Tweet 1179

    Tweet 1179
    September 5, 2025 • Friday
    Post Header

    തിരുനബിﷺയും ഇസ്‌ലാമും അതിജീവനത്തിനോട് സ്ഥാപിച്ച നന്മകളെ കുറിച്ചും സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചും നാം വായിച്ചു കൊണ്ടിരിക്കുകയാണ്. ചുരുക്കത്തിൽ, തമസ്സിന്റെ ഓരോ അധ്യായങ്ങളെയും മാറ്റിനിർത്താനും പകരം വെളിച്ചം സ്ഥാപിക്കാനുള്ള പരിശ്രമത്തിൽ ഇരുട്ടിൻ്റെ കൂട്ടാളികളോട് നേരിടേണ്ടി വരികയും ചെയ്തപ്പോഴാണ് ഇസ്‌ലാമിന് യുദ്ധ മുഖത്തോ സമരമുഖത്തോ ഒക്കെ എത്തേണ്ടിവന്നത്. സായുധ പ്രതിരോധത്തിലൂടെ ഇസ്‌ലാം എന്ത് സ്ഥാപിച്ചു എന്ന് വായിക്കുന്നതിന് പകരം സായുധമായ ഇടപെടലുകൾ നടത്തി എന്ന് മാത്രം പറഞ്ഞു അവയെ ക്രൂരമായ ഹത്യകളായി അടയാളപ്പെടുത്തി ഇസ്‌ലാമിനെ ക്രൂരമായ ഒരു ക്യാൻവാസിൽ അവതരിപ്പിക്കാനാണ് പല ഇസ്‌ലാം വിരുദ്ധ കക്ഷികളും പരിശ്രമിച്ചത്. അതിലൂടെ രൂപപ്പെട്ടു വന്നതാണ് ജിഹാദ് എന്ന പ്രയോഗത്തെക്കുറിച്ച് പോലുമുള്ള തെറ്റായ വായനകളും ആവിഷ്കാരങ്ങളും.
    യുദ്ധഭൂമിയിലെ ധാർമികതയെക്കുറിച്ച് ലോകത്ത് എവിടെയും ആരും ആലോചിക്കുന്നതിനു മുമ്പ് വ്യവസ്ഥാപിതമായ നിയമങ്ങളുണ്ടാക്കാൻ ഇസ്‌ലാമിന് സാധിച്ചു എന്നത് പലരും മറന്നു പോവുകയാണ്. ശത്രുവിനോട് ഏറ്റുമുട്ടുമ്പോൾ, പടക്കളത്തിൽ പരസ്പരം പോരടിക്കുമ്പോൾ പിന്നെ എന്ത് ധാർമികത? യുദ്ധനീതി? എന്നൊക്കെ ആലോചിച്ചു മാറി നിന്ന ഒരു കാലത്തെയാണ് പഴയകാല പോരാട്ടങ്ങളിൽ നിന്നൊക്കെ നാം വായിക്കുന്നത്. ഇന്നും ചിലർ അങ്ങനെയൊക്കെയാണ് ചെയ്തുകൊണ്ടിരിക്കുന്നതും.
    ഇസ്‌ലാംവ്യവസ്ഥിതിയിലും രാഷ്ട്ര സംവിധാനത്തിലും അനുയായികൾക്കും പൗരന്മാർക്കും അവകാശങ്ങളുള്ളതുപോലെ ശത്രുക്കൾക്കും യുദ്ധമുഖത്ത് എതിർപക്ഷത്ത് നിൽക്കുന്നവർക്കും അവകാശങ്ങളും സംരക്ഷണങ്ങളും ന്യായവും ഒക്കെ ഉണ്ടായിരുന്നു. പാശ്ചാത്യലോകം ഇങ്ങനെ ഒരു അധ്യായത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് തന്നെ പതിനേഴാം നൂറ്റാണ്ടിലെ ഗ്രോട്ടിയസിൻ്റെ കൃതികളിലൂടെ മാത്രമാണ്. എന്നാൽ യുദ്ധസംബന്ധിയായ അന്താരാഷ്ട്ര നിയമങ്ങൾ രൂപീകൃതമാകുന്നത് പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രമാണ്. അതിനുമുമ്പ് എതിരാളികളോട് പരിഷ്കൃതമോ ധാർമികമോ ആയ പെരുമാറ്റങ്ങളെ കുറിച്ചുള്ള വ്യവസ്ഥാപിതമായ ഒരു ചർച്ചയോ കൃത്യമായ ഒരു ആലോചനയോ പോലും പാശ്ചാത്യലോകത്ത് ഉണ്ടായിരുന്നില്ല.
