Tweet 1060

    Tweet 1060
    May 9, 2025 • Friday
    Post Header

    ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. ആഇശ(റ) പറഞ്ഞു. തിരുനബിﷺ നാല് റക്അത്തുകൾ നിസ്‌കരിക്കുമായിരുന്നു. അവയുടെ ഭംഗിയെക്കുറിച്ചും ദൈർഘ്യത്തെക്കുറിച്ചും താങ്കൾ ചോദിക്കുകയേ വേണ്ട. അഥവാ അത്രമേൽ പൂർണ്ണതയിലും ഭംഗിയിലുമായിരുന്നു നിർവഹിക്കുന്നത്. പിന്നീട് നാലു റക്അത്തുകൾ നിസ്‌കരിക്കും. അവയുടെ ഭംഗിയെക്കുറിച്ചും ദൈർഘ്യത്തെക്കുറിച്ചും താങ്കൾ ചോദിക്കുകയേ വേണ്ട. ശേഷം, തിരുനബിﷺ മൂന്നു റക്അത്തുകൾ നിസ്‌കരിക്കുമായിരുന്നു.
    ഈ മൂന്നു റക്അത്തുകൾ രണ്ടു സലാം കൊണ്ട് നിർവഹിക്കൽ അനുവദനീയമാണ്. ഒരു തശഹ്ഹുദും ഒരു സലാമും കൊണ്ട് ഒന്നിച്ചു നിസ്‌കരിക്കലും അനുവദനീയമാണ്.
    ഇമാം നസാഈ(റ), ബൈഹഖി(റ) എന്നിവർ ഉദ്ധരിക്കുന്നു. ആഇശ(റ)യിൽ നിന്ന് നിവേദനം. നബിﷺ മൂന്നു റക്അത്തുകൾകൊണ്ട് വിത്‌റാക്കുമായിരുന്നു. അവയിൽ അവസാനത്തിലല്ലാതെ തിരുമേനിﷺ ഇരിക്കുമായിരുന്നില്ല.
    രണ്ടു തശഹ്ഹുദുകൾ കൊണ്ടും ഒരു സലാം കൊണ്ടും വിത്ർ നിസ്‌കരിക്കാവതല്ല. മഗ്‌രിബ് നിസ്‌കാരത്തോടു സാദൃശ്യമാകാതിരിക്കുവാൻ വേണ്ടിയാണത്. തിരുനബിﷺ അത് വിരോധിച്ചിട്ടുണ്ട്.
    ഏഴു റക്അത്തുകൾ കൊണ്ടും അഞ്ചു റക്അത്തുകൾകൊണ്ടും വിത്‌റാക്കൽ അനുവദനീയമാകുന്നു. അപ്പോൾ അവയുടെ അവസാനത്തിലേ ഇരിക്കാവൂ.
    ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. ആഇശ(റ) പറഞ്ഞു. അല്ലാഹുവിന്റെ റസൂൽﷺ രാത്രിയിൽ പതിമൂന്ന് റക്അത്തുകൾ നിസ്‌കരിക്കുമായിരുന്നു. അതിൽ അഞ്ചു റക്അത്തുകൾകൊണ്ട് വിത്‌റാക്കുമായിരുന്നു. അതിൽ അവസാനത്തിലല്ലാതെ ഒരു റക്അത്തിലും തിരുനബിﷺ ഇരിക്കുമായിരുന്നില്ല.
    ഇബ്നു ഖുദാമ(റ) അൽമുഗ്നിയിൽ പറയുന്നു. ഒരു മുസ്‌ലിം രാത്രിയുടെ ആദ്യ സമയത്ത് തന്നെ വിത്റ് നിസ്കരിച്ച് ഉറങ്ങി. ശേഷം രാത്രിയുടെ അവസാനത്തിൽ എഴുന്നേറ്റ് നിസ്കരിക്കുവാൻ അല്ലാഹു അവന് അവസരം നൽകിയാൽ അവൻ ഈരണ്ട് ഈരണ്ട് റക്അത്ത് നിസ്കരിക്കുക. അവൻ ആദ്യം നിർവഹിച്ച വിത്റ് അഥവാ ഒരു റക്അത്ത് കൂടി ചേർത്ത് ഒഴിവാക്കേണ്ടതില്ല. അവൻ ആദ്യം നിർവഹിച്ച വിത്റ് തന്നെ മതിയാകുന്നതാണ്.
