Tweet 1061

    Tweet 1061
    May 10, 2025 • Saturday
    Post Header

    തിരുനബിﷺ വിത്ർ നിസ്കാരത്തിൽ പാരായണം ചെയ്തിരുന്ന അധ്യായങ്ങളെക്കുറിച്ചുള്ള വിശദമായ വായനകൾ ഇമാം നസാഈ(റ) നിവേദനം ചെയ്യുന്നു. അബ്ദുറഹ്മാൻ(റ) പറഞ്ഞു. വിത്റിന്റെ ഒന്നാമത്തെ റക്അത്തിൽ നബിﷺ ‘സബ്ബിഹിസ്മ റബ്ബികൽ അഅ്ലാ’ യും രണ്ടാമത്തെ റക്അത്തിൽ ‘ഖുൽ യാ അയ്യുഹൽ കാഫിറൂൻ’ ഉം മൂന്നാമത്തെ റക്അത്തിൽ ‘ഖുൽ ഹുവല്ലാഹു അഹദ്’ ഉം പാരായണം ചെയ്യുമായിരുന്നു. സലാം വീട്ടിയ ശേഷം അവിടുന്ന് ‘സുബ്ഹാനല്‍-മലികില്‍ ഖുദ്ദൂസ്’ എന്ന് മൂന്ന് പ്രാവശ്യം പറയുമായിരുന്നു. മൂന്നാം തവണ അത് പറയുമ്പോൾ ശബ്ദം ഉയര്‍ത്തിയിരുന്നു.
    മൂന്നാമത്തെ റക്അത്തിൽ ഖുർആനിലെ അവസാനത്തെ മൂന്ന് അധ്യായങ്ങൾ പാരായണം ചെയ്തിരുന്നു എന്ന് നിരവധി നിവേദനങ്ങളിൽ വായിക്കാൻ കഴിയും. ദീർഘമായ സൂറത്തുകൾ പാരായണം ചെയ്തുകൊണ്ട് വിത്റ് നിസ്കരിച്ച അനുഭവങ്ങളും തിരുനബിﷺയുടെ ജീവിതത്തിലുണ്ട്. യാത്രയ്ക്കിടയിൽ വാഹനപ്പുറത്തിരുന്നും അവിടുന്ന് വിത്ർ നിസ്കരിച്ചിട്ടുണ്ടായിരുന്നു.
    റമളാനിലും അല്ലാത്തപ്പോഴും തിരുനബിﷺ രാത്രി നിസ്കാരം പതിനൊന്നു റക്അത്തിനേക്കാൾ അധികരിപ്പിച്ചിട്ടില്ല എന്ന ഹദീസ് എല്ലാക്കാലത്തും നിരന്തരമായി നിർവഹിക്കുന്ന വിത്റിനെ കുറിച്ചാണ് എന്നതാണ് പ്രബലം. റമളാനിലെ സവിശേഷമായ തറാവീഹ് നിസ്കാരത്തെ കുറിച്ചാണ് എന്ന് സ്ഥിരപ്പെടുത്താനും അതുവഴി തറാവീഹിന്റെ റക്അത്ത് എട്ടായി നിർണയിക്കാനും ചിലർ ശ്രമിക്കാറുണ്ട്. എന്നാൽ പ്രമാണം അവർക്കൊപ്പമല്ല.
    തിരുനബിﷺ റമളാനിൽ ഇരുപത് റക്അത്ത് തറാവീഹും മൂന്നു റക്അത്ത് വിത്റുമാണ് സമൂഹത്തിന് അഭ്യസിപ്പിച്ചത് എന്ന് ബോധ്യപ്പെടുത്തുന്നതാണ് മഹാനായ രണ്ടാം ഖലീഫ ഉമറുബ്നുൽ ഖത്വാബ്(റ) നടപ്പിലാക്കിയ വ്യവസ്ഥിതിയിൽ നിന്ന് ലോകത്തിന് വായിക്കാനായത്. അതുകൊണ്ടുതന്നെ മക്കയിലും മദീനയിലും 1400 വർഷത്തോളം ഇരുപതിൽ കുറഞ്ഞ ഒരു തറാവീഹും ഉണ്ടായിരുന്നില്ല. കോവിഡ്കാലം മുതൽ മാത്രം നടപ്പിലാക്കിയ ചില ലഘൂകരണങ്ങൾക്ക് എന്താണ് പ്രമാണം എന്ന് ഇനിയും പഠിക്കേണ്ടതുണ്ട്.