    പക്ഷേ ഇസ്‌ലാമിക ലോകത്ത് അങ്ങനെ ആയിരുന്നില്ല. തിരുനബിﷺയുടെ അധ്യാപനങ്ങളിൽ തന്നെ യുദ്ധക്കളത്തിലെ നീതിയെക്കുറിച്ചും എതിരാളികൾക്ക് വകവച്ചു കൊടുക്കേണ്ട ന്യായങ്ങളെക്കുറിച്ചും മാനുഷികമായി പരിഗണിക്കപ്പെടേണ്ട അവകാശങ്ങളെ കുറിച്ചും പോരാളികൾ ശ്രദ്ധിക്കേണ്ട അടിസ്ഥാന ജാഗ്രതകളെ കുറിച്ചും കൃത്യമായ അധ്യാപനങ്ങളുണ്ടായിരുന്നു.
    മറ്റേതു ദേശങ്ങളിലെയും ഏത് യുദ്ധങ്ങളിൽ നിന്നും വ്യത്യസ്തമായി ഇസ്‌ലാമിന് ചില അടിത്തറകളുണ്ട് എന്നതാണ് കാരണം. കേവലമായ ഒരു രാഷ്ട്രീയ വികാസത്തിനോ രാഷ്ട്രസംസ്ഥാപനത്തിനോ ഭരണകേന്ദ്ര വിശാലതക്കോ രാഷ്ട്രത്തെ അധീനപ്പെടുത്താനോ അധികാരികളോടുള്ള പക വീട്ടാനോ തന്റെ ഭരണകൂടം വികസിക്കണം എന്ന ന്യായത്തിലോ മാത്രം ഊന്നി നിന്നുകൊണ്ടുള്ള ഒരു സൈനിക നീക്കത്തെ ഇസ്‌ലാം മുന്നോട്ട് വെക്കുന്നില്ല. കൃത്യമായ ഒരു ആശയത്തെ ബോധ്യപ്പെടുത്താനും അതിൻ്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിൽ നിന്ന് മാറ്റിനിർത്താനും എല്ലാ വഴികളും അടഞ്ഞതിനു ശേഷം മാത്രമുള്ള ഒരു പ്രതിരോധമായിട്ടാണ് ഇസ്‌ലാം സൈനിക നീക്കത്തെയും യുദ്ധത്തെയും കാണുന്നത്.
    ഒരു രാജാവിൻ്റെ ഭരണകൂടം, ഒരു രാജ്യത്തിൻ്റെ അതിർത്തി വികാസം, ഒരു രാഷ്ട്രത്തിന്റെ ശക്തി പ്രകടനം, ഒരു ചെറിയ രാജ്യത്തെ വിഴുങ്ങാനുള്ള മോഹം, ഒരു രാജ്യത്തെ പ്രകൃതി വിഭവത്തെ അധീനപ്പെടുത്താനുള്ള ശ്രമം ഇങ്ങനെയുള്ളതൊന്നും ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സായുധ പ്രതിരോധത്തിന്റെ അജണ്ടകളേയല്ല. അതുകൊണ്ടുതന്നെ ഒരാശയ സംസ്ഥാപനത്തിന്റെ സത്യവും വ്യക്തവുമായ നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാണ് ഇസ്‌ലാം സായുധ സമരങ്ങളെ നിരീക്ഷിക്കുന്നതും ശത്രുക്കൾക്കും നീതി ഉണ്ടാകണമെന്ന് സൈദ്ധാന്തിക്കുന്നതും.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...