Tweet 1084

    Tweet 1084
    June 2, 2025 • Monday
    Post Header

    ഇമാം അഹ്മദും(റ) ഇബ്നു അബീശൈബ(റ)യൂം ഉദ്ധരിക്കുന്നു. ഇബ്നു അബ്ബാസ്(റ) പറഞ്ഞു. തിരുനബിﷺയുടെ മകൾ റുഖിയ്യ(റ) മരണപ്പെട്ടപ്പോൾ സ്ത്രീകൾ നിലവിളിക്കാൻ തുടങ്ങി. ഈ രംഗം കണ്ട ഉമർ(റ) അവരെ തടയുകയോ ചാട്ടവാർ ഉപയോഗിച്ച് അടിക്കുകയോ ചെയ്തു. തിരുനബിﷺ അദ്ദേഹത്തെ തടഞ്ഞു. എന്നിട്ട് പറഞ്ഞു. അവരെ വിട്ടേക്കുക. നബിﷺ അവരെ അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു. നിങ്ങൾ കരഞ്ഞോളൂ. കുഴപ്പമില്ല. പക്ഷേ, പൈശാചികമായ കോലാഹലങ്ങളും നിലവിളിയും ഒന്നുമുണ്ടാവരുത്. കണ്ണും ഖൽബും കരയുന്നതിൽ തകരാറില്ല. അതു കാരുണ്യത്തിന്റെ പ്രകാശനങ്ങളാണ്. നാവും കൈകളും അഥവാ ഒച്ചപ്പാടും മാറുവലിച്ചു കീറലും ഒക്കെ പൈശാചികമാണ്. റുഖിയ്യ(റ)യുടെ ഖബറിന്റെ അടുത്തുകൂടി കണ്ണുനീർ ഒലിപ്പിച്ചുകൊണ്ട് ഫാത്വിമ(റ) കടന്നുപോയി. തിരുനബിﷺ അവിടുത്തെ തിരുകരങ്ങൾ കൊണ്ട് കണ്ണുനീർ തുടച്ചു കൊടുത്തു. അല്ലെങ്കിൽ വസ്ത്രം കൊണ്ട് മുഖം തടവി കൊടുത്തു.
    മരണവീടുകളിൽ ഉണ്ടാകാറുള്ള ബഹളങ്ങളും കോലാഹലങ്ങളും അലമുറയും അട്ടഹാസവും പൈശാചികമാണെന്ന് ബോധ്യപ്പെടുത്തുകയും അത്ര ഗൗരവത്തിൽ കാര്യം മനസ്സിലാക്കിയിട്ടില്ലാത്ത സ്ത്രീകളോട് കർക്കശമായി നിലപാട് സ്വീകരിച്ച ഉമറുൽ ഫാറൂഖി(റ)നെ നബിﷺ തടഞ്ഞുനിർത്തി, സ്ത്രീകളെ ഉപദേശിക്കുകയും ചെയ്തു. വിരഹത്തിന്റെ വേദനയും വിയോഗത്തിന്റെ ദുഃഖവും പാടെ നിഷേധിക്കുകയല്ല ഇവിടെ. കരണീയമായ രൂപത്തിൽ അതൊക്കെ ആകാം എന്ന് പഠിപ്പിക്കുകയാണ്. എന്നാൽ, അല്ലാഹുവിന്റെ വിധിയും നിയമങ്ങളും നിർണയങ്ങളും മറന്നു കൊണ്ടുള്ള ഏതു പെരുമാറ്റത്തെയും തിരുനബിﷺ തന്നെ നേരിട്ട് തിരുത്തി.
    മരണവീടുകളിൽ കൂലിക്ക് കരയുന്ന സ്ത്രീകളുണ്ടായിരുന്നു. ശോകമായ അന്തരീക്ഷം നിലനിർത്താനും വിയോഗത്തിന്റെ ദുഃഖം അടയാളപ്പെടുത്താനുമുള്ള ഒരു രീതിയായിട്ടാണ് അവർ അതിനെ കണ്ടിരുന്നത്. അത്തരം നടപടികൾ നേരിട്ട് കണ്ടപ്പോൾ തിരുനബിﷺ അപ്പോൾ തന്നെ തിരുത്തി.
    വിവരമില്ലാത്ത കാലത്തെ സമ്പ്രദായങ്ങളെയും നടപടികളെയും കേവലം നിയമം കൊണ്ട് മാത്രമായിരുന്നില്ല അവിടുന്ന് തിരുത്തിയത്. തിരുനബിﷺയുടെ തന്നെ ഉറ്റവരും ഉടയവരും ഇഹലോകവാസം വെടിഞ്ഞപ്പോൾ ദുഃഖം ഏതു വരെ ആകാമെന്ന് സ്വന്തം ജീവിതം കൊണ്ട് തിരുനബിﷺ പകർന്നു നൽകി. അന്നുണ്ടായിരുന്ന ആചാരങ്ങളോടെ അത്തരം സന്ദർഭങ്ങളെ സമീപിച്ചവരോട് ഇസ്‌ലാമിന്റെ നേർവഴി പറഞ്ഞുകൊടുക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്തു.
    ഉറ്റമിത്രങ്ങളിൽ ഏറെ ആത്മബന്ധമുള്ള സ്വഹാബികളിൽ പലരും മരണപ്പെട്ടപ്പോൾ കണ്ണീരൊലിച്ചുകൊണ്ട് നിൽക്കുന്ന തിരുനബിﷺയെ നാം വായിച്ചു കഴിഞ്ഞു. പരേതന്റെ ശരീരത്തോടൊപ്പം മറമാടുന്ന സ്ഥലത്ത് വരെ പോവുകയും ഏറെനേരം അവരുടെ ഖബറിന്റെ അടുക്കൽ തന്നെ കഴിച്ചുകൂട്ടുകയും ചെയ്ത അനുഭവങ്ങളുമുണ്ട്. അവിടുത്തെ തിരുകരങ്ങൾ കൊണ്ട് തന്നെ ഖബറകങ്ങൾ ശരിപ്പെടുത്തി കൊടുക്കുകയും പാരത്രിക മോക്ഷത്തിനുവേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയും ചെയ്തു.
    മരണപ്പെട്ടവരെ മറമാടുമ്പോൾ സജ്ജനങ്ങളെ യാത്രയാക്കാൻ ഒരുമിച്ചു കൂടുന്ന മലക്കുകളെ കുറിച്ച് പലതവണയും തിരുനബിﷺ പറഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ട അനുചരൻ സഅദി(റ)ന്റെ വിയോഗത്തിൽ അവിടുന്ന് ഏറെ ദുഃഖത്തിലായി. ജനാസയുമായി പോകുമ്പോൾ സാന്നിധ്യം അറിയിച്ച മലക്കുകളുടെ ബാഹുല്യത്തെ കുറിച്ച് മറ്റു ശിഷ്യന്മാരോട് തിരുനബിﷺ പങ്കുവെച്ചു. എന്നിട്ടുപോലും അദ്ദേഹത്തിൻ്റെ ഖബറിൽ പ്രാഥമിക പരീക്ഷണങ്ങളുണ്ടായിരുന്നു എന്ന് കാര്യഗൗരവത്തോടെ തന്നെ ഉൽബോധിപ്പിച്ചു. ഈ ലോകത്ത് നിന്ന് വിട പറയുന്നത് മനുഷ്യ ജീവിതചക്രത്തിന്റെ ഒരു ഘട്ടത്തിൽ നിന്ന് മറ്റൊരു ഘട്ടത്തിലേക്ക് കൂട് മാറ്റുകയാണെന്ന് നിരന്തരമായി പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...