Tweet 1181

    Tweet 1181
    September 7, 2025 • Sunday
    Post Header

    ജയിച്ചടക്കിയ രാജ്യത്തെ ജനങ്ങളുടെ സ്വത്തുക്കൾ അവരുടെ അനുമതി ഇല്ലാതെയോ അവരിൽനിന്ന് വിലകൊടുത്ത് വാങ്ങാതെയോ ഉപയോഗിക്കാൻ പാടില്ല എന്ന കർശനമായ നിർദ്ദേശം തിരുനബിﷺയുടെ പാഠശാലയിൽ നിന്ന് നൽകിയിരുന്നു. സൈന്യത്തെ നിയോഗിക്കുന്ന സമയങ്ങളിൽ ഇത്തരം കാര്യങ്ങൾ സവിശേഷമായ പ്രാധാന്യത്തോടെ തന്നെ അബൂബക്കർ സിദ്ധീഖ്(റ) നിർദ്ദേശിച്ചതായി നമുക്ക് വായിക്കാൻ കഴിയും. സിവിലിയന്മാരുടെ ക്ഷേമത്തെയും അവരുടെ അവകാശ സംരക്ഷണത്തെയും മുൻനിർത്തിക്കൊണ്ടുള്ള എത്ര മനോഹരമായ ഒരു നടപടിയാനിത്. വർത്തമാനകാല സൈനിക ആക്രമണങ്ങൾ എത്രമേൽ മനുഷ്യാവകാശങ്ങളെയും പൊതുജന ക്ഷേമത്തെയുമാണ് ലംഘിച്ചുകൊണ്ടിരിക്കുന്നത്. ഖലീഫമാരുടെ നിർദ്ദേശം കേട്ട ജനങ്ങൾ, എത്തിച്ചേർന്ന രാജ്യത്തെ ജനങ്ങളുടെ സമ്മതമില്ലാതെ കറവപ്പശുക്കളുടെ പാലുപോലും ഉപയോഗിക്കുമായിരുന്നില്ല എന്നാണ് ചരിത്രം നമ്മോടു സംസാരിച്ചുകൊണ്ടിരിക്കുന്നത്.
    ശത്രുക്കളുടേതാണെങ്കിലും മൃതദേഹങ്ങളെ അപമാനിക്കുകയോ വികൃതമാക്കുകയോ ചെയ്യരുതെന്ന കണിശമായ നിർദ്ദേശം നൽകിയിരുന്നു. ഇസ്‌ലാം പ്രവേശത്തിന്റെ മുമ്പ് അറേബ്യൻ ജനതയ്ക്കിടയിൽ മൃതശരീരത്തെ വികൃതമാക്കുന്നതും അപമാനിക്കുന്നതും ഒരു നടപടിയായി തന്നെ നിലനിന്നിരുന്നു. ഇമാം ബുഖാരി(റ)യും അബൂദാവൂദും(റ) നിവേദനം ചെയ്യുന്ന ഹദീസുകളിൽ അത്തരം അപമാനങ്ങളെയും വികൃതമാക്കുന്നതിനേയും തിരുനബിﷺ വിലക്കിയ പ്രസ്താവനകൾ വന്നിട്ടുണ്ട്. തിരുനബിﷺയുടെ പിതൃ സഹോദരൻ ഹംസ(റ)യുടെ മൃതശരീരം ശത്രുക്കൾ വികൃതമാക്കിയതിനെ തുടർന്ന് ശത്രുക്കളോട് അതേപടിയിൽ പ്രതികരിക്കാൻ ചിലർ ആലോചിച്ചെങ്കിലും ഇസ്‌ലാം അതിനെ വിലക്കുകയാണ് ചെയ്തത്. എന്തിനും ഏതിനും പിന്നിൽ മാനവികമായ മൂല്യങ്ങളെയും ധാർമികതയെയും പരിരക്ഷിക്കാനും പരിപാലിക്കാനും തിരുനബിﷺയുടെ അധ്യാപനങ്ങൾ മുന്നേ നിന്നു എന്ന് ബോധ്യപ്പെടുത്തുന്ന സന്ദർഭങ്ങളാണിതെല്ലാം.
