
തിരുനബിﷺയുടെ ദാനധർമങ്ങളുമായി ബന്ധപ്പെട്ട അധ്യായമാണ് നമുക്കിനി വായിക്കാനുള്ളത്. നിശ്ചിത സാമ്പത്തിക നിലവാരമുള്ളവർ നിർദ്ദിഷ്ടവിഹിതം പാവപ്പെട്ടവർക്കും ആവശ്യക്കാർക്കും നൽകണമെന്ന നിർബന്ധ കൽപ്പന ഇസ്ലാമിലുണ്ട്. ഇസ്‌ലാമിക ഭരണകൂടം നിലനിൽക്കുന്ന സ്ഥലങ്ങളിൽ പ്രത്യക്ഷ സമ്പാദ്യത്തിന്റെ നിർബന്ധദാനം സമാഹരിക്കാനും വിതരണം ചെയ്യാനും ഭരണസംവിധാനത്തിൽ തന്നെ ക്രമീകരണങ്ങളും ഉദ്യോഗസ്ഥരുമുണ്ടാകും.
ഏത് സാഹചര്യത്തിൽ ജീവിക്കുന്ന വിശ്വാസിയും അവന് നിർദ്ദേശിക്കപ്പെട്ട നിർബന്ധദാനം അവകാശികൾക്ക് നൽകൽ നിർബന്ധമാണ്. തിരുനബിﷺയുടെ ജീവിതത്തിൽ ഏൽപ്പിക്കപ്പെട്ട വസ്തുക്കൾ കൃത്യമായി കൈമാറ്റം ചെയ്തതും, അതിൽ സവിശേഷമായ ജാഗ്രത പുലർത്തിയതും വിശദമായിത്തന്നെ നമുക്ക് വായിക്കാനുണ്ട്. അതിനുപുറമേ അവിടുന്ന് നേരിട്ട് തന്നെ നൽകിയ ദാനധർമങ്ങൾ തുല്യതയില്ലാത്തതായിരുന്നു. രാവിലെ ലഭിച്ചത് മുഴുവൻ വൈകുന്നേരം ആയപ്പോഴേക്കും അനുഭാവപൂർവ്വം മറ്റുള്ളവർക്ക് നൽകിയ ദിനങ്ങളും നബി ജീവിതത്തിലുണ്ട്.
പാവങ്ങൾക്ക് നൽകാൻ ഏൽപ്പിക്കപ്പെട്ടതോ അർഹതപ്പെട്ടവർക്ക് എത്തിക്കാനുള്ളതോ കൈവശമുണ്ടായാൽ അത് കൈമാറുന്നത് വരെ തിരുനബിﷺക്കു സമാധാനമുണ്ടാവില്ല. ഉക്ബത് ബിൻ ഹാരിസി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ഒരു ദിവസം അസ്ർ നിസ്കരിച്ച ഉടനെ ധൃതിയിൽ തന്നെ തിരുനബിﷺ വീട്ടിലേക്ക് പോയി. പെട്ടെന്നുതന്നെ തിരിച്ചുവരികയും ചെയ്തു. എന്നിട്ട് നബിﷺ ഇങ്ങനെ പറഞ്ഞു. സ്വദഖയുടെ ഒരു സ്വർണക്കട്ടി എൻ്റെ വീട്ടിലുണ്ടായിരുന്നു. ഒരു ദിവസമെങ്കിലും അതെന്റെ വീട്ടിലുണ്ടാകുന്നത് ഞാൻ ഇഷ്ടപ്പെട്ടില്ല. വേഗം തന്നെ ഞാനത് വിഹിതം വെച്ചു നൽകി.
അനസുബ്നു മാലിക്(റ) പറയുന്നു. ഒരു പ്രഭാതത്തിൽ ഞാൻ നബിﷺയുടെ അടുത്തേക്ക് ചെന്നു. അബൂ ത്വൽഹ(റ)യുടെ മകൻ അബ്ദുല്ലാ(റ)ക്ക് മധുരം തൊട്ടുകൊടുക്കാൻ വേണ്ടിയാണ് ഞാൻ ചെന്നത്. അപ്പോൾ നബിﷺയുടെ കയ്യിൽ സ്വദഖയുടെ ഒട്ടകത്തിന് അടയാളം വെക്കുന്നതിനുവേണ്ടിയുള്ള ഉപകരണം കാണാൻ കഴിഞ്ഞു.
മറ്റു ഒട്ടകങ്ങളുമായി കൂടിക്കലരാതെ സ്വദഖ കൊടുക്കാനുള്ള ഒട്ടകങ്ങളെ പ്രത്യേകം സംരക്ഷിക്കുന്നതിന്റെയും പരിഗണിക്കുന്നതിന്റെയും ഭാഗമായിരുന്നു അത്.
സക്കാത്ത് സമാഹരിക്കാൻ നിയോഗിക്കുന്ന ഗവർണർമാരോടും ഉദ്യോഗസ്ഥന്മാരോടും മറ്റുള്ളവരുടെ അവകാശങ്ങൾ കൈവശപ്പെടുത്താതിരിക്കാനും സക്കാത്തിന്റെ സ്വത്തിൽ നിന്ന് അല്പംപോലും സ്വകാര്യവൽക്കരിക്കപ്പെട്ടു പോകാതിരിക്കാനും ഗൗരവപൂർവം ഉണർത്തിയിരുന്നു. നാളെ പരലോകത്ത് വരുമ്പോൾ ഒട്ടകത്തെയോ ആടിനെയോ മാടിനെയോ ചുമന്നു കൊണ്ടുവരേണ്ട ഗതികേടുണ്ടാവരുത് എന്ന് ഗൗരവപൂർവ്വം തിരുനബിﷺ ഉണർത്തുമായിരുന്നു.
ശമ്പളം സ്വീകരിക്കുന്നതിന് അനുവദിക്കപ്പെട്ട സ്വത്തുകൾ ഉപയോഗിക്കുന്നതിനും തിരുനബിﷺ വിലക്കിയില്ല. എന്നാൽ, പൊതുസ്വത്തിൽ നിന്നോ ഏൽപ്പിക്കപ്പെട്ട സക്കാത്തിന്റെ വിഹിതത്തിൽ നിന്നോ ഒരു പൊടി പോലും കൈവശപ്പെട്ടു പോകരുത് എന്ന് നിരന്തരമായി ഗവർണർമാരെ ഉണർത്തുമായിരുന്നു. ദാനധർമങ്ങളിൽ ആവേശപൂർവം മുന്നിൽ നിൽക്കുന്നതിനൊപ്പം പണക്കാരിൽ നിന്ന് പാവപ്പെട്ടവർക്ക് വിഹിതമായി ലഭിക്കേണ്ട സ്വത്തു വകകളിൽ ഒന്നും വിതരണം ചെയ്യാൻ ഏൽപ്പിക്കപ്പെടുന്നവരുടെ പക്കൽ നിന്ന് അന്യാധീനപ്പെട്ടു പോകരുതെന്ന് തിരുനബിﷺക്ക് നിർബന്ധമുണ്ടായിരുന്നു.