    സൂക്ഷ്മതക്ക് വേണ്ടി ഒരാൾ രാത്രിയുടെ ആദ്യത്തിൽ വിത്ർ നിസ്കരിക്കുന്നത് നല്ല കാര്യമാണ്. നബിﷺ അബൂഹുറൈറ(റ), അബുദ്ദർദാഅ്(റ) എന്നിവരോട് രാത്രിയുടെ ആദ്യത്തിൽ വിത്ർ നിസ്കരിക്കാൻ വസിയ്യത് ചെയ്തിരുന്നു. ചില പണ്ഡിതൻമാർ പറഞ്ഞു. അവർ രണ്ടുപേരും രാത്രിയുടെ ആദ്യത്തിൽ വൈജ്ഞാനിക വിഷയങ്ങളിൽ വ്യാപൃതരാവുന്നത് കൊണ്ട് രാത്രിയുടെ അന്ത്യ സമയത്ത് എഴുന്നേൽക്കൽ അവർക്ക് പ്രയാസമായിരുന്നു.
    ഒരാൾ രാത്രിയുടെ ആദ്യത്തിൽ വിത്റാക്കിയതിനു ശേഷം, രാത്രിയുടെ അന്ത്യസമയത്ത് നിസ്കരിക്കാൻ അല്ലാഹു അവസരം നൽകിയാൽ വിത്റാക്കാതെ അഥവാ ഒറ്റയാക്കാതെ അവന് നിസ്കരിക്കാവുന്നതാണ്. കാരണം, ഒരു രാത്രി രണ്ട് വിത്റില്ല എന്ന പ്രസ്താവന തിരുനബിﷺയിൽ നിന്ന് ഇമാം അബൂദാവൂദ് ഉദ്ധരിച്ചിട്ടുണ്ട്. അതിനാൽ അവൻ 2, 4, 6 അല്ലെങ്കിൽ അതിൽ കൂടുതൽ എന്നിങ്ങനെ ഇരട്ടയായി രാത്രിയുടെ അന്ത്യ സമയത്ത് നിസ്കരിക്കുന്നതിന് പ്രശ്നമില്ല. രാത്രിയുടെ ആദ്യസമയത്ത് വിത്റാക്കാത്തവനോടാണ് അന്ത്യസമയത്ത് വിത്റാക്കാൻ കൽപ്പിക്കപ്പെട്ടത്.
    ഒരാൾക്ക് രാത്രിയുടെ അന്ത്യസമയത്ത് വിത്റാക്കാൻ കഴിയുമെങ്കിൽ, അതാണ് ഏറ്റവും ശ്രേഷ്ഠമായത്. ഇനി, ഒരാൾ എഴുന്നേൽക്കില്ലെന്ന പേടി കാരണം, ഒരുറപ്പിന് വേണ്ടി രാത്രിയുടെ ആദ്യത്തിൽ വിത്ർ നിസ്കരിച്ചു. ശേഷം, രാത്രിയുടെ അന്ത്യസമയത്ത് നിസ്കരിക്കാൻ അല്ലാഹു അവസരം നൽകിയാൽ, വിത്റാക്കാതെ അവന് നിസ്കരിക്കുകയും ചെയ്യാവുന്നതാണ്. നബിﷺ വിത്റിനു ശേഷം രണ്ട് റകഅത് നിസ്കരിച്ചതായി ആഇശ(റ)യിൽ നിന്ന് നിവേദനം വന്നിട്ടുമുണ്ട്. വിത്റാക്കിയതിന് ശേഷവും നിസ്കരിക്കാം എന്ന് ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കാനായിരുന്നു അത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...