
ഖബറുകളെ സമീപിക്കുമ്പോൾ ചില ചിട്ടകളും മര്യാദകളുമുണ്ടായിരിക്കണം എന്ന് തിരുനബിﷺ പഠിപ്പിക്കുന്നുണ്ട്. അബൂമർസദ് അല് ഗനവി(റ) പറഞ്ഞതായി ഇമാം മുസ്‌ലിം(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ അരുൾ ചെയ്തു. നിങ്ങൾ ഖബറുകളുടെ മേലെ നിസ്കരിക്കുകയോ അതിന്മേൽ ഇരിക്കുകയോ ചെയ്യരുത്.
അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം അഹ്മദും(റ) അബുദാവൂദും(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ഒരാൾ കനൽക്കട്ടയുടെ മേലെയിരുന്ന് വസ്ത്രം കരിഞ്ഞു ശരീരത്തേക്ക് പൊള്ളൽ ബാധിക്കുന്നതാണ്, ഖബറിന്മേൽ ഇരിക്കുന്നതിനേക്കാൾ നല്ലത്.
അംറ് ബിൻ ഹസം(റ) പറഞ്ഞു. ഞാൻ ഒരു ഖബറിൽ ചാരിയിരുന്നപ്പോൾ അത് ശ്രദ്ധയിൽപ്പെട്ട തിരുനബിﷺ പറഞ്ഞു. ആ ഖബറാളിയെ നിങ്ങൾ ശല്യപ്പെടുത്തരുതേ. ഇമാം അഹ്മദും(റ) നസാഇ(റ)യും ഈ ആശയം ഹദീസിൽ ഉദ്ധരിച്ചിട്ടുണ്ട്.
ഖബറുകളെ കേവലം ശ്മശാനങ്ങളായോ എങ്ങനെയും സമീപിക്കാവുന്ന പ്രദേശങ്ങളായിട്ടോ അല്ല തിരുനബിﷺ അവതരിപ്പിക്കുന്നത്. മറമാടപ്പെട്ട വ്യക്തികളും ഖബറുമായി വലിയ ബന്ധമുണ്ട്. പരലോക ഭവനങ്ങളിൽ ആദ്യത്തെ ഭവനമായിട്ടാണ് ഖബറിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. അതുകൊണ്ട് ആത്മീയമായ പരിഗണനകൾ ഖബറാളിയോട് പുലർത്തുന്നതിന്റെ ഭാഗമായി ഖബറിനോടും പുലർത്തേണ്ടതുണ്ട്. ശരീരം നുരുമ്പി പോയാലും ആത്മാവും ഖബറും തമ്മിൽ ഒരു വാസസ്ഥാനത്തിന്റെ ബന്ധമുണ്ടാകും.
തിരുനബിﷺ ഖബർ സന്ദർശിക്കാൻ എത്തിയാൽ ഖബറിൽ കിടക്കുന്നവർക്ക് അഭിമുഖമായി വരും. എന്നിട്ട് അവരെ അഭിവാദ്യം ചെയ്തുകൊണ്ട് പറയും. അല്ലയോ ഖബർവാസികളെ, അസ്സലാമു അലൈക്കും. നിങ്ങൾക്ക് അല്ലാഹുവിൽ നിന്നുള്ള ശാന്തിയുണ്ടാവട്ടെ! നമുക്കും നിങ്ങൾക്കും അല്ലാഹു പൊറുത്തു തരട്ടെ! നിങ്ങൾ മുന്നേ പോയവർ. ഞങ്ങൾ പിന്നിൽ വരാനുള്ളവർ. ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം തുർമുദി(റ) ഉദ്ധരിച്ച ഹദീസിന്റെ ആശയമാണിത്. ജീവിച്ചിരിക്കുന്ന ഒരാളെ അഭിമുഖീകരിക്കുമ്പോൾ പറയും പോലെ നേരിട്ടുള്ള വാചകം പ്രയോഗിച്ചുകൊണ്ട് തന്നെയാണ് ഖബർവാസികൾക്ക് സലാം ചൊല്ലാറുള്ളത്.
ജീവിച്ചിരിക്കുന്നവർ പ്രതികരിക്കുന്നത് പോലെ പ്രതികരിക്കില്ലെങ്കിലും മറമാടപ്പെട്ടവരും സന്ദർശകരെ അറിയുകയും അവരുടേതായ വ്യവഹാരക്രമങ്ങൾ അനുസരിച്ച് പ്രതികരിക്കുകയും ചെയ്യും. പ്രവാചകർﷺക്കും ആധ്യാത്മിക പദവികളുള്ളവർക്കും മരണപ്പെട്ടവരുടെ പ്രതികരണങ്ങൾ അറിയാൻ കഴിഞ്ഞേക്കും. തിരുനബിﷺ നടന്നുപോകുന്ന വഴിയിൽ ചാരത്തുണ്ടായിരുന്ന ഖബറിൽ മറമാടപ്പെട്ടവരുടെ അവസ്ഥകളെക്കുറിച്ച് അറിയുകയും അത് സ്വഹാബികളോട് പങ്കുവെക്കുകയും ചെയ്ത അനുഭവങ്ങളുണ്ട്. മൂസാ നബി(അ)യുടെ ഖബറിന് അരികിലൂടെ സഞ്ചരിക്കുമ്പോൾ മഹാനായ പ്രവാചകൻ ഖബറിനുള്ളിൽ നിസ്കരിക്കുന്ന കാര്യം തിരുനബിﷺ കാണുകയും പങ്കുവെക്കുകയും ചെയ്തു. സ്വീകാര്യയോഗ്യമായ ഹദീസിൽ ഈ ആശയമുണ്ട്. ഖബറിൽ ശിക്ഷ അനുഭവിക്കുന്നവരെ കുറിച്ച് ജനങ്ങളോട് സംബോധന ചെയ്തപ്പോൾ നേരിട്ട് കണ്ട അനുഭവങ്ങൾ തിരുനബിﷺ പങ്കുവെച്ചു.
ഖബറാളികൾക്ക് സലാം പറയുമ്പോൾ വ്യത്യസ്ത വാചകങ്ങൾ തിരുനബിﷺ പ്രയോഗിച്ചിട്ടുണ്ട്. മജ്മഉ ബിൻ ജാരിയ(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ ഖബർസ്ഥാനിലേക്ക് പോയി. അവിടെ എത്തിയപ്പോൾ അല്ലയോ ഖബർവാസികളെ അസ്സലാമുഅലൈക്കും എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞു. ശേഷം ഇങ്ങനെ തുടർന്നു. നിങ്ങളിൽ ആരാണോ വിശ്വാസികൾ അവർ ഞങ്ങൾക്ക് മുന്നേ പോയവരും ഞങ്ങൾ നിങ്ങളെ തുടർന്ന് വരുന്നവരുമാണ്. ഞങ്ങൾക്കും നിങ്ങൾക്കും ക്ഷേമമുണ്ടാവട്ടെ!
സമാന ആശയങ്ങളുള്ള പല പദപ്രയോഗങ്ങളും തിരുനബി സലാം സംബന്ധിച്ച നിവേദനങ്ങളിൽ വന്നിട്ടുണ്ട്.
