
സങ്കുചിതമായ വ്യക്തി വിചാരത്തിൽ നിന്ന് വിശാലമായ സാമൂഹിക ചിന്തയിലേക്ക് ജനങ്ങളെ എത്തിക്കുന്നതിനു വേണ്ടിയായിരുന്നു തിരുനബിﷺയുടെ ധർമസമരം അഥവാ ജിഹാദ്. നിങ്ങൾ ഒരു സമൂഹമാണെന്നും വിശ്വാസികൾ മുഴുവൻ ഒരു ശരീരത്തിൻ്റെ വ്യത്യസ്ത അവയവങ്ങളെ പോലെയാണെന്നും ഒരു അവയവത്തിന് രോഗം ബാധിച്ചാൽ ശരീരം മുഴുവനും ഉറക്കൊഴിയുന്നതുപോലെ ഒരു വ്യക്തിയുടെ പ്രയാസം സാമൂഹികമായി ഏറ്റെടുക്കണമെന്നും ചേർന്നു നിൽക്കുന്നതിന്റെ മനോഗതിയെ രൂപപ്പെടുത്തണമെന്നും അവിടുന്ന് പഠിപ്പിച്ചു. ഒരു കെട്ടിടത്തിന്റെ ഇഷ്ടികകൾ മുഴുവനും ചേർന്നു നിന്നുകൊണ്ട് പൊതുവായ ബലം രൂപപ്പെടുത്തുന്നത് പോലെ വ്യക്തികൾ പരസ്പരം ചേർന്നുനിന്ന് സമൂഹമാകുന്ന പൊതുഗാത്രത്തെ ശക്തിപ്പെടുത്തണമെന്നും തിരുനബിﷺ പഠിപ്പിച്ചു.
സാമൂഹികമായി ഒത്തു നിൽക്കുമ്പോൾ ഉള്ളവൻ ഇല്ലാത്തവന് നൽകാനും പരസ്പരം കൊടുക്കൽ വാങ്ങലുകൾ ശക്തിപ്പെടാനും അതുവഴി ഒരു പൊതുതാളം രൂപപ്പെടുത്താനും സാധിക്കുമെന്ന് തിരുനബിﷺ സൈദ്ധാന്തിച്ചു. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം. അബൂ സഈദ് അൽ ഖുദ്’രി(റ) പറഞ്ഞു. ഒരിക്കൽ ഞങ്ങൾ തിരുനബിﷺയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. അപ്പോഴതാ ഒരാൾ തന്റെ വാഹനത്തിൽ വന്ന് വലത്തോട്ടും ഇടത്തോട്ടും ഒക്കെ നോക്കുന്നു. അപ്പോൾ തിരുനബിﷺ അനുയായികളോടായി പറഞ്ഞു. നിങ്ങളുടെ ആരുടെയെങ്കിലും പക്കൽ ഒന്നിലധികം വാഹനമുണ്ടെങ്കിൽ വാഹനമില്ലാത്തവന് അത് നൽകട്ടെ! ഭക്ഷണം മിച്ചമുള്ളവർ ഇല്ലാത്തവർക്ക് നൽകട്ടെ! അങ്ങനെ പലതിനെക്കുറിച്ചും പരാമർശിച്ചപ്പോൾ നമ്മുടെ ആവശ്യത്തിലും അധികമുള്ളതൊന്നും നമുക്കുള്ളതല്ലെന്ന ബോധ്യം നമുക്കുണ്ടായി.
എത്ര വലിയ ഒരു വിചാരമാണ് ഇവിടെ പങ്കുവെച്ചത്. ഉള്ളവൻ ഇല്ലാത്തവനെ അറിയണം. സൂചനകളിൽ നിന്ന് വായിക്കണം. ആശ്രയമാകാൻ പറ്റുന്ന അത്രയും ആശ്രയമാവണം.
ആഘോഷ ദിവസങ്ങളിലെല്ലാം സവിശേഷമായ സാമൂഹിക ഇടപെടലുകൾ വിശ്വാസികൾക്കിടയിൽ നടപ്പിലാക്കി. ചെറിയപെരുന്നാളിന് നാട്ടിലെ മുഖ്യധാന്യത്തിന്റെ വ്യാപകമായ വിതരണവും വലിയ പെരുന്നാൾ ദിവസത്തോട് ചേർന്ന് ബലിയറുക്കപ്പെടുന്ന മാംസങ്ങളുടെ വിതരണവും വ്യവസ്ഥാപിതമായ സാമൂഹിക പ്രക്രിയകളായി നടപ്പിൽ വരുത്തി. മാംസവും മറ്റു ഭക്ഷണസാധനങ്ങളും ഒന്നും കരുതിവെക്കാതെ വിതരണം ചെയ്യാൻ സവിശേഷമായ ചില സാഹചര്യങ്ങളിൽ ദിവസങ്ങൾ എണ്ണി തന്നെ തിരുനബിﷺ പറഞ്ഞിട്ടുണ്ട്.
കേവലം സമ്പത്തോ വിഭവങ്ങളോ മാത്രമല്ല വിതരണം ചെയ്യേണ്ടത്. ഓരോ വ്യക്തിക്കും ഉള്ള ശേഷിയും വിഭവവും യോഗ്യതയും പദവികളും സ്ഥാനവും എല്ലാം മറ്റുള്ളവരുടെ ക്ഷേമത്തിനായി വിനിയോഗിക്കുന്നത് ദാനധർമങ്ങളുടെ ഗണത്തിൽ എണ്ണാമെന്ന ഒരു അടിസ്ഥാന സിദ്ധാന്തം കൂടിയുണ്ട്. അങ്ങനെ വരുമ്പോൾ സാന്നിധ്യം കൊണ്ടും വിചാരം കൊണ്ടും സമ്പത്തുകൊണ്ടും വിഭവങ്ങൾ കൊണ്ടും പരസ്പരം കൊണ്ടും കൊടുത്തും വാങ്ങിയും നൽകിയും കെട്ടുറപ്പുള്ള ഒരു സാമൂഹിക ഘടനയുടെ മനോഹരമായ ചിത്രം ആവിഷ്കരിക്കാൻ വേണ്ടിയായിരുന്നു തിരുനബിﷺയുടെ പരിശ്രമങ്ങൾ.
പരസ്പര ബന്ധങ്ങളോ ആധാനപ്രധാനങ്ങളിലെ മൂല്യങ്ങളോ കൽപ്പിക്കപ്പെടാത്ത ഒരു കാലത്ത് ബന്ധങ്ങളുടെയും കടപ്പാടുകളുടെയും അമൂല്യമായ വിചാരങ്ങളെ പങ്കുവെക്കാനുള്ള ഏറ്റവും ശ്രേഷ്ഠമായ അടിസ്ഥാന സമവാക്യങ്ങൾ പണ്ട് പണ്ടേ തിരുനബിﷺ പറഞ്ഞു വച്ചിട്ടുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
