടന്നുകയറ്റം എന്നതായിരുന്നു തിരുനബിﷺ സ്വീകരിച്ചിരുന്ന ശൈലി.
    ഇബ്നു അബ്ബാസി(റ)ൽ നിന്നുള്ള മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്. പ്രഭാതത്തിൽ ശത്രുക്കളെ നേരിടാത്ത ഘട്ടങ്ങളിലെല്ലാം മധ്യാഹ്നത്തിനുശേഷം നേരിടുക എന്ന രീതിയായിരുന്നു തിരുനബിﷺ സ്വീകരിച്ചത്. നിസ്കാരത്തിൻ്റെ സമയമാവുകയും കാറ്റുവീശുകയും ചെയ്യുന്ന നേരം, അല്ലാഹുവേ നിന്നിൽ നിന്നാണ് അഭയം! നിന്നിൽ നിന്നാണ് വിജയം! എല്ലാ ഗതിവിഗതികളും നീയാണ് നിർണയിക്കുന്നത് എന്നീ ആശയങ്ങളുള്ള പ്രാർത്ഥനകൾ നിർവഹിച്ചു കൊണ്ടായിരുന്നു തിരുനബിﷺ ശത്രുക്കളെ പ്രതിരോധിച്ചത്.
    ഉത്ബത് ബിനുഗസ്വാൻ(റ) പറയുന്നു. ഞങ്ങൾ തിരുനബിﷺയോടൊപ്പം യുദ്ധവേളകളിൽ സംഗമിച്ചിട്ടുണ്ട്. മദ്ധ്യാഹ്നമായിക്കഴിഞ്ഞാൽ അവിടുന്ന് ഇങ്ങനെ പറയും, ഇനി നിങ്ങൾ ഇരച്ചു കയറിക്കോളൂ എന്ന്.
    യുദ്ധക്കളത്തിലെ നയതന്ത്രങ്ങളിൽ ഒന്നായിക്കൂടി ഇതിനെ വായിക്കേണ്ടതുണ്ട്. ശത്രുക്കൾക്ക് കൂടുതൽ ഒരുക്കങ്ങളും തിരിച്ചു കയറാനുള്ള സമയവും അവസരവും ഇല്ലാത്തവിധം അവരെ പ്രതിരോധിക്കുക എന്നതാണ് അതിലൊന്ന്. ഇങ്ങനെയൊക്കെ നിർദ്ദേശം നൽകുമ്പോഴും ആമുഖമായി തിരുനബിﷺ പറഞ്ഞിരുന്ന ഒരു വാചകമുണ്ട്. നിങ്ങൾ ഒരിക്കലും ശത്രുക്കളെ കണ്ടുമുട്ടാൻ ആഗ്രഹിക്കരുത്. അഥവാ യുദ്ധത്തിനും ശാരീരിക പോരാട്ടത്തിനും നിങ്ങൾ കൊതിക്കാൻ പാടില്ല. അനിവാര്യമായ ഘട്ടത്തിൽ പ്രതിരോധിക്കേണ്ടി വന്നാൽ നിങ്ങൾ സഹിഷ്ണുതയുള്ളവരാകണം. ക്ഷമയും സഹനവുമുണ്ടെങ്കിൽ മാത്രമേ ഏതു പ്രയാസ ഘട്ടങ്ങളിലും അതിജീവിക്കാനും ഏതു പ്രതിസന്ധികളെയും മറികടന്ന് മുന്നോട്ടു പോകാനും സാധിക്കുകയുള്ളൂ എന്നു സാരം.
    ഉച്ചയായിക്കഴിഞ്ഞാൽ പ്രത്യേകമായ ഒരു കാറ്റുണ്ടാകും. അത് അനുഗ്രഹത്തിന്റേതായിരിക്കും. നിസ്കാരത്തിനു സമയമാവുകയും ചെയ്യും. മദ്ധ്യാഹ്ന നിസ്കാരത്തിന്റെയും സായാഹ്ന നിസ്കാരത്തിന്റെയും ഇടയിൽ തിരുനബിﷺയുടെ സൈന്യത്തിന്റെ ഇടപെടൽ ശക്തിപ്പെടുത്തും. അസർ നിസ്കാരം കഴിഞ്ഞ് വീണ്ടും തുടരും.
    രണ്ടു നിസ്കാരങ്ങൾ അടുത്തു വരുമ്പോൾ അല്ലാഹുവിനോട് നേരിട്ട് സംഭാഷണം നടത്താനും പ്രാർത്ഥിക്കാനുമുള്ള അവസരമായി. പ്രസ്തുത സമയങ്ങളിൽ അടിച്ചു വീശുന്ന കാറ്റുകൾ കാരുണ്യത്തിന്റെ കാറ്റുകളായിരിക്കും. അതും വിജയത്തിൻ്റെ സൂചനകളാണ്. ശുഭകരമായ ചില കാര്യങ്ങളെ ക്രമീകരിച്ചും അല്ലാഹുവിനോട് കൂടുതൽ പ്രാർത്ഥിക്കുന്ന നേരങ്ങളെ നിശ്ചയിച്ചുമാണ് മുസ്‌ലിം സൈന്യത്തിന്റെ സമയക്രമം തിരുനബിﷺ നിർണയിക്കുകയും നിർദ്ദേശിക്കുകയും ചെയ്തത്.
    മുൻകാലങ്ങളിൽ തന്നെ യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളുണ്ട്. അത്തരം സന്ദർഭങ്ങളിലും കാലങ്ങളിലും തിരുനബിﷺ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരുങ്ങാറില്ല. നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്തുകൊണ്ട് ശത്രുപക്ഷം കടന്നാക്രമിക്കുകയോ അടിസ്ഥാന മൂല്യങ്ങൾ ഇല്ലായ്മ ചെയ്യപ്പെടുകയോ ചെയ്യുമ്പോൾ മാത്രമാണ് പ്രതിരോധത്തിന് വേണ്ടി ഒരുങ്ങാറുള്ളത്. ഇസ്‌ലാമിൻ്റെ വെളിച്ചവും സന്ദേശവും തീരെ എത്തിയിട്ടില്ലാത്ത ജനങ്ങളോ പ്രദേശമോ ആണെങ്കിൽ പരമാവധി സമയം അവരെ നന്മകളിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കും. സായുധമായി പ്രതിരോധിക്കൽ അനിവാര്യമായ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമെത്തുന്നത് വരെ ഗുണകാംക്ഷയോടെയുള്ള ഉപദേശങ്ങളിലായിരിക്കും തിരുനബിﷺയും സംഘവുമുണ്ടാവുക.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...