Tweet 1180

    Tweet 1180
    September 6, 2025 • Saturday
    Post Header

    പ്രവാചകൻﷺ സൈനികരോട് നൽകിയ നിർദ്ദേശങ്ങളിൽ ശത്രുക്കളുടെ സംഘത്തെ തരം തിരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പോരാളികൾ, പോരാളികളല്ലാത്തവർ എന്നിങ്ങനെയാണ് ആ തരംതിരിവ്. സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, രോഗികൾ തുടങ്ങിയവരെയാണ് ആ ഗണത്തിൽ ഉൾപ്പെടുത്തിയത്. അവരെ സംബന്ധിച്ചുള്ള അടിസ്ഥാനപരമായ ഒരു നിർദ്ദേശം ഇങ്ങനെയാണ്. ഒരു വൃദ്ധനെയോ, കുട്ടിയെയോ, സ്ത്രീയെയോ കൊല്ലരുത്. “ആശ്രമങ്ങളിൽ ആരാധനയിൽ കഴിയുന്നവരെയും വധിക്കരുത്.” അല്ലെങ്കിൽ “ആരാധനാസ്ഥലങ്ങളിൽ ഇരിക്കുന്നവരെയും കൊല്ലരുത്.” ഇമാം അബൂദാവൂദി(റ)ന്റെയും ഇമാം അഹ്മദ്(റ) അവർകളുടെ മുസ്നദിന്റെയും നിവേദനങ്ങളിൽ ഇവകൾ വായിക്കാൻ കഴിയും.
    യുദ്ധക്കളത്തിൽ നിലത്തു കിടക്കുന്ന ഒരു സ്ത്രീയുടെ മൃതദേഹം കണ്ടു യുദ്ധത്തിൽ പങ്കെടുക്കാത്തവർ എങ്ങനെ കൊല്ലപ്പെട്ടു എന്ന് അന്വേഷിക്കുന്ന പ്രവാചകൻﷺയുടെ പ്രസ്താവന ഏറെ ഗൗരവതരമായിട്ടാണ് സ്വഹാബികൾ സ്വീകരിച്ചത്. തീർത്തും നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും യുദ്ധക്കെടുതികൾ ബാധിക്കരുത് എന്ന കണിശത കൃത്യമായും പ്രവാചകൻ‍ﷺ പുലർത്തിയിരുന്നു എന്നതിൻ്റെ ഉദാഹരണം കൂടിയാണിത്.
    പോരാളികളല്ലാത്തവർക്ക് അവകാശങ്ങളും സുരക്ഷയും ഉറപ്പുവരുത്തുന്ന ദർശനം പോരാളികൾക്കും ചില പ്രത്യേകമായ ധാർമികതകൾ വകവെച്ചു കൊടുത്തിരുന്നു. അത് സംബന്ധമായ ഹദീസ് പരാമർശങ്ങൾ നമുക്കിങ്ങനെ നിർണയിക്കാം. അഗ്നിവർഷം ചൊരിയുന്നത് ശത്രുപക്ഷത്തിലെ പോരാളികൾക്ക് നേരെയാണെങ്കിലും തിരുനബിﷺ പ്രോത്സാഹിപ്പിച്ചില്ല. അതാണ് ഒന്നാമത്തെ നൈതികത. കാരണം അവിടുന്ന് മുന്നോട്ടുവച്ച ആശയഗതിയുടെ ഒരു ഭാഗം ഇങ്ങനെയായിരുന്നു. അഗ്നി കൊണ്ടുള്ള ശിക്ഷ അഗ്നിയുടെ സ്രഷ്ടാവായ അല്ലാഹുവിന് മാത്രമേ അധികാരമുള്ളൂ.
    ശത്രുപാളയത്തിലെ പോരാളികളാണെങ്കിൽ പോലും അഗ്നികൊണ്ട് ശിക്ഷിക്കരുത് എന്നതിന്റെ ഒരു ഭാഷ്യമാണിത്. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ മേൽ ഉള്ളടക്കം വായിക്കാൻ കഴിയും.
    മുറിവേറ്റോ പരിക്കുപറ്റിയോ കിടക്കുന്നവർക്കുമേൽ ആക്രമണങ്ങൾ നടത്താൻ പാടില്ല. മൃതാവസ്ഥയിലോ രോഗശയ്യയിലോ കിടക്കുന്നവരെ ഒന്ന് കൂടെ വിനോദം നടത്തുന്നത് ഒരു നിലയിലും പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നർത്ഥം.
    തടവുകാരൻ കൊല്ലപ്പെടരുത് എന്നതാണ് മൂന്നാമത്തെ കാര്യം. ഒരു തടവുകാരനെയും വാളിനിരയാക്കരുത്. ബന്ധികൾ ആക്കപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തവർ കൊല്ലപ്പെടരുത് എന്ന പ്രത്യേകമായ നിർദ്ദേശം തിരുനബിﷺ നൽകിയിരുന്നു.
    കൊല്ലപ്പെടാൻ വേണ്ടി ആരെയും കെട്ടിയിടരുത് എന്ന സവിശേഷമായ നിർദ്ദേശവും അവിടുത്തെ യുദ്ധനീതിയുടെ ഭാഗമായി ഉണ്ടായിരുന്നു.
    ശത്രുവിന്റെ പ്രദേശത്ത് കടന്നാൽ കൊള്ളയടിക്കുകയോ കൊള്ളി വെക്കുകയോ ചെയ്യരുതെന്നും താമസ സ്ഥലങ്ങൾ നശിപ്പിക്കുകയോ അവരുമായി യുദ്ധം ചെയ്യുന്നവരൊഴികെ മറ്റാരുടെയും സ്വത്ത് കയ്യാളുകയോ ചെയ്യരുതെന്നും പ്രവാചകൻﷺ മുസ്‌ലിംകളോട് നിർദ്ദേശിച്ചിട്ടുണ്ട്. അബൂബക്കർ അൽ-സിദ്ദീഖ്(റ) സൈനികരെ യുദ്ധത്തിന് അയക്കുമ്പോൾ അവരോട് നിർദ്ദേശിക്കാറുണ്ടായിരുന്നു, “ഗ്രാമങ്ങളും പട്ടണങ്ങളും നശിപ്പിക്കരുത്, കൃഷിയിടങ്ങളും തോട്ടങ്ങളും നശിപ്പിക്കരുത്, കന്നുകാലികളെ അറുക്കരുത്.” യുദ്ധക്കളത്തിൽ നിന്ന് ലഭിക്കുന്ന യുദ്ധ മുതൽ ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. പോരാട്ട സൈന്യങ്ങളുടെ ക്യാമ്പുകളിൽ നിന്നും സൈനിക ആസ്ഥാനങ്ങളിൽ നിന്നും മാത്രം പിടിച്ചെടുത്ത സമ്പത്ത്, വിഭവങ്ങൾ, ഉപകരണങ്ങൾ എന്നിവയാണ് അവയിൽ ഉൾപ്പെടുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...