
ഖൈസ് ബിൻ അബൂ ഹാസിം(റ) പറയുന്നു. പിതാവ് വധിക്കപ്പെട്ടതിനുശേഷം ഉസാമത്തുബിനു സൈദ്(റ) നബിﷺയുടെ അടുക്കലേക്ക് വന്നു. നിർനിമേശനായി തിരുനബി സന്നിധിയിൽ നിന്നു. അപ്പോൾ തിരുനബിﷺയുടെ നേത്രങ്ങൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പിറ്റേന്നും അതേ സ്ഥലത്തേക്ക് വന്ന് തിരുനബിﷺയെ കണ്ടു. അപ്പോൾ അവിടുന്ന് ഇങ്ങനെ പറഞ്ഞു. ഇന്നലെ നാം കണ്ടുമുട്ടിയ അതേ അവസ്ഥയിൽ തന്നെയാണ് ഇപ്പോൾ കണ്ടുമുട്ടുന്നതും.
തിരുനബിﷺയുടെ സേവകനും പോറ്റു മകനുമായ സൈദി(റ)ന്റെ വിയോഗം തിരുനബിﷺയെ ആഴത്തിൽ ബാധിച്ചു എന്നാണ് ഈ പരാമർശത്തിന്റെ അർഥം. സൈദി(റ)ൻ്റെ മകനെ കാണുമ്പോൾ തിരുനബിﷺക്ക് അടങ്ങാത്ത ദുഃഖം കണ്ണുനീരായ് ഒലിച്ചിറങ്ങി. ഇത്തരം വൈകാരികതകളെ അന്യവൽക്കരിക്കുകയല്ല മതം ചെയ്യുന്നത്. പരിധിയും ബോധവും പരിപാലിച്ചുകൊണ്ട് നേരിടാൻ വേണ്ടി പഠിപ്പിക്കുകയായിരുന്നു.
മഹതി ആഇശ(റ) പറയുന്നു. സഅദ്(റ)നു സുഖമില്ലാതെയായി. അദ്ദേഹം ആസന്ന മരണനായപ്പോൾ തിരുനബിﷺയും അബൂബക്കറും(റ) ഉമറും(റ) കരഞ്ഞു. അബൂബക്കറി(റ)ന്റെയും ഉമറി(റ)ന്റെയും കരച്ചിൽ വേർതിരിച്ചു മനസ്സിലാകുമായിരുന്നു. തിരുനബിﷺയുടെ കണ്ണുകൾ ഒലിക്കുന്നുണ്ട്. അവിടുന്ന് മുഖം തടവുന്നുണ്ട്. എന്നാൽ ശബ്ദം കേൾക്കുന്നുണ്ടായിരുന്നില്ല.
ഏറ്റവും പ്രിയപ്പെട്ടവരുടെ വിയോഗത്തിലും എങ്ങനെയാണ് ആത്മനിയന്ത്രണവും സഹിഷ്ണുതയും ഉണ്ടാകേണ്ടതെന്ന് സ്വന്തം ജീവിതത്തിലൂടെ ആവിഷ്കരിക്കുകയായിരുന്നു പുണ്യ റസൂൽﷺ.
ചില സന്ദർഭങ്ങളിൽ തിരുനബിﷺ ദുഃഖം അടക്കിപ്പിടിക്കുകയും അവിടുത്തെ താടിയിൽ തലോടിക്കൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു എന്ന് മഹതി ആഇശ(റ) പറയുന്നുണ്ട്.
