
ഖബറടക്കിയതിനുശേഷം ഖബറിന്റെയടുക്കൽ പോയി നിസ്കരിച്ചത് സംബന്ധിച്ച ഒരു നിവേദനം കൂടി നമുക്ക് വായിക്കാം. ഇമാം നസാഈ(റ) നിവേദനം ചെയ്യുന്നു. യസീദ് ബിന്‍ സാബിത്(റ) പറഞ്ഞു. അവര്‍ ഒരിക്കല്‍ നബിﷺയുടെ കൂടെ പുറപ്പെട്ടു. അപ്പോള്‍ ഒരു പുതിയ ഖബര്‍ കാണാനിടയായി. അവിടുന്ന് ചോദിച്ചു. ഇതെന്താണ്? അവര്‍ പറഞ്ഞു. ഇത് ഇന്ന ഗോത്രക്കാരുടെ ഭൃത്യയായിരുന്ന ഇന്ന സ്ത്രീയാണ്. തിരുനബിﷺക്ക് അവരെ മനസ്സിലായി. അപ്പോൾ സ്വഹാബികൾ നബിﷺയോട് പറഞ്ഞു. ഉച്ച സമയത്താണ് അവര്‍ മരണപ്പെട്ടത്. ആ സമയത്ത് അങ്ങ് ഉച്ചയുറക്കത്തിലായിരുന്നു. ഉണർത്താൻ ഞങ്ങൾക്ക് മനസ്സ് വന്നില്ല. അപ്പോള്‍ നബിﷺ നിസ്കാരത്തിനായി നില്‍ക്കുകയും സ്വഹാബത്ത് പിന്നില്‍ സ്വഫ്ഫായി നില്‍ക്കുകയും ചെയ്തു. നാല് തക്ബീറുകള്‍ കെട്ടി അവിടുന്ന് ജനാസ നിസ്കാരം നിര്‍വഹിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കെ നിങ്ങളിലാരെങ്കിലും മരണപ്പെട്ടാല്‍ നിങ്ങള്‍ എന്നെ അറിയിക്കണം. കാരണം എന്റെ നിസ്കാരം അവര്‍ക്ക് കാരുണ്യമാണ്.
ഖബറടക്കുന്നത് വരെ മയ്യത്തിനെ അനുഗമിക്കുന്നതും പുണ്യ കർമമാണ്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. തിരുനബിﷺ പ്രസ്താവിച്ചു. വല്ലവനും ഒരു മയ്യിത്തിന് നിസ്കരിക്കുന്നത് വരെ ഹാജരായാല്‍ അവന് ഒരു ഖീറാത്ത് പ്രതിഫലമുണ്ട്. എന്നാൽ, അതിനെ ഖബറടക്കം ചെയ്യുന്നതു വരെ ഹാജരായാല്‍ അവന് രണ്ട് ഖീറാത്ത് പ്രതിഫലമുണ്ട്. എന്താണ് ഖീറാത്തു എന്ന് ചോദിക്കപ്പെട്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. വലിയ രണ്ട് പർവ്വതത്തിനു സമാനം.
മറമാടിയ ശേഷം വേഗം തിരിച്ചു പോരലല്ല വേണ്ടത്. ഖബറിന്‍റെ അരികിൽ നിന്ന് മരണപ്പെട്ടുപോയ വ്യക്തിക്ക് വേണ്ടി പാപമോചന പ്രാർഥന നടത്തണം. അതുകൊണ്ട് മരണപ്പെട്ട വ്യക്തിക്ക് പ്രയോജനം ലഭിക്കും. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. ഉസ്മാനുബിന്‍ അഫ്ഫാൻ(റ) പറഞ്ഞു. തിരുനബിﷺ മയ്യിത്ത് മറമാടിക്കഴിഞ്ഞാല്‍ അവിടെ നിന്നുകൊണ്ട് പറയാറുണ്ട്. നിങ്ങളുടെ സഹോദരനുവേണ്ടി നിങ്ങള്‍ ഇസ്തിഗ്ഫാർ അഥവാ പൊറുക്കലിനെ തേടുകയും, തസ്ബീത്ത് അഥവാ ഖബറിലെ ചോദ്യത്തിന് ഉത്തരം ചെയ്യാൻ ദൃഢതയും സ്ഥൈര്യവും അപേക്ഷിക്കുകയും ചെയ്യുക. തീർച്ചയായും, അവനിപ്പോള്‍ ചോദ്യം ചെയ്യപ്പെടും.
