
തിരുനബിﷺ വളരെ സവിശേഷമായി ജീവിതത്തിൽ പരിപാലിച്ച നിസ്കാരമാണ് സ്വലാത്തുൽ വിത്ത്റ് അഥവാ വിത്ത്റ് നിസ്കാരം. പ്രസ്തുത നിസ്കാരത്തിന്റെ മഹത്വം അറിയിച്ചുകൊണ്ട് അവിടുന്ന് ഇങ്ങനെ പറഞ്ഞു. ‘വിത്റ് നിസ്കാരം’ ബാധ്യതയാക്കപ്പെട്ടതാണ്, വിത്റ് നിസ്കരിക്കാത്തവൻ നമ്മിൽ പെട്ടവനല്ല. ബുറൈദയിൽ നിന്ന് ഇമാം അബൂദാവൂദ്(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഈ ആശയം കാണാം.
അബൂ അയ്യൂബുൽ അൻസ്വാരി(റ)യിൽ നിന്ന് ഇമാം അബൂദാവൂദ്(റ) തന്നെ നിവേദനം ചെയ്യുന്നു. നബിﷺ പറഞ്ഞു. വിത്റ് നിസ്കാരം ഓരോ മുസ്‌ലിമിന്റെയും അവകാശവും ബാധ്യതയുമാണ്. മൂന്ന് റക്അത്ത് നിസ്കരിച്ച് വിത്റാക്കാൻ ആരെങ്കിലും ഉദ്ദേശിച്ചാൽ അവൻ അങ്ങനെ ചെയ്യട്ടെ. ഒരു റക്അത്ത് നിസ്കരിച്ച് വിത്റാക്കാൻ ആരെങ്കിലും ഉദ്ദേശിച്ചാൽ അവൻ അങ്ങനെ ചെയ്യട്ടെ.
ഇമാം നസാഈ(റ)യുടെ നിവേദനത്തിൽ അലിയ്യ്(റ) ഇങ്ങനെ പറഞ്ഞു. ഫർള് നിസ്‌കാരം പോലെ നിർബന്ധമുളളതല്ല വിത്ർ. പക്ഷേ, റസൂൽﷺ സുന്നത്താക്കി നിശ്ചയിച്ചതാണ്.
ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. അബൂദർറ്(റ) പറഞ്ഞു. എന്റെ ഹബീബായ റസൂൽﷺ മൂന്ന് കാര്യങ്ങള്‍ എന്നോട് വസ്വിയ്യത്ത് ചെയ്തു. ജീവിച്ചിരുന്ന കാലമത്രയും ഞാനത് ഉപേക്ഷിച്ചിട്ടില്ല. എല്ലാ മാസവും മൂന്ന് ദിവസം വ്രതമനുഷ്ഠിക്കുക, ളുഹാ നിസ്‌കാരം നിർവ്വഹിക്കുക, ഉറങ്ങുന്നതിനു മുമ്പ് വിത്റ് നിസ്‌കരിക്കുക എന്നിവയാണത്.
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ആഇശ(റ) പറഞ്ഞു. ഞാൻ നബിﷺയുടെ വിരിപ്പിൽ വിലങ്ങനേ കിടന്നുറങ്ങുമ്പോൾ അവിടുന്ന് നിസ്കരിക്കാറുണ്ടായിരുന്നു. അവിടുന്നു വിത്റ് നിസ്‌കരിക്കാൻ ഉദ്ധേശിച്ചാൽ എന്നെ വിളിച്ചുണർത്തും. ഞാനും വിത്റ് നിസ്‌കരിക്കും.
ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു. ഖാരിജ: ബ്നു ഹുദാഫ(റ) പ്രസ്താവിച്ചു. നബിﷺ ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു. ‘നിശ്ചയം അല്ലാഹു ഒരു നിസ്കാരം നിയമമാക്കി നിങ്ങളെ സഹായിച്ചിരിക്കുന്നു. അത് നിങ്ങൾക്ക് ഒരു ചുവന്ന ഒട്ടകം ലഭിക്കുന്നതിനേക്കാൾ ഉത്തമമാകുന്നു. അത് വിത്റ് നിസ്കാരമാണ്. ഇശാഇനും ഫജ്റിനും ഇടയിൽ നിങ്ങളത് നിര്‍വ്വഹിക്കുക.
