Tweet 1093

    Tweet 1093
    June 11, 2025 • Wednesday
    Post Header

    ഇസ്‌ലാമിക പ്രബോധനത്തിനു വേണ്ടി വിവിധ രാജ്യങ്ങളിലേക്ക് സ്വഹാബികളെ നിയോഗിക്കുമ്പോൾ ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളിൽ പ്രാധാന്യത്തോടുകൂടി ദാനധർമത്തെ പരിചയപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നു. നിർബന്ധ ദാനത്തെ നിർബന്ധമായും പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യത്തെ മഹത്വപ്പെടുത്തിയും പറയാൻ അവരെ ഉദ്ബോധിപ്പിച്ചു. ഇബ്നു അബ്ബാസ്(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ മുആദി(റ)നെ യമനിലേക്ക് നിയോഗിച്ചു. അപ്പോൾ അദ്ദേഹത്തോട് പറഞ്ഞു. വേദക്കാരിൽ നിന്നുള്ള ഒരു ജനതയെയാണ് നിങ്ങൾ അഭിമുഖീകരിക്കാൻ പോകുന്നത്. അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന പ്രമേയത്തിലേക്കാണ് ആദ്യം അവരെ ക്ഷണിക്കേണ്ടത്. അല്ലാഹുവിനെ അവർക്ക് പരിചയപ്പെടുത്തുക. അഞ്ചുനേരത്തെ നിസ്കാരത്തെ കുറിച്ച് അവർക്ക് ഉൽബോധനം നൽകുക. അഥവാ സ്വീകരിക്കുന്ന പക്ഷം നിർബന്ധമായ സക്കാത്തിനെ കുറിച്ച് അവർക്ക് അവബോധം നൽകുക. സമ്പന്നരിൽ നിന്നും സ്വീകരിച്ച് പാവപ്പെട്ടവർക്ക് നൽകുന്ന സക്കാത്തിനെ കുറിച്ച് അവരോട് പറയുക. അവര് അംഗീകരിക്കുന്നപക്ഷം അവരിൽ നിന്ന് സക്കാത്തിന്റെ സ്വത്ത് സ്വീകരിക്കുക. അവർ ഇണക്കി പോറ്റുന്ന പ്രധാന വളർത്തുമൃഗങ്ങളെ അവർക്ക് തന്നെ നൽകുക. അക്കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. അക്രമിക്കപ്പെടുന്നവന്റെ പ്രാർഥനയെ പ്രത്യേകം നിങ്ങൾ ശ്രദ്ധിക്കുക. അവരുടെ പ്രാർഥനയുടെയും അല്ലാഹുവിന്റെയും ഇടയിൽ മറകളില്ല.
    ഏറ്റവും നീതിനിഷ്ടമായ ഒരു ഭരണ വ്യവസ്ഥിതിയുടെ ഭാഗമായി ഭരണീയരിൽ നിന്ന് സക്കാത്ത് ശേഖരിക്കാൻ ഗവർണർമാർക്ക് നൽകുന്ന നിർദ്ദേശം കൂടിയാണിത്. ആരോടും എപ്പോഴും പൂർണമായ നീതിയും നിഷ്ഠയും പാലിച്ചു കൊള്ളണം എന്ന നിർബന്ധം തിരുനബിﷺ പ്രത്യേകം പഠിപ്പിക്കുകയാണ്.
    ഒരു വർഷത്തെ സക്കാത്ത് മുടങ്ങിയപ്പോൾ രണ്ടാമത്തെ വർഷം രണ്ടു വർഷത്തെയും സക്കാത്ത് ഒരുമിച്ച് സ്വീകരിക്കാൻ ദ്രുതഗതിയിൽ നടപടിയെടുക്കണമെന്ന് തിരുനബിﷺ നിർദേശിച്ചതും ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്തിട്ടുണ്ട്.
    സക്കാത്ത് സമ്പ്രദായം സ്വയം പര്യാപ്തമായ ഒരു സമൂഹത്തെ രൂപപ്പെടുത്താൻ ഏറ്റവും ഫലപ്രദമായ സാമ്പത്തിക രീതിയാണെന്ന് പ്രായോഗികമായി തന്നെ ഇസ്‌ലാം തെളിയിച്ചിട്ടുണ്ട്. നിശ്ചിത സമ്പത്ത് ഉടമസ്ഥതയിലുള്ളയാൾ നിർദ്ദേശിക്കപ്പെട്ട വിഹിതം നിർബന്ധമായും പാവപ്പെട്ടവർക്ക് വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നൽകണമെന്നാണ് മതത്തിന്റെ നിർദ്ദേശം. സക്കാത്ത് സ്വീകരിച്ചിരുന്നവർ കാലക്രമേണ സക്കാത്ത് നൽകാൻ മാത്രം സാമ്പത്തികമായി ഉയർന്ന സാമൂഹിക അവസ്ഥയാണ് ഇസ്‌ലാം ലോകത്തിന്റെ മുമ്പിൽ സമർപ്പിച്ചത്. സമാനമായ മറ്റേതെങ്കിലും ഒരു വ്യവസ്ഥിതി ദാനം കൊടുക്കാനും ദാനം സ്വീകരിച്ചവരെ സ്വയംപര്യാപ്തരാക്കാനും ലോകത്ത് നടപ്പിലാക്കിയതോ വിജയിപ്പിച്ചതോ ഉദാഹരണത്തിന് പോലും വായിക്കാനില്ല എന്നത് ഒരാഗോള സാമ്പത്തിക യാഥാർത്ഥ്യമാണ്.
    സക്കാത്ത് സമാഹരണത്തിന് ഭരണകൂടത്തിനുള്ള അധികാരം ഉപയോഗിക്കുമ്പോഴും ഏൽപ്പിക്കപ്പെടുന്ന ഉദ്യോഗസ്ഥന്മാർ കൃത്യമായ നീതിയിലും ചിട്ടയിലും അത് നിർവഹിക്കണമെന്ന കണിശമായ നിർദ്ദേശം തിരുനബിﷺ നൽകിയിരുന്നു. സക്കാത്ത് നൽകുന്ന ആളുകളോട് പെരുമാറുന്ന രീതിയിലും വസ്തുവകകൾ സ്വീകരിക്കുന്ന മാനദണ്ഡങ്ങളിലും കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിലും കണിശമായ നിബന്ധനകൾ തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ട്. വ്യക്തി താൽപര്യങ്ങളോ സ്വകാര്യ താൽപര്യങ്ങളോ അതിൽ കടന്നു വരരുതെന്നും പൂഴ്ത്തിവെപ്പോ അപഹരണമോ ഒരിക്കലുമുണ്ടാകരുതെന്നും കൃത്യമായി തിരുനബിﷺ ഉൽബോധിപ്പിച്ചു.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...