
അനസ് ബിൻ മാലിക്(റ) നിവേദനം ചെയ്യുന്നു. ഖുർആൻ പരിജ്ഞാനികളായ ഒരു സംഘം സ്വഹാബികളെ ഒരു നിവേദക സംഘത്തിൽ തിരുനബിﷺ നിയോഗിച്ചു. ബിഅർ മഊന സംഭവത്തിൽ അവർ കൊല്ലപ്പെട്ടു. ഈ വാർത്ത അറിഞ്ഞപ്പോൾ തിരുനബിﷺ ഏറെ ദുഃഖിതരായി. അത്രമേൽ അവിടുത്തേക്ക് നൊന്ത ഒരു ദിവസം എൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
ഉറ്റവരുടെയും മഹത്തുക്കളുടെയൂം വിരഹത്തിൽ വേദനിക്കുന്ന നബി ഹൃദയത്തിന്റെ വൈകാരികതയെ കുറിച്ചാണ് ശിഷ്യനായ അനസുബ്നു മാലിക്(റ) ഇവിടെ പങ്കുവെച്ചത്.
അബ്ദുറഹ്മാൻ ബിൻ ഔഫ്(റ) പറയുന്നു. തിരുനബിﷺയുടെ പ്രിയപ്പെട്ട മകൻ ഇബ്രാഹിമിനെ നബിﷺ മടിയിലേക്ക് കിടത്തി. അപ്പോൾ മകൻ ആസന്ന ഘട്ടത്തിലായിരുന്നു. അധികം വൈകാതെ തന്നെ ആ മടിത്തട്ടിൽ കിടന്നു തന്നെ മകൻ യാത്രയായി. മെല്ലെ ശരീരം ഇറക്കി കിടത്തിയിട്ട് അവിടുന്ന് കരയാൻ തുടങ്ങി. അപ്പോൾ ഞാൻ ചോദിച്ചു. അല്ല അവിടുന്ന് കരയുകയാണോ. അവിടുന്ന് അല്ലാഹുവിന്റെ ദൂതനും പ്രവാചകനുമല്ലേ. അവിടുന്ന് കരയരുതെന്ന് വിലക്കിയിട്ടില്ലേ! ഉടനെ തിരുനബിﷺ ഇങ്ങനെ പറഞ്ഞു. കരച്ചിൽ ഞാൻ വിലക്കിയിട്ടില്ല. വിപത്തുകൾ സംഭവിക്കുമ്പോൾ അലമുറയിട്ട് കരയുന്നതും അട്ടഹസിക്കുന്നതും മാറു വലിച്ചുകീറുന്നതും തുടങ്ങി എല്ലാം മറന്നു കൊണ്ടുള്ള സമീപനങ്ങളെയാണ് വിലക്കിയിട്ടുള്ളത്. ഇപ്പോൾ എനിക്ക് കരച്ചിൽ വന്നത് അത് കാരുണ്യത്തിന്റെ സമീപനമാണ്. കരുണയില്ലാത്തവർക്ക് കരുണ ലഭിക്കുകയില്ല. അല്ലയോ മോനെ ഇബ്രാഹീമേ! മോന്റെ വിരഹത്തിൽ വേദനയുണ്ട്. അല്ലാഹുവിന്റെ നിശ്ചയവും വിധിയും എന്ന കൃത്യതയില്ലായിരുന്നുവെങ്കിൽ, ദുഃഖപ്രകടനങ്ങൾ നമുക്ക് മതിയാകുമായിരുന്നില്ല. ഹൃദയം തേങ്ങുന്നുണ്ട്. കണ്ണുകൾ ഒലിക്കുന്നുണ്ട്. പക്ഷേ, അല്ലാഹുവിന് ഇഷ്ടമില്ലാത്തതൊന്നും നമ്മൾ ചെയ്യുകയോ പറയുകയോ ഇല്ല.