ഖബറാളിയോട് ഖബറിൽ ചോദ്യമുണ്ടെന്നും പ്രസ്തുത ചോദ്യത്തിന് ഉത്തരം നൽകാനാവശ്യമായ ഉറപ്പ് ലഭിക്കുന്നതിനുവേണ്ടി ഖബറിന്റെ അരികിൽ വച്ച് ഖബറാളിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്നും തിരുനബിﷺ പഠിപ്പിക്കുകയാണ്.
ഖബറടക്കിയതിനുശേഷം ഖബറാളിയുടെ തലഭാഗത്തിരുന്ന് തൽഖീൻ ചൊല്ലി കൊടുക്കുന്നത് സംബന്ധമായി ഇമാം ത്വബ്റാനി(റ) ഉദ്ധരിച്ച ഹദീസ്, ഹദീസ് നിദാനം വച്ചുനോക്കുമ്പോൾ അത്ര പ്രബലമല്ലെങ്കിലും അതിന്റെ ആശയം ഉപജീവിച്ചുകൊണ്ട് മുസ്‌ലിം ഉമ്മത്തിന്റെ കർമലോകത്ത് എവിടെയും വ്യാപകമാണ്. പ്രസ്തുത വിഷയത്തിലേക്കുള്ള സൂചനയാണ് ഈ ഹദീസ് എന്ന് അല്ലാമാ ഇബ്നു ഹജറും(റ) പറയുന്നുണ്ട്. അനുഷ്ഠാനങ്ങളുടെ ശ്രേഷ്ഠത സംബന്ധിച്ച മാനദണ്ഡങ്ങളിൽ ഈ ഹദീസും സ്വീകാര്യമാണെന്നും അതുപ്രകാരം മുസ്‌ലിം ലോകത്തിന്റെ പതിവ് പുണ്യകരമായ കർമമാണെന്നും മിശ്ഖാത്തിന്റെ വ്യാഖ്യാനമായ മിർക്കാത്തിലും പറയുന്നുണ്ട്.
മയ്യത്ത് പരിപാലനത്തിന്റെ ഓരോ ഘട്ടത്തിനും അതിന്റേതായ മഹത്വവും പ്രാധാന്യവുമുണ്ട്. ഒരു ഹദീസ് കൂടി വായിച്ചു ഈ അധ്യായം നമുക്ക് പൂർത്തീകരിക്കാം. ഇമാം ഹാക്കിം(റ), ഇമാം ബൈഹഖി(റ) എന്നിവർ നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ഒരാള്‍ ഒരു മയ്യിത്തിനെ കുളിപ്പിക്കുകയും അയാളില്‍ കണ്ട ന്യൂനത മറച്ചുവെക്കുകയും ചെയ്താൽ നാൽപത് തവണ അല്ലാഹു അയാള്‍ക്ക് പാപമോചനം നൽകും. അവനുവേണ്ടി ഖബ൪ കുഴിക്കുകയും മറമാടുകയും ചെയ്താല്‍ അന്ത്യനാൾ വരെ ഒരു താമസസ്ഥലം ഒരുക്കി കൊടുത്ത പ്രതിഫലം അവനു ലഭിക്കും. കഫന്‍ പുടവ അണിയിച്ചാല്‍ അന്ത്യദിനത്തില്‍ സ്വർഗ്ഗീയ പട്ടുടയാടകളിൽ നിന്ന് നേർത്തതും കട്ടിയുള്ളതും അവനു ലഭിക്കും.
