
തിരുനബിﷺയുടെ സമര മുന്നേറ്റങ്ങളെ കുറിച്ച് വായിക്കുമ്പോൾ ഉടമ്പടികൾക്കും കരാറുകൾക്കും സവിശേഷമായ പ്രാധാന്യമുണ്ട്. വ്യക്തികളോടും ഗോത്രങ്ങളോടും സംഘങ്ങളോടും പല ഘട്ടത്തിലും തിരുനബിﷺ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. വിവരശൂന്യമായ കാലത്തും മനുഷ്യരോ കൂട്ടങ്ങളോ തമ്മിലുള്ള കരാറുകൾക്ക് വലിയ പ്രാധാന്യം കൽപ്പിക്കപ്പെട്ടിരുന്നു. കരാറുകൾ പാലിക്കുന്നതിന്റെ മൂല്യവും ലംഘിക്കുന്നതിന്റെ അപകടവും അതുവഴി വന്നുചേരുന്ന ഭൗതികവും പാരത്രികവുമായ കഷ്ടനഷ്ടങ്ങളും തിരുനബിﷺ വളരെ പ്രാധാന്യത്തോടെയും ഗൗരവത്തോടെയും ശിഷ്യഗണങ്ങളെയും പൊതുജനങ്ങളെയും ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. തിരുനബിﷺയോട് സ്വഹാബികൾ നടത്തിയ കരാറുകളെ കുറിച്ച് വായിക്കുമ്പോൾ തുല്യതയില്ലാത്ത സമർപ്പണങ്ങളുടെയും സമാനതകളില്ലാത്ത ആശയ സമഗ്രതയുടെയും വേറിട്ട അധ്യായമായാണ് മനസ്സിലാവുന്നത്.
യസീദ് ബിൻ ഉബൈദ്(റ) സലമാ ബിൻ അഖ്’വ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. ഹുദൈബിയ്യ ദിവസം ഞാൻ തിരുനബിﷺയോട് കരാർ ചെയ്തു. ശേഷം, ഞാൻ ഒരു മരത്തണലിലേക്ക് നീങ്ങിയിരുന്നു. ജനങ്ങളുടെ തിരക്കൊക്കെ ഒഴിഞ്ഞപ്പോൾ തിരുനബിﷺ എന്നോട് ചോദിച്ചു. അല്ലയോ അഖ്’വഇൻ്റെ മകൻ സലമാ(റ), നിങ്ങൾ കരാർ ചെയ്തില്ലേ. അതെ, ഞാൻ അവിടുത്തോട് ഉടമ്പടി ചെയ്തുവല്ലോ! എന്നാലും ഞാൻ ഒന്നുകൂടി ഉടമ്പടി ചെയ്തു. അപ്പോൾ എന്നോട് ചോദിച്ചു. എന്തിന്മേലാണ് നിങ്ങൾ ഉടമ്പടി ചെയ്യുന്നത്? മരണത്തിൻമേൽ! അഥവാ മരണംവരെയും തിരുനബിﷺയുടെയും സന്ദേശങ്ങളുടെയും പക്ഷത്ത് നിൽക്കും എന്ന ഉറപ്പിന്മേൽ കരാർ ചെയ്യുന്നു എന്നർത്ഥം.
ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) അനസുബ്നു മാലിക്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. ഖന്ദഖ് യുദ്ധവേളയിൽ അൻസ്വാരികളുടെ കരാർ ഇപ്രകാരമായിരുന്നു. ഞങ്ങൾ മുഹമ്മദ് നബിﷺയോട് കരാർ ചെയ്തവരാണ്. ഞങ്ങൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം തിരുനബിﷺയോടൊപ്പം ഏതു സമരക്കളത്തിലും ഉറച്ചുനിൽക്കും എന്നാണ് കരാർ ചെയ്തിട്ടുള്ളത്.
ചില ഹദീസ് വാചകങ്ങളിൽ അവർ സഹിഷ്ണുതയുടെ മേൽ കരാർ ചെയ്തിരിക്കുന്നു എന്ന പ്രയോഗവും കാണാം. അഥവാ ഏതു പ്രയാസ ഘട്ടങ്ങളെയും അതിജീവിക്കാനും ഏതു പ്രതിസന്ധികളെയും നേരിടാനും തിരുനബിﷺയോടൊപ്പം സർവാത്മനാ സമർപ്പിച്ചിരിക്കുന്നു എന്നായിരുന്നു സ്വഹാബികളുടെ മുഴുവനും മനോഗതിയും ഉടമ്പടിയും.
ഭൗതികമായ ഏതെങ്കിലും നേട്ടങ്ങൾ മുന്നിൽ കണ്ടുകൊണ്ടോ സ്വന്തം താൽപര്യങ്ങളെ നേടിയെടുക്കാനോ ആയിരുന്നില്ലാ തിരുനബിﷺയുടെ മുന്നേറ്റങ്ങളും സ്വഹാബികളുടെ ഉടമ്പടികളും. ഉന്നതമായ ഒരു ലക്ഷ്യത്തെ സാധിച്ചിടുക്കാൻ ഏറ്റവും വലിയ നന്മയുടെ പ്രതീകമായ തിരുനബിﷺ മുന്നോട്ടുവെക്കുന്ന ഓരോ ചുവടുകൾക്കും ഞങ്ങൾ ശക്തി പകരാൻ ഒപ്പമുണ്ട് എന്നായിരുന്നു അനുചരന്മാരുടെ ഉടമ്പടികളുടെ മുഴുവൻ സാരം.
ലോകത്ത് ആരെയും വായിക്കുമ്പോലെയല്ല തിരുനബിﷺയെ വായിക്കേണ്ടത്. അധികാരം ലക്ഷ്യമാക്കുന്ന ഒരു ഭരണാധികാരിയല്ല ഇത്. ഭൂപ്രദേശമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ചക്രവർത്തിയുമല്ല. സൈനികശക്തിയെ പ്രകടിപ്പിക്കാനോ സാമ്രാജ്യത്തിന്റെ പ്രതിരോധശേഷി ബോധ്യപ്പെടുത്താനോ ഫലഭൂവിഷ്ടമായ പ്രദേശങ്ങളെ അധീനപ്പെടുത്തി സാമ്പത്തിക ശക്തി വികസിപ്പിക്കാനോ അധികാരത്തിൻമേൽ ചിലതൊക്കെ നേടിയെടുക്കാനോ ഒന്നുമുള്ള പുറപ്പാടല്ല. ഏൽപ്പിക്കപ്പെട്ട ഒരാശയത്തെ കളങ്കമില്ലാതെ കൈമാറാനുള്ള സമഗ്രമായ പ്രവർത്തനങ്ങളുടെ ഭാഗമായി മാർഗ്ഗ തടസ്സങ്ങളെ മറികടക്കാനുള്ള സ്നേഹ ദൂതന്റെﷺ നാൾ വഴികൾ മാത്രമാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
