Tweet 1132

    Tweet 1132
    July 20, 2025 • Sunday
    Post Header

    തിരുനബിﷺയുടെ പ്രാർഥനകളിൽ അല്ലാഹുവിനോട് കാവൽ തേടുന്ന സവിശേഷമായ വാചകങ്ങളും ആശയങ്ങളുമുണ്ട്. ഇമാം ഇബ്നു അബീ ശൈബ(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. തിരുനബിﷺ ഇപ്രകാരം പ്രാർഥിക്കാറുണ്ടായിരുന്നു. ഉപകരിക്കാത്ത വിജ്ഞാനം, സ്വീകരിക്കപ്പെടാത്ത കർമങ്ങൾ, ഭയഭക്തി ഇല്ലാത്ത ഹൃദയം, സ്വീകരിക്കപ്പെടാത്ത പ്രാർഥന എന്നിവയിൽ നിന്ന് നിന്നോട് ഞാൻ കാവൽ തേടുന്നു അല്ലാഹുവേ!
    ഈ പ്രാർഥനാ വാചകങ്ങൾ കേവലം ഒരു പ്രാർഥന മാത്രമല്ല. മറിച്ച് വലിയ ചില സന്ദേശങ്ങൾ കൂടിയാണ്. കേവലം വിജ്ഞാനമുണ്ടായിട്ട് കാര്യമില്ല, ഉപകാരപ്രദമായ വിജ്ഞാനമുണ്ടാവണം. കുറെ കർമങ്ങൾ ചെയ്തിട്ടു കാര്യമില്ല, അവകൾക്ക് അല്ലാഹുവിൽ നിന്ന് സ്വീകാര്യത ലഭിക്കണം. കേവലം ഹൃദയമുണ്ടായിട്ട് കാര്യമില്ല, ഹൃദയത്തിൻ്റെ അധിപനായ അല്ലാഹുവിനെ കുറിച്ചുള്ള ഭയഭക്തി ഉണ്ടായിരിക്കണം. പ്രാർഥനകൾ അല്ലാഹു സ്വീകരിക്കുമ്പോള്‍ മാത്രമാണ് അതിനു മൂല്യമുണ്ടാകുന്നത്.
    ജീവിതത്തിലുടനീളം ഒരു വ്യക്തിയിൽ നന്മനിറക്കുന്ന മൂല്യങ്ങളാണല്ലോ ഈ പറഞ്ഞതെല്ലാം. വിജ്ഞാനം പ്രയോജനപ്രദമായതാകണമെങ്കിൽ പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ആവശ്യമായ ചിട്ടകളും മര്യാദകളും പാലിച്ചിരിക്കണം. കർമങ്ങൾ സ്വീകാര്യമാകണമെങ്കിൽ അതിന് ആവശ്യമായ ഘടകങ്ങൾ ഒത്തുചേരണം. ഹൃദയത്തിൽ ഭയഭക്തി ഉണ്ടാകണമെങ്കിൽ ഹൃദയത്തിനാവശ്യമായ വിഭവങ്ങളും വിചാരങ്ങളും നിരന്തരമായി നൽകിക്കൊണ്ടിരിക്കണം. പ്രാർഥനകൾ സ്വീകരിക്കപ്പെടണമെങ്കിൽ വ്യക്തിയുടെ വിശ്വാസവും ജീവിതവും സമീപനവും മനോഗതിയും എല്ലാം പ്രത്യേകമായ ഗുണങ്ങൾ നിറഞ്ഞതായിരിക്കണം.
    ഇങ്ങനെയൊക്കെ ആലോചിക്കുമ്പോൾ തിരുനബിﷺയുടെ പ്രാർഥനാ വചനങ്ങൾ പകർന്നു നൽകുന്ന ആശയലോകം വളരെ വലുതാണ്. അല്ലാഹുവോട് ഒരു കാര്യം പ്രാർഥിക്കുമ്പോൾ തന്നെ സ്വയം ഉണ്ടായിരിക്കേണ്ട വിചാരങ്ങൾ സ്വന്തം ഉണർത്തുകയും കൂടി ചെയ്യുന്നു. ഇത് അത്ഭുതകരമായ ഒരു മനശാസ്ത്ര ശിക്ഷണം കൂടിയാണ്.
