
ജനാസയെ പിന്തുടരുന്നതും കാണുമ്പോൾ എഴുന്നേൽക്കുന്നതും സംബന്ധിച്ച അധ്യാപനങ്ങളും നബി വായനയിൽ നിന്ന് നമുക്ക് പകർന്നെടുക്കാനുണ്ട്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബൂസഈദ്(റ) പറഞ്ഞു. തിരുനബിﷺ അരുളി. നിങ്ങള്‍ മയ്യിത്തിനെ കണ്ടാല്‍ എഴുന്നേല്‍ക്കുവിന. ആരെങ്കിലും അതിനെ പിന്‍തുടര്‍ന്നാല്‍ അത് താഴെ വെക്കുന്നതുവരെ അവന്‍ ഇരിക്കരുത്.
മരണപ്പെട്ട വിശ്വാസിയുടെ മേൽ നിസ്കരിക്കണമെന്ന് നേരെ തന്നെ പറയുന്ന ഹദീസുകൾ ഇമാം മുസ്‌ലിം(റ) ഉദ്ധരിക്കുന്നുണ്ട്. “നിങ്ങളുടെ ഒരു സഹോദരൻ മരണപ്പെട്ടിരിക്കുന്നു. അതിനാൽ നിങ്ങൾ എഴുന്നേറ്റു, അദ്ദേഹത്തിനു നിസ്‌കരിക്കുക.” നജ്ജാശി മരണപ്പെട്ട സമയത്ത് തിരുനബിﷺ പറഞ്ഞ കാര്യമാണിത്.
നിങ്ങളുടെ കൂട്ടുകാരന്റെ മേൽ നിസ്കരിക്കുക എന്നർഥമുള്ള മറ്റൊരു ഹദീസ് വാചകവും ഇമാം മുസ്‌ലിം(റ) തന്നെ നിവേദനം ചെയ്യുന്നുണ്ട്. നിസ്കരിക്കപ്പെടുന്നവന് അതുകൊണ്ട് ഗുണം ലഭിക്കുമെന്നും മറ്റൊരു ഹദീസിൽ കാണാം. ആഇശ(റ) നിവേദനം ചെയ്യുന്നു. നബിﷺ പറഞ്ഞു. നൂറോളം പേരടങ്ങുന്ന ഒരു സംഘം മുസ്‌ലിംകൾ ഒരു മയ്യിത്തിന് വേണ്ടി ശിപാർശ ചെയ്തുകൊണ്ട് നിസ്കരിച്ചാൽ അവരുടെ ശിപാർശ സ്വീകരിക്കപ്പെടാതിരിക്കുകയില്ല. ഇമാം മുസ്‌ലിം(റ) തന്നെയാണ് ഈ ഹദീസും ഉദ്ധരിച്ചത്. മുസ്‌ലിമി(റ)ന്റെ തന്നെ മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്. ഇബ്നു അബ്ബാസ്(റ) പ്രസ്താവിച്ചു. തിരുനബിﷺ പറഞ്ഞതായി ഞാൻ കേട്ടു. ഒരു മുസ്‌ലിമായ മനുഷ്യൻ മരിക്കുകയും, അല്ലാഹുവിൽ യാതൊന്നും പങ്ക് ചേർക്കാത്തവരായ നാൽപത് പേർ അവന്റെ ജനാസ നിസ്‌കാരം നിർവഹിക്കുകയും ചെയ്‌താൽ അവന്റെ കാര്യത്തിലുള്ള അവരുടെ ശിപാർശ അല്ലാഹു സ്വീകരിക്കാതിരിക്കുകയില്ല.
ജനാസ നിസ്കരിക്കുന്ന നേരത്ത് പുരുഷന്റെ മയ്യിത്താണെങ്കില്‍ നിസ്കാര സമയത്ത് ഇമാം മയ്യിത്തിന്റെ തലഭാഗത്ത് ചേർന്നും സ്ത്രീയുടെ മയ്യിത്താണെങ്കില്‍ ഇമാം മയ്യിത്തിന്റെ മധ്യഭാഗത്ത് ചേർന്നുമാണ് നില്‍ക്കേണ്ടത് എന്ന് ഇമാം അബൂദാവൂദ്(റ) ഉദ്ധരിച്ച ഹദീസിൽ കാണാം.
ജനാസ ഖബറടക്കിയതിനു ശേഷം ഖബറരികിൽ പോയി നിസ്കരിച്ചതിനും ഹദീസിൽ പ്രമാണങ്ങൾ വായിക്കാൻ കഴിയും. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. ഇബ്നു അബ്ബാസ്(റ) പറഞ്ഞു. മറവ് ചെയ്യപ്പെട്ടതിന് ശേഷം നബിﷺ ഒരു ഖബറിനരികില്‍ നിന്നുകൊണ്ട് നാല് തക്ബീറുകള്‍ കെട്ടി മയ്യിത്ത് നിസ്കാരം നിര്‍വഹിച്ചു. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്ന മറ്റൊരു സംഭവം കൂടി ഇങ്ങനെ വായിക്കാം. അബൂഹുറൈറ(റ) പറയുന്നു. പള്ളി അടിച്ചുവാരിയിരുന്ന ഒരു കറുത്ത സ്ത്രീ/പുരുഷനുണ്ടായിരുന്നു. അവരെ കാണാതായപ്പോള്‍ നബിﷺ അവരെക്കുറിച്ച് അന്വേഷിച്ചു. അവര്‍ മരണപ്പെട്ടിരിക്കുന്നു എന്ന് സ്വഹാബികൾ പറഞ്ഞു. നിങ്ങള്‍ക്ക് എന്നെ അറിയിക്കാമായിരുന്നില്ലേ? എന്ന് നബിﷺ പ്രതികരിച്ചു.
അബൂ ഹുറൈറ(റ) പറയുന്നു. ആളുകള്‍ അവരുടെ കാര്യം അത്ര പ്രാധാന്യത്തോടെ കാണാത്തതുപോലെയാണ് പ്രതികരിച്ചത്. അപ്പോള്‍ നബിﷺ പറഞ്ഞു. നിങ്ങള്‍ അവരുടെ ഖബര്‍ എനിക്ക് കാണിച്ചു തരിക. അങ്ങനെ അവര്‍ അവരുടെ ഖബര്‍ നബിﷺക്ക് കാണിച്ചു കൊടുക്കുകയും തിരുനബിﷺ അവിടെ വച്ച് നിസ്കരിക്കുകയും ചെയ്തു. ശേഷം ഇങ്ങനെ പറഞ്ഞു. ഈ ഖബറാളികൾക്ക് അവ വളരെ ഇരുളടഞ്ഞതാണ്. എന്റെ നിസ്കാരം കൊണ്ട് അല്ലാഹു അവര്‍ക്കത് പ്രകാശപൂരിതമാക്കിക്കൊടുക്കും.
ജനാസ മറമാടിയതിനു ശേഷം ഖബറിന്റെ അടുക്കൽ പോയി നബിﷺ നിസ്കരിച്ചതും അതുവഴി ഖബറാളിക്കും പരിസരത്തുള്ളവർക്കും പ്രകാശം ലഭിച്ചതുമാണ് നാം വായിച്ചത്. കർമശാസ്ത്രപരവും ആധ്യാത്മികവുമായി നിരവധി പാഠങ്ങൾ പകർന്നു തരുന്നതാണ് ഇത്തരം നിവേദനങ്ങൾ.
