Tweet 1076

    Tweet 1076
    May 25, 2025 • Sunday
    Post Header

    ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അനസ്ബിൻ മാലിക്(റ) പറഞ്ഞു. മഴക്ക് വേണ്ടിയുള്ള പ്രാർഥനയിലല്ലാതെ മറ്റൊരു പ്രാർഥനയിലും നബിﷺ കൈകള്‍ ഉയര്‍ത്താറില്ല. മഴക്ക്‌ വേണ്ടി പ്രാർഥിക്കുമ്പോള്‍ നബിﷺ അവിടുത്തെ രണ്ടു കക്ഷത്തിലെ വെളുപ്പ്‌ കാണുന്നതു വരെ രണ്ടും കയ്യും ഉയര്‍ത്താറുണ്ട്‌.
    സവിശേഷമായും പ്രാധാന്യത്തോടെയും പ്രത്യേക ഭാവത്തിലും കൈ ഉയർത്തുന്നതിനെ കുറിച്ചാണ് ഈ ഹദീസിൽ പരാമർശിച്ചത്.
    ഇമാം ബുഖാരി(റ) തന്നെ നിവേദനം ചെയ്യുന്ന ഹദീസ് ഇങ്ങനെയാണ്. അനസ്(റ) പറയുന്നു. തിരുനബിﷺ വെള്ളിയാഴ്ച ദിവസം പ്രസംഗിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ കയറി വന്നു. ഇപ്രകാരം പറഞ്ഞു. പ്രവാചകരേﷺ, ജനങ്ങളും മൃഗങ്ങളും കുടുംബങ്ങളും നശിച്ചു. അപ്പോള്‍ തിരുനബിﷺ തന്‍റെ ഇരുകൈകളും ഉയര്‍ത്തി പ്രാർഥിച്ചു. ജനങ്ങളും നബിﷺയുടെ കൂടെ അവരുടെ കൈകള്‍ ഉയര്‍ത്തി പ്രാർഥിക്കുവാന്‍ തുടങ്ങി. ഞങ്ങള്‍ പള്ളിയില്‍ നിന്നും പുറത്തു പോകുന്നതിന്‍റെ മുമ്പ്‌ തന്നെ മഴ പെയ്തു. അടുത്ത വെള്ളിയാഴ്ച ദിവസം വരെ ഞങ്ങള്‍ക്ക്‌ മഴ ലഭിച്ചുകൊണ്ടിരുന്നു.
    ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. സൈദ്ബ്നു ഖാലിദ്(റ) പറഞ്ഞു. ഹുദൈബിയ്യയില്‍ വെച്ച് രാത്രി മഴ ലഭിച്ചതിന് ശേഷമുള്ള ഒരു സുബ്ഹ് നിസ്കാരം തിരുനബിﷺ ഞങ്ങളുമായി നിസ്കരിച്ചു. നിസ്കാരത്തില്‍ നിന്ന് നബിﷺ വിരമിച്ചപ്പോള്‍ ജനങ്ങളുടെ നേരെ തിരിഞ്ഞ് കൊണ്ട് അവിടുന്ന് പറഞ്ഞു. ഇന്ന് രാത്രി നിങ്ങളുടെ രക്ഷിതാവ് എന്താണ് പ്രസ്താവിച്ചതെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു. അല്ലാഹുവും അവന്റെ ദൂതനുﷺമാണ് ഏറ്റവും അറിവുള്ളത്. തിരുനബിﷺ പറഞ്ഞു. അല്ലാഹു പറഞ്ഞിരിക്കുന്നു. പ്രഭാതമായപ്പോള്‍ എന്റെ അടിമകളില്‍ ചിലര്‍ വിശ്വാസികളും മറ്റു ചിലര്‍ അവിശ്വാസികളുമായിരിക്കുന്നു. അല്ലാഹുവിന്റെ ഔദാര്യത്താലും കാരുണ്യത്താലും നമുക്ക് മഴ ലഭിച്ചു എന്ന് പറയുന്നവര്‍ എന്നില്‍ വിശ്വസിച്ചിരിക്കുന്നു; നക്ഷത്രങ്ങളില്‍ അവിശ്വസിച്ചിരിക്കുന്നു. എന്നാല്‍, ഇന്ന നക്ഷത്രം കാരണമാണ് മഴ ലഭിച്ചത് എന്ന് പറയുന്നവര്‍ എന്നില്‍ അവിശ്വസിച്ചവരും നക്ഷത്രങ്ങളെ വിശ്വസിച്ചവരുമാകുന്നു.
    ഈ പരാമർശങ്ങളുടെ ഒരു പശ്ചാത്തലം കൂടി മറ്റൊരു ഹദീസിൽ നിന്ന് നമുക്ക് വായിക്കാം. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ വിശദീകരിച്ചു. ജാഹിലിയ്യഃ കാലത്തെ നാലു സ്വഭാവങ്ങള്‍ എന്റെ സമുദായത്തിലുണ്ട്. അവര്‍ അത് ഒഴിവാക്കുകയുമില്ല. തറവാടിന്റെ പേരിലുള്ള ദുരഭിമാനവും കുടുംബത്തിന്റെ പേരിലുള്ള ആക്ഷേപവും മയ്യിത്തിന്റെ പേരില്‍ ആര്‍ത്തു കരയലും നക്ഷത്രങ്ങളെ കൊണ്ട് മഴ തേടലും.
    ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് കൂടി ഇവിടെ വായിക്കേണ്ടതാണ്. ഇബ്നു ഉമറി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. നബിﷺ പറഞ്ഞു. അദൃശ്യകാര്യങ്ങളുടെ താക്കോല്‍ അഞ്ചു കാര്യങ്ങളാണ്‌. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അവയെക്കുറിച്ചറിയാന്‍ കഴിയുകയില്ല. നാളെ എന്ത് സംഭവിക്കുമെന്നും സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ എന്താണുടലെടുക്കുകയെന്നും താന്‍ നാളെ എന്താണ്‌ പ്രവര്‍ത്തിക്കുകയെന്നും താന്‍ ഏത്‌ ഭൂമിയില്‍ വെച്ചാണ്‌ മരണമടയുകയെന്നും ഒരാള്‍ക്കും അറിയുവാന്‍ കഴിയുകയില്ല. എപ്പോഴാണ്‌ മഴ വര്‍ഷിക്കുകയെന്നും ഒരു മനുഷ്യനും അറിയാന്‍ കഴിയുകയില്ല.
    ആത്യന്തികമായ അറിവുകളും അധികാരങ്ങളും മുഴുവനും അല്ലാഹുവിനാണെന്ന് നിരന്തരമായി ഉൽബോധിപ്പിച്ചു കൊണ്ടിരിക്കുക തിരുനബിയുടെ പതിവാണ്. ഏതെങ്കിലും പ്രാപഞ്ചിക പ്രതിഭാസങ്ങളുണ്ടായാൽ അതിനോട് ചേർത്തുവച്ചു കൊണ്ടായിരിക്കും അവിടുത്തെ വിശദീകരണം. ഗ്രഹണമുണ്ടായപ്പോൾ ഗ്രഹണത്തെക്കുറിച്ചും മഴ ലഭിക്കാത്തപ്പോൾ ലഭിക്കാത്തതിനെക്കുറിച്ചും നന്നായി മഴ വർഷിക്കുമ്പോൾ അതിനെ സംബന്ധിച്ചും ഏറ്റവും ഉചിതമായ വിധത്തിലെ ആത്മീയ ബോധനമായിരിക്കും തിരുനബിﷺയുടെ പതിവ്.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...