
തിരുനബിﷺയുടെ സവിശേഷമായ പ്രാർഥനകളിൽ അല്ലാഹുവിനോട് എണ്ണിപ്പറഞ്ഞ് കാവൽ തേടിയ വസ്തുക്കളും വസ്തുതകളുമുണ്ട്. ചില സംഭവങ്ങൾ, പ്രതിസന്ധികൾ, ജീവജാലങ്ങൾ, വിപത്തുകൾ ഇങ്ങനെ പല ഭാവത്തിലും പേരെടുത്തു പറഞ്ഞുകൊണ്ട് അല്ലാഹുവേ അതിൽ നിന്നൊക്കെ കാത്തുരക്ഷിക്കേണമേ എന്ന് അവിടുത്തെ പ്രാർഥനകളിലുണ്ടായിരുന്നു.
ഇബ്നു അബീ ശൈബ(റ) ഉദ്ധരിക്കുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു. തിരുനബിﷺ ഇങ്ങനെ പ്രാർഥിച്ചിരുന്നു. അല്ലാഹുവേ നിൻ്റെ പവിത്രവും പരിപൂർണ്ണവുമായ വചനങ്ങൾ മുൻനിർത്തി നിന്നോട് നിൻ്റെ കോപം, ശിക്ഷ, നിൻ്റെ അടിമകളിൽ നിന്നുള്ള തിന്മകൾ, പൈശാചിക ബോധനങ്ങൾ, അവയുടെ സാന്നിധ്യങ്ങൾ എന്നിവയിൽ നിന്ന് കാവൽ തേടുന്നു.
ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറയുന്നു. അല്ലാഹുവേ വിഘടന വിചാരങ്ങളിൽ നിന്നും കാപട്യത്തിൽ നിന്നും ദുസ്വഭാവം, താങ്ങാനാവാത്ത കാര്യങ്ങൾ എന്നിവയിൽ നിന്നെല്ലാം നിന്നോട് ഞാൻ കാവൽ തേടുന്നു.
മറ്റൊരു നിവേദനത്തിൽ. അന്ധത, ബധിരത, പാപങ്ങൾ, കടം, ഖബറിലെ വിപത്തുകൾ, കാര്യങ്ങളൊക്കെ നിയന്ത്രണരഹിതമാവുക, ദുർമരണങ്ങൾ, അപകടമരണങ്ങൾ, വഞ്ചിക്കുന്ന സ്വകാര്യത, സഹിക്കാനാവാത്ത വിശപ്പ്, ഇവയിൽ നിന്നെല്ലാം നീ കാവൽ നൽകേണമേ!
ഈ പ്രാർഥന വചനങ്ങൾ എല്ലാം കേവലം അല്ലാഹുവിൽ നിന്ന് കാവൽ തേടുന്ന വചനങ്ങൾക്കപ്പുറം മനുഷ്യൻ പ്രതീക്ഷിക്കേണ്ട വിപത്തുകളെ കുറിച്ചും ജാഗ്രത പാലിക്കേണ്ട അപകടങ്ങളെക്കുറിച്ചും എപ്പോഴും വന്നു ഭവിച്ചേക്കാം എന്ന് വിചാരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമുള്ള ഉൽബോധനങ്ങൾ കൂടിയാണ്. പ്രാർഥനകൾ കേവലം അല്ലാഹുവിനോടുള്ള അർഥനാ വചനങ്ങളിൽ മാത്രം ഒതുങ്ങുകയല്ല. സമഗ്രമായ ഒരുപാട് വിചാരങ്ങളെ കൂടിയാണ് പങ്കുവെക്കുന്നത്. ചൊല്ലിക്കൊണ്ടിരിക്കുന്ന വാചകങ്ങളുടെ ആശയങ്ങൾ ഹൃദയത്തോട് ചേർത്തു വെക്കുമ്പോൾ കാര്യബോധം ഉണർത്താൻ പറ്റുന്നതും നിസ്സാരത ബോധ്യപ്പെടുത്തുന്നതും ജാഗ്രത്തായിരിക്കേണ്ടതുമായ നിരവധി ഉള്ളടക്കങ്ങളെയാണ് തിരിച്ചറിയുന്നത്.
നരക ശിക്ഷയിൽ നിന്നും ഖബറിലെ വിപത്തിൽ നിന്നും നിരന്തരമായി തന്നെ തിരുനബിﷺ കാവൽ തേടുമായിരുന്നു. അല്ലാഹുവിൻ്റെ ശിക്ഷയുടെ ഭവനം നരകമാണെന്ന് ബോധ്യപ്പെടുത്തുകയും അതിലേക്ക് എത്തിച്ചേരുന്ന കാര്യങ്ങളൊന്നും ഉണ്ടാകാതിരിക്കണമെന്ന് നിരന്തരമായി ഓരോ ആത്മാവും ഉണർത്തി കൊണ്ടിരിക്കുകയും വേണം. വിനാശത്തിന്റെ വിലാസമായി അന്ത്യനാളിൽ പ്രത്യക്ഷപ്പെടുന്ന ദജ്ജാലിൽ നിന്ന് നിരന്തരമായി കാവൽ ചോദിച്ചു കൊണ്ടിരിക്കുക വിശ്വാസിയുടെ നിത്യ കർമങ്ങളുടെ ഭാഗമാണ്. അതും കേവലം ഒരു പ്രാർഥന എന്നതിനപ്പുറം ലോകത്ത് വന്നുഭവിക്കുന്ന ഏറ്റവും വലിയ ഒരു വിപത്താണ് എന്ന് നിരന്തരമായി ഓർമപ്പെടുത്തുന്ന ഒരു പ്രക്രിയ കൂടി അതിലുണ്ട്.
നരകത്തെക്കുറിച്ചും ദജ്ജാലിനെ കുറിച്ചുമൊക്കെ പറയുമ്പോൾ ശിക്ഷയ്ക്ക് ഹേതുകമായേക്കാവുന്ന പാപങ്ങളെ കുറിച്ചുള്ള ആത്മവികാരം നടക്കും. ഉടനെ പാപമോചനത്തിനു വേണ്ടിയുള്ള പ്രാർഥനയാണ് തിരുനബിﷺ തുടർന്ന് പറഞ്ഞു തരുക. അല്ലാഹുവേ ഞങ്ങളുടെ പാപങ്ങൾ നീ കഴുകിക്കളയേണമേ! വെള്ളവസ്ത്രം ശുദ്ധമാക്കപ്പെടുന്നതുപോലെ ഞങ്ങളെയും ഞങ്ങളുടെ ഹൃദയത്തെയും പാപത്തിൽ നിന്ന് ശുദ്ധമാക്കി തരേണമേ! ഞങ്ങൾ മാപ്പിരക്കുന്നത് നീ സ്വീകരിക്കേണമേ! ഞങ്ങളുടെ കേണപേക്ഷകളെ പരിഗണിക്കേണമേ! എന്നിങ്ങനെ നിരന്തരമായി അല്ലാഹുവിനോട് വിലയും തേടുന്ന പുണ്യനബിﷺയുടെ പ്രാർഥന മന്ത്രങ്ങളെ നിരവധി ഹദീസുകളിൽ നിന്ന് നമുക്ക് വായിക്കാനുണ്ട്. നമ്മുടെയും നിത്യജീവിതത്തിൽ അല്ലാഹുവിലേക്ക് ഹൃദയവും കൈകളും ഉയർത്തി വയ്ക്കുന്ന, പ്രതീക്ഷയോടെ നീട്ടിപ്പിടിക്കുന്ന പ്രാർഥനകളുണ്ടായിരിക്കണം.
