Tweet 1085

    Tweet 1085
    June 3, 2025 • Tuesday
    Post Header

    ഒരാൾ മരണപ്പെട്ടാൽ അയാളോട് എങ്ങനെയൊക്കെ സമീപിക്കണമെന്നും എങ്ങനെയൊക്കെ പരിപാലിക്കണമെന്നും സമ്പൂർണ്ണമായ ഒരു വ്യവസ്ഥിതി തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ട്. കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ ഇത് സംബന്ധമായ സ്വതന്ത്ര അദ്ധ്യായങ്ങളും വിശദ പഠനങ്ങളും നമുക്ക് വായിക്കാൻ കഴിയും. തിരുനബിﷺയുടെ നേരിട്ടുള്ള ചില പരാമർശങ്ങളും അവിടുത്തെ സമീപനത്തിന്റെ ചില ചിത്രങ്ങളും മാത്രം ഇതു സംബന്ധിയായി നാം ഇവിടെ വായിക്കുന്നു.
    “വിപത്തുകൾ സംഭവിക്കുകയോ ഒരാൾ മരണപ്പെട്ടു എന്ന് കേൾക്കുകയോ ചെയ്യുമ്പോൾ ഞങ്ങൾ അല്ലാഹുവിനുള്ളതാണ് ഞങ്ങളുടെ മടക്കവും അവനിലേക്ക് തന്നെ” എന്ന ആശയം വരുന്ന ‘ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ’ എന്നാണ് വിശ്വാസികൾ പറയുക.
    മരണപ്പെട്ടയാളെ കുറിച്ചോ രോഗിയുടെ സമീപത്ത് വച്ചോ അയാളുടെ നന്മകളേ പറയാവൂ. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. ഉമ്മു സലമ(റ) പറഞ്ഞു. തിരുനബിﷺ പഠിപ്പിച്ചു. രോഗിയുടെയോ മയ്യത്തിന്റെയോ സമീപത്ത് സന്നിഹിതരാകുമ്പോള്‍ നിങ്ങള്‍ നല്ലതേ പറയാവൂ. നിങ്ങളുടെ പ്രാർഥനകള്‍ക്ക് മലക്കുകള്‍ ആമീന്‍ ചൊല്ലും.
    ഇമാം മുസ്‌ലിം(റ) തന്നെ നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കൂടിയുണ്ട്. “അ‌ല്ലാ‌ഹു‌മ്മ‌ ഗ്‌‌ഫി൪ ലി‌ ഫു‌ലാ‌നിൻ വർ‌ഫ‌അ‍്‌ ദ‌റ‌ജ‌ത‌ഹു ഫിൽ മ‌ഹ്‌‌ദി‌യ്യീ‌ന, വ‌ഖ്‌‌ലു‌ഫ്‌‌ഹു ഫീ അ‌ഖി‌ബി‌ഹി ഫിൽ ഗാ‌ബി‌രീ‌ന, വ‌ഗ്‌‌ഫിർ ല‌നാ വ‌ല‌ഹു യാ‌റ‌ബ്ബൽ ആ‌ല‌മീൻ, വ‌ഫ്‌‌സ‌ഹ്‌ ല‌ഹു ഫീ ഖ‌ബ്‌‌രി‌ഹി വ‌ന‌വ്വിർ ല‌ഹു ഫീ‌ഹി.”
    “അല്ലാഹുവേ, ഇദ്ദേഹത്തിനു നീ പൊറുത്ത് കൊടുക്കേണമേ. സന്മാര്‍ഗികളുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ പദവി നീ ഉയര്‍ത്തേണമേ. ഇയാളുടെ ശേഷം ഇവിടെ അവശേഷിക്കുന്നവരുടെ കൂട്ടത്തില്‍ ഇയാളുടെ പിന്‍ഗാമികളില്‍ നിന്ന് ഇയാളുടെ അഭാവം പരിഹരിക്കേണമേ. ലോകരക്ഷിതാവായ റബ്ബേ, ഇയാള്‍ക്കും ഞങ്ങള്‍ക്കും നീ പൊറുത്ത് തരേണമേ. അദ്ദേഹത്തിന്റെ ഖബര്‍ വിശാലമാക്കി കൊടുക്കുകയും അതില്‍ പ്രകാശം ചൊരിയുകയും ചെയ്യേണമേ.”