    തിരുനബിﷺ പ്രത്യേകമായി കാവൽ തേടിയിരുന്ന മറ്റൊരു കാര്യമാണ് കടം. മഹതി ആഇശ(റ) നിവേദനം ചെയ്യുന്നു. വീടാനാവാത്ത കടത്തിൽ നിന്ന് തിരുനബിﷺ പ്രത്യേകം കാവൽ തേടുമായിരുന്നു.
    കടം വലിയ ബാധ്യതയും ഭാരവും അനിവാര്യമെങ്കിൽ മാത്രം സ്വീകരിക്കേണ്ട കാര്യവുമായിട്ടാണ് തിരുനബിﷺ പഠിപ്പിച്ചത്. വീടാൻ വഴി കാണാതെ കടം വാങ്ങരുതെന്നും അവധി എത്തിയാൽ കൃത്യമായി നൽകണമെന്നും തുടങ്ങി ഇടപാടുകൾ സംബന്ധമായി മാത്രം സമഗ്രമായ നിയമങ്ങൾ തിരുനബിﷺ നമുക്ക് പകർന്നു നൽകിയിട്ടുണ്ട്. ഒരു നല്ല വ്യക്തിയെ അളക്കാനുള്ള മാനവും മാനദണ്ഡവുമായി സാമ്പത്തിക വ്യവഹാരങ്ങളെ ഇസ്‌ലാം പ്രകാശിപ്പിക്കുന്നു. വിശുദ്ധനും സത്യസന്ധനുമായിരിക്കുക എന്നത് ഏറ്റവും മികച്ച ഗുണമായി മനുഷ്യകുലം മുഴുവനും കാണുന്നുണ്ടല്ലോ. വിശ്വസ്തതയുടെയും സത്യസന്ധതയുടെയും ഏറ്റവും മികച്ച ഉദാഹരണമാണല്ലോ തിരുനബിﷺ.
    അല്ലാഹുവിനോട് കാവൽ തേടുന്ന പ്രധാനപ്പെട്ട പ്രമേയങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് ഇമാം ഇബ്നു ഹിബ്ബാൻ(റ), അനസ് ബിൻ മാലികി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസ്. അദ്ദേഹം പറയുന്നു. തിരുനബിﷺ ഇപ്രകാരം പ്രാർഥിക്കാറുണ്ടായിരുന്നു. ദുഃഖത്തിൽ നിന്നും മനപ്രയാസത്തിൽ നിന്നും അശുദ്ധിയിൽ നിന്നും അലസതയിൽ നിന്നും പിശുക്കിൽ നിന്നും ഭീരുത്വത്തിൽ നിന്നും വീടാനാവാത്ത കടത്തിൽ നിന്നും മറ്റുള്ളവരുടെ മുമ്പിൽ നിസ്സാരനും ഇളിഭ്യനും ആവുന്നതിൽ നിന്നും അല്ലാഹുവേ നിന്നോട് ഞാൻ കാവൽ തേടുന്നു.
    ഈ പ്രാർഥനാ വാചകങ്ങളും ഒരുപാട് ആത്മീയ സാരങ്ങളെയും കരുതലുകളെയും ഉൾക്കൊള്ളുന്നുണ്ട്. സ്വയമായി സൂക്ഷിക്കേണ്ടതും വന്നുഭവിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും വ്യവഹാരങ്ങളിൽ പാലിക്കേണ്ടതും സ്വയമായി വികസിപ്പിച്ചെടുക്കേണ്ടതും എന്ന് തുടങ്ങി മനുഷ്യൻ ശ്രദ്ധയോടെ പരിഗണിക്കേണ്ട നിരവധി പ്രമേയങ്ങൾ കുറഞ്ഞ വാചകങ്ങളിൽ ഈ പ്രാർഥന വചനങ്ങൾ ഉൾക്കൊള്ളുന്നുണ്ട്.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...