
യുദ്ധവും സൈനിക നീക്കങ്ങളും കൃത്യമായ ലക്ഷ്യത്തിലെത്തണമെങ്കിൽ നയതന്ത്രപരമായ എല്ലാ കാര്യങ്ങളും ഒത്തുചേരേണ്ടതുണ്ടല്ലോ. അത് പ്രകാരമുള്ള നിരീക്ഷണ സംവിധാനങ്ങളും രഹസ്യാന്വേഷണ ക്രമീകരണങ്ങളും തിരുനബിﷺ സജ്ജീകരിച്ചിരുന്നു. ശത്രുക്കളുടെ ചലനങ്ങൾ നിരീക്ഷിക്കാനും മുന്നോട്ടുള്ള ഗമനങ്ങൾ ക്രമീകരിക്കാനും അത് ആവശ്യമായിരുന്നു. ഇമാം അഹ്മദും(റ) ത്വബ്റാനി(റ)യൂം ഉദ്ധരിക്കുന്നു. അംറ് ബിൻ ഉമയ്യത്തുള്ളമരി(റ) പറയുന്നു. ഒരു ദിവസം തിരുനബിﷺ ചോദിച്ചു. ബനൂ ഖുറൈളയുടെ വാർത്തകൾ ആരാണ് അന്വേഷിച്ചു വരിക?
അഹ്സാബ് യുദ്ധവേളയിൽ ശത്രുക്കളുടെ നീക്കങ്ങളെ നിരീക്ഷിക്കാൻ ആരാണ് തയ്യാറാവുക എന്ന അന്വേഷണമായിരുന്നു ഇത്. സുബൈർ(റ) ദൗത്യം ഏറ്റെടുത്തു. ശത്രുക്കളുടെ ഇടയിൽ സഞ്ചരിക്കുകയും അവരുടെ നീക്കുപോക്കുകൾ നിരീക്ഷിച്ചു തിരുനബിﷺക്ക് വിവരം നൽകുകയും ചെയ്തു. സൈന്യങ്ങളുടെ കൃത്യതകൾ നിർവഹിക്കാനും ശത്രുക്കളുടെ നിലപാടുകളിൽ ഇടപെടാനും ഗതിനിർണയിച്ചുകൊടുക്കാനും തിരുനബിﷺക്കു സാധിച്ചു.
അബൂസുഫിയാൻ്റെ സംഘത്തെ നിരീക്ഷിക്കാനും അതനുസരിച്ച് വിവരങ്ങൾ കൈമാറാനും ബസീസ(റ)യെ നിയോഗിച്ച കാര്യം അനസുബ്നു മാലിക്(റ)വിൽ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നുണ്ട്.
ആധുനിക സംഘടനകളിൽ സ്പൈ സംവിധാനം വരുന്നതിന് എത്രയോ കാലങ്ങൾക്ക് മുമ്പായിരുന്നു തിരുനബിﷺ ഈ ശാസ്ത്രീയ സംവിധാനവും നിരീക്ഷണ സംവിധാനവും എല്ലാം ക്രമീകരിച്ചത്. എവിടെയും തിരുനബിﷺയിൽ നിങ്ങൾക്ക് മാതൃകയുണ്ട് എന്ന മഹത്തായ പ്രഖ്യാപനത്തിന്റെ പടക്കളത്തിലെ വായന കൂടിയാണ് ഈ അധ്യായം.
യുദ്ധ ഘട്ടങ്ങളിലുണ്ടാകുന്ന കാഷ്വാലിറ്റികൾ നേരിടാനും വ്യവസ്ഥാപിത സംവിധാനങ്ങളുണ്ടായിരുന്നു. യോദ്ധാക്കളായി പുരുഷന്മാരേ ഉണ്ടായിരുന്നുള്ളൂ എങ്കിലും സ്ത്രീകളുടെ ഒരു സംഘം തിരുനബിﷺയോടൊപ്പം യാത്ര ചെയ്തിരുന്നു. യുദ്ധക്കളങ്ങളിൽ സംഭവിക്കുന്ന അത്യാഹിതങ്ങളിൽ പരിചരിക്കാനും പരിക്കേൽക്കുന്നവർക്ക് വേണ്ട സേവനങ്ങൾ ചെയ്യാനും അവർക്ക് പ്രത്യേകം നിർദ്ദേശം നൽകിയിരുന്നു.
പടക്കളങ്ങളിൽ പാനീയം നൽകിയവരും പരിക്കേറ്റവർക്ക് ശുശ്രൂഷകൾ നൽകിയവരുമായ സ്വഹാബി വനിതകളെ കുറിച്ചുള്ള വായന ഈ അധ്യായത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. റുബയ്യ് ബിൻത് മുഅവ്വിദ്(റ) അനുഭവങ്ങൾ പങ്കുവെക്കുന്നതിന്റെ ഭാഗികമായ നിവേദനങ്ങൾ ഇമാം ബുഖാരി(റ)യും അഹ്മദും(റ) ഉദ്ധരിക്കുന്നുണ്ട്. തിരുനബിﷺയുടെ പത്നിമാരിൽ തന്നെ അത്തരം സേവനങ്ങളിൽ വ്യാപൃതരായിരുന്നവരെക്കുറിച്ച് പ്രത്യേകം പരിചയപ്പെടുത്താറുണ്ട്.
ഈ സംവിധാനങ്ങളൊക്കെ ഒരുക്കുമ്പോഴും ഓരോ ഘട്ടങ്ങളിലും തിരുനബിﷺ സ്വന്തം തന്നെ അല്ലാഹുവിനെ സ്മരിക്കുന്ന മന്ത്രങ്ങൾ ഉരുവിടുകയും എല്ലാം അല്ലാഹുവിൻ്റെ മാർഗത്തിൽ സമർപ്പിക്കുന്നു എന്ന വിലയത്തിന്റെ വാചകങ്ങൾ സ്വഹാബികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുമായിരുന്നു. സ്രഷ്ടാവിന്റെ സന്നിധിയിലേക്കുള്ള ഉന്നതമായ ഒരു സമർപ്പണമായിട്ടാണ് ധർമസമരത്തെയും അതിജീവന മുന്നേറ്റങ്ങളെയും തിരുനബിﷺ അടയാളപ്പെടുത്തിയത്. ശത്രുക്കൾക്ക് അഭിമുഖമായി തിരുനബിﷺ വരുമ്പോഴെല്ലാം അല്ലാഹുവേ നീയാണ് എന്റെ തണൽ, നീയാണ് എൻ്റെ താങ്ങ് എന്നൊക്കെ ആശയം വരുന്ന വാചകങ്ങൾ പ്രാർഥനാ വചനങ്ങളായി ഉരുവിടുമായിരുന്നു. അനുയായികളായ സ്വഹാബികളിലും സമരക്കളത്തിലെ ആധ്യാത്മിക വിചാരങ്ങളെ കുറിച്ച് നിരന്തരമായി ഓർമപ്പെടുത്തുകയും താൽക്കാലിക ലാഭങ്ങൾക്ക് വേണ്ടി ആയിരിക്കരുത് നിങ്ങളുടെ പോരാട്ട പ്രകടനങ്ങൾ എന്ന് പറയുകയും ചെയ്യുമായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
