Tweet 1186

    Tweet 1186
    September 12, 2025 • Friday
    Post Header

    തിരുനബിﷺയുടെ നടപടിക്രമങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു കൂടിയാലോചന. സൈനിക പ്രതിരോധങ്ങളിലും സായുധ മുന്നേറ്റങ്ങളിലും സവിശേഷമായി തന്നെ തിരുനബിﷺ കൂടിയാലോചിക്കുമായിരുന്നു. നിശ്ചിതമായ ഒരു തീരുമാനവും നിലപാടും തിരുനബിﷺക്ക് ഉണ്ടായിരിക്ക തന്നെ അനുചരന്മാരോടും ശിഷ്യന്മാരോടും സമയോചിതമായി അഭിപ്രായങ്ങൾ ആരായുകയും കൂടിയാലോചനകൾ നിർവഹിക്കുകയും ചെയ്തു. ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്ന ഹദീസിൽ അബ്ദുല്ലാഹിബിനു ഉമർ(റ) തന്നെ ഉദ്ധരിക്കുന്നത് കാണാം. അബൂബക്കർ സിദ്ദീഖ്(റ) അബ്ദുല്ലാഹിബ്നു അംറ് ബിൻ അൽ ആസി(റ)ന് അയച്ച കത്തിൽ ഇപ്രകാരം പരാമർശിച്ചു. ഒരു സൈനിക നീക്കത്തെ കുറിച്ച് തിരുനബിﷺ കൂടിയാലോചിച്ചിട്ടുണ്ട്. നിങ്ങൾ ആവശ്യമായ രൂപത്തിൽ സജ്ജരായിക്കൊള്ളുക.
    തിരുനബിﷺയുടെ ആലോചനകളെയും അഭിപ്രായ അന്വേഷണങ്ങളെയും സ്വഹാബികൾ എത്രമേൽ പ്രാധാന്യത്തോടുകൂടിയാണ് കണ്ടത്. ഒരുപക്ഷേ സ്വഹാബികളുടെ അഭിപ്രായങ്ങൾക്കൊന്നും പ്രസക്തിയില്ലാത്തപ്പോഴും എങ്ങനെയാണ് കാര്യങ്ങൾ നിർവഹിക്കേണ്ടത് എന്നും സാമൂഹികമായ നടപടിക്രമങ്ങളും സമീപനങ്ങളും എപ്രകാരമായിരിക്കണം എന്നും അധ്യാപനം നൽകുന്നതിനുവേണ്ടിയായിരുന്നു തിരുനബിﷺയുടെ ചർച്ചകളും അഭിപ്രായ അന്വേഷണങ്ങളും.
    മികച്ച അഭിപ്രായങ്ങൾ പറയുന്ന സ്വഹാബികളെ പ്രോത്സാഹിപ്പിക്കുകയും തിരുനബിﷺയുടെ സദസ്സിൽ ഒരാളും ആക്ഷേപിക്കപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.
    അനസുബ്നു മാലിക്(റ)വിൽ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം. അബൂസുഫിയാനും സംഘവും മക്കയിൽ നിന്ന് വരുന്നു എന്നറിഞ്ഞപ്പോൾ തിരുനബിﷺ സ്വഹാബികളോട് കൂടിയാലോചനകൾ നടത്തി. അബൂബക്കർ(റ) സംസാരിക്കുമെങ്കിലും തിരുനബിﷺ പ്രത്യേക അഭിപ്രായങ്ങൾ ഒന്നും പറഞ്ഞില്ല. തുടർന്ന് ഉമർ(റ) സംസാരിച്ചപ്പോഴും തിരുനബിﷺ പ്രത്യേക അഭിപ്രായങ്ങളിൽ ഒന്നും ഇടപെട്ടില്ല. അപ്പോൾ സഅദ് ബിൻ ഉബാദ(റ) ചോദിച്ചു. ഞങ്ങളെയാണോ നബിﷺയെ അവിടുന്ന് ഉദ്ദേശിക്കുന്നത്? അഥവാ മദീനക്കാരായ ഞങ്ങളുടെ അഭിപ്രായത്തിനു വേണ്ടിയാണോ അവിടുന്ന് പ്രതീക്ഷിക്കുന്നത്? എന്നാൽ, കടലിലേക്ക് ഊളിയിടാനാണ് അവിടുന്ന് ഞങ്ങളോട് കൽപ്പിക്കുന്നതെങ്കിൽ ഞങ്ങൾ അതിനും സന്നദ്ധരാണ്. അതിവിദൂരദേശമാകുന്ന ബർക് അൽ ഗിമാദിലേക്ക് ഒട്ടകങ്ങളെ പായിക്കാനാണ് അവിടുന്ന് പറയുന്നതെങ്കിൽ അതിനും ഞങ്ങൾ സന്നദ്ധരാണ്. തുടർന്ന് തിരുനബിﷺ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും അതുപ്രകാരം ബദ്റിലേക്ക് പുറപ്പെടുകയും ചെയ്തു.
    ഈ നിവേദനത്തിന് കൃത്യമായ ഒരു പരിസരമുണ്ട്. തിരുനബിﷺയും മക്കയിൽ നിന്ന് വന്ന മുഹാജിറുകളും ബദ്റിലേക്ക് പുറപ്പെടാൻ എന്നല്ല എന്തിനും പ്രത്യേകിച്ച് ആലോചനയില്ലാത്ത വിധം സന്നദ്ധരാണ്. മദീനയിലേക്ക് നബിﷺയെ സ്വീകരിച്ച അൻസ്വാരികൾ മദീനയിൽ തിരുനബിﷺയെ എല്ലാ അർത്ഥത്തിലും സ്വീകരിക്കാമെന്നും ഏതു വിധേനയുള്ള സുരക്ഷിതത്വവും നൽകാമെന്നും നേരത്തെ കരാർ ചെയ്തിട്ടുണ്ട്. എന്നാൽ, ബദ്ർ മദീനയുടെ പരിധിയിൽ നിന്ന് പുറത്താണ്. അതുകൊണ്ടുതന്നെ നേരത്തെ ഉള്ള ഉടമ്പടി പ്രകാരം അൻസ്വാരികൾ തിരുനബിﷺയോടൊപ്പം പോകേണ്ടതില്ല. അതിനാൽ അവരിൽനിന്ന് പ്രത്യേകമായി തന്നെ ഒരു അഭിപ്രായം അറിയേണ്ടതുണ്ട്. മദീനക്ക് പുറത്തുള്ള ബദ്റിലേക്ക് തിരുനബിﷺയും അനുയായികളും നീങ്ങുമ്പോൾ മദീനയിലെ സ്വഹാബികൾ തിരുനബിﷺയോടൊപ്പം വരാൻ സന്നദ്ധരാകുമോ ഇല്ലയോ എന്ന്. കരാറുകളിലെ പരാമർശങ്ങളോടും ഉടമ്പടികളോടും തിരുനബിﷺ കാണിച്ച കൃത്യതയും വിനയപുരസരം അനുയായികളോട് നടത്തിയ കൂടിയാലോചനയുമാണ് ഈ നിവേദനങ്ങളും സംഭവങ്ങളും നമ്മെ പഠിപ്പിക്കുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...