അബൂ നളൂർ സാലിം(റ) റിപ്പോർട്ട് ചെയ്യുന്നു. ഉസ്മാൻ ബിൻ മള്ഗൂൻ(റ) ഇഹലോകവാസം വെടിഞ്ഞപ്പോൾ തിരുനബിﷺ അവിടേയ്ക്ക് കടന്നുവന്നു. തിരുനബിﷺ ഒരു വസ്ത്രം ആവശ്യപ്പെടുകയും അദ്ദേഹത്തിൻ്റെ ശരീരത്തിന്മേൽ മൂടുകയും ചെയ്തു. അൻസ്വാരികളിൽ പെട്ട ഒരു സ്ത്രീയുടെ അടുക്കലായിരുന്നു മഹാനവർകൾ താമസിച്ചിരുന്നത്. ഉമ്മു മുആദ്(റ) എന്നായിരുന്നു ആ സ്ത്രീയുടെ വിലാസം. അവർ പറയുന്നു. തിരുനബിﷺ ഏറെ നേരം ഉസ്മാനി(റ)ന്റെ മുഖത്തിന് നേരെ തന്നെ കുനിഞ്ഞുനിന്നു. അതുകൊണ്ട് അനുയായികളും അതേ രീതിയിൽ അനുകരിച്ചു. പിന്നീട് അല്പം മാറി നിന്ന് തിരുനബിﷺ കരയാൻ തുടങ്ങി. ഇത് കണ്ടതും കുടുംബാദികൾ കൂടി കരഞ്ഞു. അപ്പോൾ പ്രവാചകൻﷺ ഇങ്ങനെ പ്രാർഥിച്ചു. അല്ലയോ അബൂ സാഇബേ(റ), അല്ലാഹു നിങ്ങൾക്ക് കരുണ ചെയ്യട്ടെ.
എല്ലാവരുടെയും വിയോഗം ഒരുപോലെയല്ലല്ലോ സ്വാധീനിക്കുക. വളരെ വേണ്ടപ്പെട്ടവരും പ്രിയപ്പെട്ടവരും വിട്ടു പിരിയുമ്പോൾ ആഴത്തിൽ ദുഃഖം ഇറങ്ങിചെല്ലും. ചില സന്ദർഭങ്ങളിൽ പ്രധാന ദൗത്യം നിർവഹിക്കുന്നവർ നമ്മെ വിട്ടുപിരിയുമ്പോൾ താങ്ങാനാവില്ല. തിരുനബിﷺക്ക് ഒരു നേതാവും തിരുനബിﷺയും എന്ന അർഥത്തിൽ ഒരുപാട് മാനങ്ങളിൽ ആഴ്ന്ന ബന്ധങ്ങളുള്ളവരുണ്ട്. കേവലം കുടുംബാധികളോ ബന്ധുക്കളോ മാത്രമല്ല. ആത്മാർത്ഥമായി അവിടുന്ന് ചേർത്തുപിടിച്ച സ്വഹാബികൾ. ഇസ്ലാമിക ആദർശ സംസ്ഥാപനത്തിനുവേണ്ടി സമരക്കളത്തിൽ ഒപ്പം നിന്നവർ. മുന്നേറ്റത്തിന്റെ ആദ്യ നാളുകളിൽ എല്ലാം സമർപ്പിച്ചവർ. പ്രയാസ ഘട്ടങ്ങളിൽ അഭയം നൽകിയവർ. ആദർശത്തിന്റെ പേരിൽ സ്വദേശം വിടേണ്ടിവന്ന അനുയായികളെ ഒന്നാകെ ഏറ്റെടുത്ത് പാർപ്പിച്ചവർ.
ഇങ്ങനെ ഏതെല്ലാം മാനങ്ങളിലൂടെയും മാനദണ്ഡങ്ങളിലൂടെയും വൈകാരികമായ സ്വാധീനങ്ങൾ നബിﷺയിലേക്ക് കടന്നുവരും. വിരഹത്തിന്റെ വേദനകളുണ്ടാകുന്ന നേരത്ത് പതഞ്ഞു വരുന്ന ഓർമകളോടെല്ലാം പക്വതയോടെ പ്രതികരിക്കാൻ അവിടുത്തേക്ക് സാധിച്ചു. പകർത്തപ്പെടേണ്ട സന്ദേശമായി ലോകം മുഴുവനും അത് വായിച്ചു കൊണ്ടിരിക്കുന്നു.