    ഹദീസിൽ പരാമർശിച്ച ഫുലാൻ അഥവാ ഇന്നാലിന്ന വ്യക്തി എന്ന സ്ഥലത്ത് വ്യക്തിയുടെ പേര് പറഞ്ഞു കൊണ്ട് തന്നെ പ്രാർഥിക്കാം. ഒരു പ്രാർഥന എന്ന നിലയിൽ ഏതു ഭാഷയിലും നിർവഹിക്കുകയും ചെയ്യാം.
    തിരുനബിﷺ പരലോകത്തേക്ക് യാത്രയായപ്പോൾ നിറഞ്ഞ ദുഃഖത്തോടെ അബൂബക്കർ(റ) തിരുശരീരത്തിന്റെ സമീപത്തേക്ക് വന്ന ഒരു രംഗമുണ്ട്. സമാനമായി ചരിത്രത്തിൽ എവിടെയും ഇല്ലാത്ത ഒരു കാഴ്ചയും വികാരനിർഭരമായ ഒരു രംഗവുമാണത്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. മഹതി ആഇശ(റ) പറഞ്ഞതായി അബൂ സലമ(റ) റിപ്പോർട്ട് ചെയ്യുന്നു. അബൂബക്ക൪(റ) സുന്‍ഹിലുള്ള തന്റെ വീട്ടില്‍ നിന്ന് തന്റെ കുതിരപ്പുറത്ത് ആഗതനായി. കുതിരപ്പുറത്ത് നിന്ന് ഇറങ്ങിയ അദ്ദേഹം പള്ളിയില്‍ പ്രവേശിച്ചു. ആഇശാ(റ)യുടെ വീട്ടില്‍ പ്രവേശിക്കുന്നതുവരെ അദ്ദേഹം ജനങ്ങളോട് സംസാരിച്ചില്ല. അദ്ദേഹം നബിﷺയെ ലക്ഷ്യമാക്കി നേരെ ചെന്നു. യമനില്‍ നിന്നുള്ള ഒരുതരം പുതപ്പ് തിരു ശരീരത്തിന്മേൽ വിരിച്ചിരുന്നു. തിരുമുഖത്ത് നിന്ന് പുതപ്പ് നീക്കിയ അദ്ദേഹം തിരുമേനിﷺയിലേക്ക് മുഖം താഴ്ത്തി നബിﷺയെ ചുംബിച്ചു. എന്നിട്ട് അവിടുന്ന് തേങ്ങിക്കരഞ്ഞു.
    മയ്യത്തിനെ ചുംബിക്കാമോ എന്ന അന്വേഷണത്തിന് ഉത്തരം കൂടിയാണ് ഈ നിവേദനം. തിരുനബിﷺ തന്നെ മരണപ്പെട്ടുപോയ അനുചരന്മാരെ ചുംബിച്ച രംഗമുണ്ട്. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. ആഇശ(റ) പറഞ്ഞു: ഉസ്മാൻ ബ്നു മൾഗൂൻ(റ) മരണപ്പെട്ടപ്പോൾ നബിﷺ അദ്ദേഹത്തെ ചുംബിക്കുന്നതായി ഞാൻ കണ്ടു. അങ്ങനെ അവിടുത്തെ കണ്ണുനീര് ഒലിച്ചിറങ്ങുന്നതും ഞാൻ കണ്ടു.
    ഇതിനർഥം മരണപ്പെട്ടുപോയ ആരെയും ആർക്കും ചുംബിക്കാം എന്നല്ല. കുടുംബക്കാർക്കും കൂട്ടുകാർക്കും മയ്യിത്തിന്റെ മുഖം ചുംബിക്കൽ അനുവദനീയമാണ്. അല്ലാത്തവർക്ക് ഖിലാഫുൽ ഔല അഥവാ ഉത്തമം അല്ലാത്തതാണ്. മയ്യിത്ത് സ്വാലീഹീങ്ങളിൽ പെട്ട ആളാണെങ്കിൽ ചുംബിക്കലും ചുംബിച്ച് ബറക്കത്തെടുക്കലും സുന്നത്താണ്. അന്യസ്ത്രീയുടെ ജനാസ പുരുഷൻ കാണലും പുരുഷന്റേത് സ്ത്രീ ദർശിക്കലും നിഷിദ്ധമായതുകൊണ്ട് അത്തരം ആളുകളുടെ മയ്യത്ത് ചുംബിക്കുന്നതിനെക്കുറിച്ച് പറയേണ്ടതില്ല.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...