    അഹ്‌സാബ് യുദ്ധത്തെ തുടർന്നുണ്ടായ ഒരു സംഭവം ഇങ്ങനെ വായിക്കാം. ശത്രുപക്ഷത്തെ പ്രശസ്തനായ ഒരു യോദ്ധാവ് കൊല്ലപ്പെടുകയും മദീനയുടെ പ്രതിരോധത്തിനായി മുസ്‌ലീംകൾ കുഴിച്ച കിടങ്ങിൽ അദ്ദേഹത്തിന്റെ ശരീരം വീഴുകയും ചെയ്തു. അദ്ദേഹത്തിൻ്റെ മൃതശരീരം 10000 ദീനാറിനു പകരം അവിശ്വാസികൾക്ക് വിട്ടു നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. അപ്പോൾ തിരുനബിﷺയുടെ മറുപടി ഇപ്രകാരമായിരുന്നു. “ഞാൻ ശവശരീരങ്ങൾ വിൽക്കുന്നില്ല. നിങ്ങളുടെ വീണുപോയ സഖാവിന്റെ മൃതദേഹം നിങ്ങൾക്ക് കൊണ്ടുപോകാം.”
    എത്രമേൽ മാനവികമായ ഒരു വിചാരത്തെയും മൂല്യവത്തായ ഒരു ചിന്തയുമാണ് തിരുനബിﷺ ഇവിടെ പങ്കുവെച്ചത്. ശത്രുതയിൽ കഴിയുന്ന രാജ്യത്തോടും സമരമുഖത്ത് നിൽക്കുന്ന പോരാളികളോടും ശത്രു രാജ്യത്തെ സിവിലിയന്മാരോടും യുദ്ധസമയത്തും അല്ലാത്തപ്പോഴും ഉടമ്പടിയിൽ കഴിയുമ്പോഴും അല്ലാത്തപ്പോഴും കരാറുകളുടെ കാലത്തും അല്ലാതിരിക്കുമ്പോഴും ഇങ്ങനെ ഓരോ സന്ദർഭങ്ങളെയും സാഹചര്യങ്ങളെയും കൃത്യമായി അവലോകനം ചെയ്യുകയും ഓരോ സാഹചര്യത്തിനും അനുസൃതമായ നിയമ സമീപനങ്ങളെയും ഒരിടത്തും ലംഘിക്കപ്പെടാത്ത ധാർമികമായ അടിത്തറയെയും ഇസ്‌ലാം ദർശനം സ്ഥാപിച്ചെടുത്തിട്ടുണ്ട്. കേവലം ഉപരിപ്ലവാത്മകമായ നിയമങ്ങളെല്ലാം ഓരോന്നും വ്യവച്ഛേദിച്ചു മനസ്സിലാക്കുമ്പോൾ ക്ഷേമകരമായ സമീപനങ്ങളും നിർമാണപരമായ സമഗ്ര വിചാരങ്ങളുമാണ് ഇസ്‌ലാം സംസ്കൃതിയുടെ അടിത്തറ. ഇതിനെ കാണാതെ പോവുകയോ കണ്ടിട്ടും പരിഗണിക്കാതിരിക്കുകയോ ചെയ്തു ഇസ്‌ലാമിക സാങ്കേതിക സംജ്ഞകളെയും ക്ഷേമവിലാസങ്ങളെയും തെറ്റായി അവതരിപ്പിക്കുന്ന കേന്ദ്രങ്ങൾ ഇസ്‌ലാമിക ദർശനത്തിന്റെ അകവും അടരും അറിയാതെ പോവുകയാണ്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...