Tweet 1177

    Tweet 1177
    September 3, 2025 • Wednesday
    Post Header

    ഇടപെടലിന്റെ രാഷ്ട്രീയം കൂടിയാണ് തിരുനബിﷺ മുന്നോട്ടുവച്ച ജിഹാദ്. രണ്ടു വ്യക്തികളോ കക്ഷികളോ തമ്മിൽ തർക്കത്തിലായാൽ നോക്കിനിൽക്കുന്ന രീതിയായിരുന്നില്ല തിരുനബിﷺ പഠിപ്പിച്ചത്. രണ്ടു കക്ഷികൾക്കിടയിൽ അനുരഞ്ജനത്തിനിറങ്ങുന്നത് പുണ്യകർമമായിട്ടാണ് തിരുനബിﷺ പഠിപ്പിച്ചത്. അനസുബ്നു മാലിക്(റ)വിൽ നിന്ന് പ്രസിദ്ധമായ ഒരു ഹദീസുണ്ട്. തിരുനബിﷺ പഠിപ്പിച്ചു. നിങ്ങളുടെ സഹോദരൻ അക്രമിയായാലും ആക്രമിക്കപ്പെട്ടവനായാലും നിങ്ങൾ അവനെ സഹായിക്കുക. ഉടനെ സ്വഹാബികൾ ചോദിച്ചു. ആക്രമിക്കപ്പെട്ടവനെ സഹായിക്കേണ്ടത് എങ്ങനെയെന്ന് മനസ്സിലായി. എന്നാൽ അക്രമിയെ എങ്ങനെയാണ് സഹായിക്കേണ്ടത്? അവനെ അക്രമത്തിൽ നിന്ന് തടഞ്ഞുനിർത്തുക എന്നത് തന്നെ. തിരുനബിﷺ നൽകിയ ഉത്തരം സ്വഹാബികളെ ആശ്ചര്യപ്പെടുത്തി.
    ഒരാൾ മറ്റൊരാളെ ആക്രമിക്കാൻ ഒരുങ്ങിയാൽ അയാളെ പിന്തിരിപ്പിക്കുകയും ഒരുപക്ഷേ ഒരാൾ ആക്രമിക്കപ്പെട്ടുവെന്നു വന്നാൽ അയാളെ രക്ഷിക്കുകയും ചെയ്യുക. ഇത് സാമൂഹികമായ വലിയ ഒരിടപെടലാണ്. പരിസരങ്ങളെ മുഴുവനും അന്യവൽക്കരിച്ച് അവനവൻ്റെ ലോകത്തേക്ക് മാത്രം ചുരുങ്ങുന്ന പുതിയ കാഴ്ചപ്പാടുകൾ വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ അപരനെ നിരീക്ഷിക്കാനും രക്ഷിക്കാനുമുള്ള സാമൂഹിക ഇടപെടലിന്റെ പര്യായമാണ് തിരുനബിﷺ മുന്നോട്ടുവച്ച ആത്മസമരം.
    ഇസ്‌ലാമിൽ ഏറ്റവും പുണ്യമുള്ള ആരാധനാകർമങ്ങളാണ് നിസ്കാരവും നോമ്പും. എന്നാൽ ഐച്ഛികമായ നോമ്പിനെക്കാളും നിസ്കാരത്തെക്കാളും സാമൂഹികമായ ബന്ധങ്ങൾ സ്ഥാപിക്കുന്നതിലും സമൂഹത്തിൽ അനുരഞ്ജനം ഉണ്ടാക്കുന്നതിലും മഹത്വമുണ്ടെന്ന അധ്യാപനം പകർന്നു നൽകാൻ തിരുനബിﷺക്ക് സാധിച്ചു. ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഈ ആശയം ഉൾക്കൊള്ളുന്നുണ്ട്.
    തർക്ക വിതർക്കങ്ങൾ പരിഹരിക്കാനും വ്യക്തികൾക്കും സമൂഹത്തിനും ഇടയിൽ യോജിപ്പുകൾ രൂപപ്പെടുത്താനും തിരുനബിﷺ തന്നെ നേരിട്ട് പോകുമായിരുന്നു. മദീനയിലെ ഔസ്, ഖസ്റജ് ഗോത്രങ്ങൾക്കിടയിൽ യോജിപ്പുണ്ടാക്കിയ അധ്യായം നാം നിരവധി വായിച്ചിട്ടുണ്ട്. അതിലുമപ്പുറം എത്രയോ ഗോത്രങ്ങൾക്കിടയിലേക്ക് തിരുനബിﷺ കടന്നു ചെല്ലുകയും അനുനയത്തിനുള്ള ശ്രമങ്ങൾക്ക് ആധ്യക്ഷം വഹിക്കുകയും ചെയ്തു.
    രണ്ടു രാഷ്ട്രങ്ങളോ സമൂഹങ്ങളോ യുദ്ധത്തിൽ ഏർപ്പെടുമ്പോൾ നിശബ്ദമായി നിൽക്കുന്ന പുതിയ ലോക ഘടന എത്ര മനുഷ്യരുടെ ജീവനാണ് ദിവസേന ഇല്ലായ്മ ചെയ്യുന്നത്. ആർജ്ജവത്തോടെ ഇടപെടാനും രക്തച്ചൊരിച്ചിൽ ഒഴിവാക്കാനും സമാധാനപരമായ സാമൂഹിക ഘടന രൂപപ്പെടുത്താനും പ്രവാചകൻﷺ പഠിപ്പിച്ചു. തിരുനബിﷺയുടെ ജീവിതത്തിൽ നല്ലൊരു സമയം അതിനുവേണ്ടി ചെലവഴിച്ചു.
    ഉറച്ച ശബ്ദത്തിൽ യുദ്ധം നിർത്തൂ എന്ന് പറയാൻ ഒരു ശക്തിയും ഇല്ലാത്തതുപോലെയാണ് ഇന്നത്തെ സാമൂഹിക പരിസരം നമ്മെ ബോധ്യപ്പെടുത്തുന്നത്.
    ഒരിക്കൽ ഖുബാഇലെ രണ്ടു ഗോത്രങ്ങൾക്കിടയിൽ തർക്കമുണ്ടായി. അവർ പരസ്പരം കല്ലെറിയാൻ തുടങ്ങി. രംഗം വഷളാകും എന്നറിഞ്ഞ തിരുനബിﷺ അനുയായികളെയും കൂട്ടി അവിടേക്ക് പോയി. തർക്കങ്ങൾ പരിഹരിക്കാനുള്ള ഇടപെടലുകൾ നടത്തി. ഇമാം ബുഖാരി(റ) തന്നെ ഈ സംഭവവും നിവേദനം ചെയ്യുന്നുണ്ട്.
    ബനൂ അംറ് ബിൻ ഔഫ് ഗോത്രത്തിലേക്ക് സമാധാന ശ്രമങ്ങളുമായി കടന്നുചെന്ന തിരുനബിﷺയേയും നമുക്ക് വായിക്കാൻ കഴിയും. ഇത്തരം സാമൂഹിക ഇടപെടലുകളെ ശരിയായ സമരമായി മുന്നോട്ടുവെക്കുമ്പോൾ ജിഹാദിനെ ന്യൂനവൽക്കരിച്ച് നിർമാണപരമായ ഇന്നലെകളെ അപകടകരമായി വായിപ്പിക്കുന്നത് ചരിത്രത്തോടു കാണിക്കുന്ന എത്ര വലിയ അസംബന്ധമാണ്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...