ഉറ്റവരുടെ വിയോഗത്തിൽ വേദനിക്കുന്ന ഹൃദയങ്ങളോടും മനസ്സുകളോടും വികാരവും വിചാരവും ചേർത്തുവച്ചുകൊണ്ടുള്ള സമീപനത്തെ പ്രായോഗികമായി പഠിപ്പിക്കുകയാണ് തിരുനബിﷺ. വിരഹത്തിന്റെ നൊമ്പരവും അതിൽ തേങ്ങുന്ന ഹൃദയവും ഒലിക്കുന്ന നേത്രങ്ങളും ഒക്കെ ആകാം. പക്ഷേ എല്ലാം മറന്നു കൊണ്ടുള്ള ശബ്ദ കോലാഹലങ്ങളോ അതിരുവിട്ട ദുഃഖ പ്രകടനങ്ങളോ ഇസ്‌ലാം അനുവദിക്കുന്നില്ല. കാരണം എല്ലാ മനുഷ്യരും ഇവിടെയൊക്കെ ജനിച്ചു വന്നവർ. എല്ലാവരും ഒരുനാൾ ഇവിടുന്ന് പോകേണ്ടവർ. നിശ്ചയിക്കപ്പെടാതെ ആരും ഇവിടേക്ക് വന്നിട്ടില്ല. യാഥാർത്ഥ്യത്തെ കാണാതിരുന്നിട്ട് കാര്യമില്ല.
മരണം ഒരു പൂർണ്ണമായ പര്യവസാനമല്ല. ഈ ലോകത്ത് നിന്ന് പരലോകത്തേക്കുള്ള ഒരു കൂടുമാറ്റമാണ്. അവിടെ ജയിച്ചിരിക്കണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനനുസരിച്ചായിരിക്കണം ഇവിടുത്തെ ജീവിതം എന്നതാണ് പ്രമേയം. വിധികർത്താവിനെയും വിധി നിർണയങ്ങളെയും അവഗണിച്ചും മറന്നും വിലപിക്കുന്നതും ശബ്ദകോലാഹലങ്ങൾ ഉയർത്തുന്നതും യാഥാർത്ഥ്യങ്ങളോടുള്ള ശരിയായ സമീപനത്തിൽ നിന്ന് മാറിനിൽക്കലാണ്. വസ്തുതകളോടൊപ്പം നിൽക്കാനും ശരിയായ ആലോചനകൾ ഏതുസമയത്തും ഉണ്ടായിരിക്കാനുമാണ് മതവും വേദവും പ്രവാചകനുമെല്ലാം വന്നത്.
അബ്ദുല്ലാഹിബ്നു ഉമർ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസുണ്ട്. സഅദ് ബിൻ ഉബാദ(റ) രോഗിയായി. തിരുനബിﷺ അദ്ദേഹത്തെ സന്ദർശിക്കാൻ വേണ്ടി വന്നു. അബ്ദുറഹ്മാനുബ്നു ഔഫും(റ) സഅദ് ബിൻഅബീ വഖാസും(റ) അബ്ദുല്ലാഹിബ്നു മസ്ഊദും(റ) ഒപ്പമുണ്ടായിരുന്നു. തിരുനബിﷺ പ്രവേശിച്ചതും രോഗിയുടെ കുടുംബാദികൾ കരയുന്നത് കേട്ടു. അവിടുന്ന് ചോദിച്ചു. അല്ല, അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു പോയോ? ഇല്ല. തിരുനബിﷺയുടെ കണ്ണുകൾ ഈറനണിഞ്ഞു. അനുചരന്മാർ ചോദിച്ചു. അല്ല, അവിടുന്ന് കരയുകയാണോ? അവിടുന്ന് അല്ലാഹുവിന്റെ ദൂതരല്ലേ? അപ്പോൾ നബിﷺ ഇങ്ങനെ പറഞ്ഞു. നിങ്ങൾ കേൾക്കുന്നില്ലേ? ഒലിക്കുന്ന കണ്ണുനീർ കൊണ്ടോ വിഷമിക്കുന്ന ഹൃദയത്തിന്റെ കാരണമോ അല്ലാഹു ശിക്ഷിക്കുകയില്ല. പക്ഷേ ഇതു കാരണത്താൽ ശിക്ഷിക്കപ്പെട്ടേക്കും എന്നു പറഞ്ഞ് നാവിലേക്ക് ചൂണ്ടിക്കാണിച്ചു.
അബദ്ധ വർത്തമാനങ്ങളും അല്ലാഹുവിനെ മറന്നുള്ള ഒച്ചപ്പാടുകളും ശിക്ഷാർഹമായ കുറ്റങ്ങളായി വരും. വിരഹത്തിന്റെ നൊമ്പരവും ഖനീഭവിക്കുന്ന കണ്ണുനീരും ശിക്ഷയ്ക്ക് നിമിത്തമാവുകയില്ലെന്ന്.
