
ഖബർ സന്ദർശനത്തെക്കുറിച്ച് നബി ജീവിതത്തിൽ നിന്നുള്ള ചില അധ്യായങ്ങളാണ് നാം വായിക്കുന്നത്. ഇമാം അഹ്മദ്(റ), മുസ്‌ലിം(റ), അബുദാവൂദ്(റ) തുടങ്ങി പ്രമുഖരെല്ലാം നിവേദനം ചെയ്യുന്നു. ബുറൈദ(റ) പറഞ്ഞു. തിരുനബിﷺ അരുൾ ചെയ്തു. ഖബർ സന്ദർശനം മുമ്പ് ഞാൻ വിലക്കിയിരുന്നു. മുഹമ്മദ് നബിﷺക്ക് മാതാവിനെ സന്ദർശിക്കാൻ അല്ലാഹു അനുമതി തന്നിരിക്കുന്നു. നിങ്ങൾ ഖബർ സന്ദർശിച്ചോളൂ. നിശ്ചയമായും അത് പരലോക സ്മരണ നൽകും.
ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഖബർ സന്ദർശനം തിരുനബിﷺ വിലക്കിയിരുന്നു. പിന്നീട് സന്ദർശനാനുമതി തിരുനബിﷺ തന്നെ നൽകി. അതുവഴി ലഭിക്കുന്ന ആത്മീയമായ ഒരു നേട്ടത്തെയും മേൽ ഹദീസിൽ പ്രസ്താവിച്ചു.
ഇമാം അഹ്മദ്(റ) തന്നെ അനസുബ്നു മാലികി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിൽ ഇങ്ങനെ വായിക്കാം. തിരുനബിﷺ പറഞ്ഞു. ഖബർ സന്ദർശനം മുമ്പ് ഞാൻ വിലക്കിയിരുന്നു. പിന്നെ എനിക്ക് ബോധ്യമായി, ഖബർ സന്ദർശനം ഹൃദയങ്ങളെ ആർദ്രമാക്കുകയും നേത്രങ്ങളെ സജലമാക്കുകയും ചെയ്യുമെന്ന്. അതുകൊണ്ട് നിങ്ങൾ ഖബർ സന്ദർശിച്ചോളൂ. ഖബറിങ്ങൽ വച്ച് മോശമായ വർത്തമാനങ്ങൾ പറയരുത്.
ആദ്യകാലത്ത് ഖബർ സന്ദർശനം വിരോധിക്കാൻ ചില കാരണങ്ങളുണ്ട്. ഇസ്‌ലാമിക മര്യാദകളും തൗഹീദിന്റെ വിചാരങ്ങളുമില്ലാത്ത ജാഹിലിയ്യാ കാലത്ത് ഖബറുകളെ ആരാധിക്കുകയും മതപരമായി നിരക്കാത്ത വിധത്തിൽ ഖബറുകളെ സമീപിക്കുകയും ചെയ്യുന്ന രീതിയുണ്ടായിരുന്നു. സമാനമായത് തുടരാതിരിക്കാൻ വേണ്ടിയുള്ള ഒരു കരുതലായിരുന്നു ആദ്യകാലത്തെ വിരോധം.
ജനങ്ങൾക്ക് കാര്യം ബോധ്യപ്പെടുകയും തൗഹീദിന്റെ അടിസ്ഥാനങ്ങൾ പഠിക്കുകയും ചെയ്തതിൽ പിന്നെ വിശ്വാസികളിൽനിന്ന് അത്തരം ഒരു സമീപനം ഉണ്ടാവുകയില്ലെന്ന് തിരുനബിﷺക്ക് ബോധ്യമായി. തുടർന്ന് കൃത്യമായ ന്യായങ്ങൾ വിശദീകരിച്ചുകൊണ്ട് തിരുനബിﷺ സന്ദർശനാനുമതി നൽകി.
ഇമാം മുസ്‌ലിം(റ), അബൂദാവൂദ്(റ), നസാഈ(റ) തുടങ്ങിയവർ അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ അവിടുത്തെ മാതാവിന്റെ ഖബർ സന്ദർശിച്ചു. അവിടുന്ന് കരയുകയും അതുകണ്ട് കൂടെയുള്ളവരും കരഞ്ഞു. തുടർന്ന് തിരുനബിﷺ ഇങ്ങനെ പറഞ്ഞു. എൻ്റെ ഉമ്മയ്ക്ക് വേണ്ടി പാപമോചനം തേടാൻ അല്ലാഹുവിനോട് ഞാൻ സമ്മതം ചോദിച്ചു. അതു ലഭിച്ചില്ല. ഖബർ സന്ദർശിക്കാൻ ഞാൻ സമ്മതം ചോദിച്ചു. സമ്മതം ലഭിച്ചു. നിങ്ങൾ ഖബറുകൾ സന്ദർശിക്കുക. അത് മരണ സ്മരണ നൽകും.
പാപമോചനം തേടാൻ സമ്മതം ചോദിച്ചു എന്ന പരാമർശം മുന്നിൽ വച്ചുകൊണ്ട് തിരുനബിﷺയുടെ മാതാവ് സ്വർഗ്ഗസ്ഥ ആവുകയില്ല എന്ന് വാദിക്കുന്ന ചിലരുണ്ട്. അത് ശരിയല്ല. തിരുനബിﷺയുടെ മാതാപിതാക്കൾ പവിത്രതയുള്ളവരും നാളെ സ്വർഗ്ഗസ്ഥരുമാണ് എന്ന് വേണ്ടത്ര പ്രമാണങ്ങളോടെ തൽസംബന്ധമായ അധ്യായത്തിൽ നാം വിശദീകരിച്ചു പോയിട്ടുണ്ട്. പവിത്രതയുടെയും പരിശുദ്ധിയുടെയും സുപ്രധാനമായ അടിസ്ഥാനം സത്യവിശ്വാസിയായിരിക്കുക എന്നതു തന്നെയാണല്ലോ.
ത്വൽഹത് ബിൻ ഉബൈദില്ല(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ), അബൂ ദാവൂദ്(റ) തുടങ്ങിയവർ നിവേദനം ചെയ്യുന്നു. ശുഹദാക്കളുടെ ഖബർ ലക്ഷ്യം വെച്ചുകൊണ്ട് ഞങ്ങൾ തിരുനബിﷺയോടൊപ്പം പുറപ്പെട്ടു. മദീനയുടെ കിഴക്കേ അതിർത്തിയിലെ വാഖിം കരിങ്കൽ പ്രദേശത്തെത്തി. അതാ ചെരുവിൽ കുറച്ചു ഖബറുകൾ. അപ്പോൾ ഞാൻ പറഞ്ഞു. ഇതാ നമ്മുടെ സഹോദരങ്ങളുടെ ഖബറുകൾ. ഇത് നമ്മുടെ സ്വഹാബികളുടെ ഖബറാണ്, നബിﷺ പ്രതികരിച്ചു. ശുഹദാക്കളുടെ ഖബറിന്റെ അടുക്കലെത്തിയപ്പോൾ ഞങ്ങൾ പറഞ്ഞു. ഇതാ ശുഹദാക്കളുടെ ഖബർ. അപ്പോൾ തിരുനബിﷺ പറഞ്ഞു. ഇത് നമ്മുടെ സഹോദരങ്ങളുടെ ഖബറാണ്.