ഇമാം തുർമുദി(റ)യുടെ തന്നെ മറ്റൊരു നിവേദനം ഇങ്ങനെയാണ്. അലിയ്യ്(റ) പറഞ്ഞു. വിത്ർ ഫർള് നിസ്‌കാരം പോലെ നിർബന്ധമുളളതല്ല. പക്ഷേ, നബിﷺ സുന്നത്താക്കി നിശ്ചയിച്ചതാണ്. നബിﷺ പറയുകയുണ്ടായി. അല്ലാഹു വിത്‌റും അഥവാ ഏകനും വിത്‌റിനെ അതായത് ഒറ്റയെ ഇഷ്ടപ്പെടുന്നവനുമാണ്. അതുകൊണ്ട് ഖുർആനിൽ വിശ്വസിച്ചവരേ, നിങ്ങൾ വിത്‌റ് നിസ്‌കരിക്കൂ.
ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹി ബ്നു ഉമര്‍(റ) പറഞ്ഞു. രാത്രി നിസ്കാരത്തെ കുറിച്ച് ഒരാള്‍ നബിﷺയോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു. രാത്രി നിസ്കാരം ഈരണ്ട് ഈരണ്ടാകുന്നു. അങ്ങനെ നിങ്ങളിലാരെങ്കിലും പ്രഭാതം ആയേക്കുമെന്ന് ഭയപ്പെട്ടാല്‍ ഒരു റക്അത്ത് നിസ്കരിക്കട്ടെ. അത് അവന്‍ നിസ്കരിച്ചതിനെ വിത്റ് അഥവാ ഒറ്റയാക്കും.
വിത്ർ നിസ്കാരത്തിന്റെ മഹത്വവും പ്രാധാന്യവും തിരുനബിﷺ അതിനു കൽപ്പിച്ചിരുന്ന സവിശേഷമായ പരിഗണനയും നിർവഹിക്കേണ്ട സമയവും എല്ലാം വിശദീകരിക്കുന്ന നിവേദനങ്ങളാണ് നാം വായിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ രാത്രി നിസ്കാരത്തിന്റെ അവസാനം അത് വിത്റായിരിക്കട്ടെ എന്ന് തിരുനബിﷺ പറഞ്ഞത് അബ്ദുല്ലാഹിബ്നു ഉമർ(റ) ഉദ്ധരിച്ചതായി ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നുണ്ട്.
അല്ലാമാ ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി(റ) നൽകുന്ന ഒരു വിശദീകരണം ഇങ്ങനെ വായിക്കാം. ഇമാം അബൂദാവൂദും(റ) ഇമാം നസാഇ(റ)യും നിവേദനം ചെയ്യുന്ന, അബൂഉവാന(റ)യും മറ്റും സ്വഹീഹെന്നു വിശേഷിപ്പിച്ച ഹദീസ് ഇക്കാര്യമറിയിക്കുന്നതിൽ ഒന്നുകൂടി സ്പഷ്ടമാണ്. ഇബ്‌നുഉമർ(റ) പറയുമായിരുന്നു. “ആരെങ്കിലും രാത്രിയിൽ നിസ്‌കരിച്ചാൽ അവൻ തന്റെ നിസ്‌കാരത്തിന്റെ അവസാനം വിത്‌റാക്കട്ടെ. കാരണം അല്ലാഹുവിന്റെ റസൂൽﷺ അതു കൽപിക്കുമായിരുന്നു. ഫജ്‌റായാൽ രാത്രി നിസ്‌കാരവും വിത്‌റും കഴിഞ്ഞുപോയി.’’
പ്രമുഖ സ്വഹാബി ജാബിറി(റ)ൽ നിന്ന് ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. ആരെങ്കിലും രാത്രിയുടെ അവസാനത്തിൽ എഴുന്നേൽക്കുകയില്ലെന്ന് ഭയന്നാൽ അവൻ തുടക്കത്തിൽ തന്നെ വിത്‌റ് നിർവഹിക്കട്ടെ. രാത്രിയുടെ അവസാനത്തിൽ എഴുന്നേൽക്കുവാൻ തൽപരനായവൻ രാത്രിയുടെ അവസാനം വിത്‌റാക്കട്ടെ. കാരണം രാത്രിയുടെ അവസാനത്തിലുള്ള നിസ്‌കാരം സാക്ഷ്യം വഹിക്കപ്പെടുന്നതാണ്; അത് അതിശ്രേഷ്ഠവുമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