    റമളാൻ കാലങ്ങളിൽ രണ്ടാമത്തെ പകുതിയിലെ വിത്റ് നിസ്കാരത്തിൽ ഖുനൂത്ത് ഓതാൻ തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ട്. ഇമാം ബൈഹഖി(റ)യും മറ്റും നിവേദനം ചെയ്ത ഹദീസിൽ ഇത് നമുക്ക് വായിക്കാൻ കഴിയും.
    വിത്റ് നിസ്കാരത്തിന്റെ വ്യത്യസ്ത നിവേദനങ്ങൾ നമ്മൾ വായിച്ചപ്പോൾ മൂന്നു റക്അത്ത് ചേർത്തു നിസ്കരിക്കുന്നതും രണ്ട് റക്അത്തിനുശേഷം സലാം വീട്ടി മൂന്നാമത് സ്വന്തമായി നിസ്കരിക്കുന്നതും ഇട കലർത്തി വായിച്ചു പോയിട്ടുണ്ട്. എന്നാൽ, ശാഫിഈ മദ്ഹബിൽ രണ്ട് റക്അത്തിനു ശേഷം സലാം വീട്ടിയും ശേഷം ഒരു റക്അത്ത് ഒറ്റയായി നിസ്കരിച്ചുമാണ് വിത്ത്റ് നിർവഹിക്കേണ്ടത്. അതിൽ നിന്ന് വ്യത്യസ്തമായി മറ്റു മദ്ഹബുകളിലും അവരുടെ ഇമാമുകൾ പ്രബലമാക്കിയ രൂപത്തിൽ നിർവഹിക്കാറുണ്ട്. നാലു മദ്ഹബിലെയും ഇമാമുകൾ പഠിപ്പിക്കുന്ന കാര്യങ്ങൾ പ്രാമാണികവും അതാത് മദ്ഹബുകളെ അനുകരിക്കുന്നവർ അനുകരിച്ചു ജീവിക്കേണ്ടതുമാണ്.
    രാത്രിയുടെ എല്ലാ ഭാഗങ്ങളിലും തിരുനബിﷺ വിത്റ് നിസ്കരിച്ച സന്ദർഭങ്ങൾ ഹദീസുകളിൽ വന്നിട്ടുണ്ട്. അഥവാ രാത്രിയുടെ ആദ്യഭാഗത്തും മധ്യഭാഗത്തും അവസാന ഭാഗത്തും എല്ലാം.
    സാധാരണ എല്ലാ നിസ്കാരങ്ങളിലും ഉണ്ടായിരുന്നതു പോലെ വിത്റ് നിസ്കാരത്തിലും, ജനങ്ങളുടെ സാന്നിധ്യത്തിലോ നേതൃത്വത്തിലോ ആയിരിക്കുമ്പോൾ ലഘുവാക്കാനും സ്വന്തമായി നിസ്കരിക്കുമ്പോൾ പരമാവധി ദൈർഘ്യത്തിൽ നിർവഹിക്കാനും പ്രത്യേകം അവിടുന്ന് ശ്രദ്ധിക്കുമായിരുന്നു.
    തിരുനബിﷺ ജീവിതത്തിൽ കണിശമായും പാലിക്കുകയും പാലിക്കാൻ നിർദ്ദേശിക്കുകയും ചെയ്ത സവിശേഷമായ സുന്നത്ത് നിസ്കാരങ്ങളിൽ പ്രധാനമാണ് വിത്റ് നിസ്കാരം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...