
ദാനധർമങ്ങൾ ചെയ്യുന്നവരെ തിരുനബിﷺ പ്രത്യേകം പ്രശംസിക്കുകയും സക്കാത്തിന്റെ സ്വത്ത് സ്വീകരിക്കുമ്പോൾ നൽകുന്നവരുടെ പുരോഗതിക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തിരുന്നു. ജരീർ ബിൻ അബ്ദുല്ല(റ)യിൽ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. സക്കാത്ത് സ്വത്തുമായി നിങ്ങളെ സമീപിക്കുന്നയാൾ സംതൃപ്തിയോടുകൂടി നിങ്ങളിൽ നിന്ന് മടങ്ങട്ടെ.
അബൂഹുറൈറ(റ)യിൽ നിന്ന് ഇബ്നുമാജ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. നിങ്ങളുടെ പക്കൽ സക്കാത്ത് നൽകേണ്ടവർ സക്കാത്ത് നൽകിയിരിക്കുന്നു. അപ്പോൾ നിങ്ങൾ അതിന്റെ പ്രതിഫലം മറന്നു പോകരുത്. നിങ്ങൾ പറയണം. അല്ലാഹുവേ ഇത് ഐശ്വര്യമാക്കേണമേ! ബാധ്യത ആക്കരുതതേ!
സക്കാത്ത് കൃത്യമായി നൽകുന്നവന്റെ സമ്പത്ത് പുരോഗമിക്കണമെന്ന് ആഗ്രഹിക്കുകയും അവന്റെ വളർച്ചയ്ക്ക് വേണ്ടി പ്രത്യേകം പ്രാർഥിക്കുകയും വേണം. സക്കാത്ത് നൽകുന്നവന്റെ സമ്പാദ്യം നഷ്ടത്തിലും കഷ്ടത്തിലുമായി പോകരുതെന്ന് പ്രത്യേകം ആഗ്രഹിക്കുകയും കാവൽ ചോദിച്ചു കൊണ്ട് പ്രാർഥിക്കുകയും വേണം.
ഒരു വിശ്വാസി മതപരമായ നിർബന്ധമാണ് സക്കാത്ത് ദാനത്തിലൂടെ നിർവഹിക്കുന്നതെങ്കിലും എത്ര മനശാസ്ത്രപരമായിട്ടാണ് അത് സ്വീകരിക്കുകയും അവൻ്റെ കൂടുതൽ വളർച്ചയ്ക്ക് വേണ്ടി പ്രോത്സാഹിപ്പിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നത്. ഇസ്‌ലാമിലെ ഓരോ നടപടിക്രമങ്ങൾക്കും സൗന്ദര്യപൂർണ്ണമായ ഒരു ഭാവമുണ്ട്. ഇവിടെ ഇപ്രകാരമാണ് അത് നാം വായിച്ചു കൊണ്ടിരിക്കുന്നത്.
അബ്ദുല്ല ബിൻ അബൂ ഔഫ്(റ) പറയുന്നു. തിരുനബിﷺയുടെ അടുക്കലേക്ക് സക്കാത്തുമായി ഓരോരുത്തർ വരുമ്പോഴും, അവർക്ക് വേണ്ടി എല്ലാം പ്രത്യേകം പ്രത്യേകം അവിടുന്ന് പ്രാർഥിച്ചു. അല്ലാഹുവേ ഇദ്ദേഹത്തിന്റെ കുടുംബത്തിനു നീ അനുഗ്രഹം ചൊരിയേണമേ എന്നായിരുന്നു പ്രാർഥനയുടെ ആശയം. എൻ്റെ പിതാവ് അപ്പോൾ സക്കാത്തുമായി നബിﷺയുടെ അടുക്കൽ വന്നു. തിരുനബിﷺ ഇങ്ങനെ പ്രാർഥിച്ചു. അല്ലാഹുവേ അബൂ ഔഫ്(റ)ന്റെ കുടുംബത്തിന് നീ അനുഗ്രഹം ചൊരിയണമേ.
വാഇൽ ബിൻ ഹുജറി(റ)ൽ നിന്ന് ഇമാം നസാഈ(റ) നിവേദനം ചെയ്യുന്നു. സക്കാത്ത് സമാഹരിക്കുന്ന ഉദ്യോഗസ്ഥനെ തിരുനബിﷺ ഒരാളുടെ അടുക്കലേക്ക് വിട്ടു. തൻ്റെ സമ്പത്തിൽ നിന്ന് ന്യൂനതയുള്ളതിനെ കൊടുത്തു. അപ്പോൾ തിരുനബിﷺ പറഞ്ഞു. അല്ലാഹുവിന്റെയും റസൂലിﷺനെയും മാർഗത്തിലേക്ക് നിർബന്ധ ദാനം സ്വീകരിക്കാനാണ് നാം ആളെ അയച്ചത്. അതാ ഒരാൾ തന്റെ സമ്പാദ്യത്തിൽ നിന്ന് മോശപ്പെട്ടതിനെ അഥവാ ക്ഷീണിച്ച മൃഗത്തെ കൊടുത്തിരിക്കുന്നു. അദ്ദേഹത്തിൻ്റെ സ്വത്തിൽ ഐശ്വര്യം ഇല്ലാതിരിക്കട്ടെ! അദ്ദേഹത്തിൻ്റെ ഒട്ടകത്തിലും!
ഈ വിവരം അദ്ദേഹം അറിഞ്ഞു. ഉടനെ അദ്ദേഹം ലക്ഷണമൊത്ത ഒരു ഒട്ടകവുമായി നബിﷺയുടെ അടുക്കൽ വന്നു. ഞാൻ അല്ലാഹുവിനോടും റസൂലിﷺനോടും പശ്ചാത്തപിച്ചു മടങ്ങുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഉടനെ അദ്ദേഹത്തിനു വേണ്ടി തിരുനബിﷺ പ്രാർഥിച്ചു. അല്ലാഹുവേ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സ്വത്തിനും നീ അനുഗ്രഹങ്ങൾ ചൊരിയേണമേ!
കൃത്യമായ ദാനധർമങ്ങൾ നിർവഹിക്കേണ്ടത് ഓരോ സമ്പന്നന്റെയും ബാധ്യതയാണ്. അല്ലാത്തപക്ഷം അദ്ദേഹത്തിൻ്റെ സമ്പത്ത് തന്നെ മലിനമായിപ്പോകും. അഥവാ പാവപ്പെട്ടവരുടെ അവകാശം കൂടി കലർന്നു പവിത്രത ഇല്ലായ്മ ചെയ്യപ്പെടും. ചിലപ്പോൾ പ്രോത്സാഹനവും ചിലപ്പോൾ താക്കീതും എന്നത് പ്രബോധനത്തിന്റെയും ബോധവൽക്കരണത്തിന്റെയും രണ്ടു മാർഗ്ഗങ്ങളാണ്. ഏതൊരു ഗവൺമെന്റ് വ്യവസ്ഥിതിയും അങ്ങനെയാണ്, പ്രമോഷനും ശിക്ഷയും പ്രഖ്യാപിക്കും. ടാക്സ് എടുക്കാത്തവർക്ക് ഫൈൻ നൽകുകയും, കൂടുതൽ ഗുരുതരമാകുന്ന പക്ഷം അവരുടെ ക്രയവിക്രയങ്ങൾ മരവിപ്പിക്കപ്പെടുകയും ചെയ്യും. ഇതെല്ലാം ഒരു വ്യവസ്ഥിതിയുടെ പ്രയോഗവൽക്കരണത്തിന് ആവശ്യമാണ്.
മഹതി ജംറാഅ്(റ) പറയുന്നു. ഞാൻ സക്കാത്തിന്റെ സ്വത്തുമായി നബിﷺയെ സമീപിച്ചു. അവിടുന്ന് പ്രത്യേകം പ്രശംസിക്കുകയും എനിക്ക് ക്ഷേമത്തിനു വേണ്ടി പ്രാർഥിച്ചു തരികയും ചെയ്തു.
