
തിരുനബിﷺയുടെ സുന്നത്ത് നിസ്കാരങ്ങളെ വായിക്കുമ്പോൾ ഏറിയ കാലവും നിന്ന് നിസ്കരിക്കുകയും ശാരീരികമായി പ്രയാസങ്ങൾ നേരിട്ടപ്പോൾ മാത്രം ഇരുന്നു നിസ്കരിക്കുകയും ചെയ്തതായിട്ടാണ് ഹദീസുകൾ സംസാരിക്കുന്നത്. തിരുനബിﷺയുടെ ഭൗതിക ജീവിതത്തിന്റെ വിയോഗത്തിന് ഒരു വർഷം മുമ്പ് വരെ നിന്നു മാത്രമേ സുന്നത്ത് നിസ്കരിക്കാറുണ്ടായിരുന്നുള്ളൂ. നിസ്കാരത്തിൽ ഖുർആൻ പാരായണം ചെയ്യുമ്പോൾ എല്ലാ ചിട്ടകളും പാലിച്ച് അവധാനതയോടു കൂടിയായിരുന്നു പാരായണം ചെയ്തിരുന്നത്. ദീർഘമായ സൂറത്തുകൾ ദീർഘമായി തന്നെ പാരായണം ചെയ്തു. തിരുനബിﷺയുടെ പത്നി ഹഫ്സ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഈ ആശയങ്ങൾ കാണാം.
ചില സന്ദർഭങ്ങളിൽ ദീർഘനേരം ഇരുന്ന് ഖുർആൻ ഓതി നിസ്കരിക്കുകയും മുപ്പതോ നാല്പതോ ആയത്തുകൾ ബാക്കിയുള്ളപ്പോൾ എഴുന്നേറ്റുനിന്ന് പാരായണം ചെയ്തതിനുശേഷം റുകൂഇലേക്ക് പോയി നിസ്കാരം തുടരുകയും ചെയ്ത സന്ദർഭങ്ങൾ ഹദീസുകളിൽ വന്നിട്ടുണ്ട്. തിരുനബിﷺ വിയോഗത്തോട് അടുത്ത കാലം അധിക സുന്നത്തു നിസ്കാരങ്ങളും ഇരുന്നുകൊണ്ടായിരുന്നു നിർവഹിച്ചത് എന്ന് പ്രിയ പത്നി മഹതി ആഇശ(റ) പറയുന്നുണ്ട്.
സുബ്ഹിക്ക് മുമ്പുള്ള സുന്നത്ത് ഏറെ പ്രാധാന്യത്തോടുകൂടി തിരുനബിﷺ പരിഗണിച്ചിരുന്നു. അത്രമേൽ ശ്രദ്ധയോടുകൂടി പരിപാലിച്ചു നിസ്കരിച്ച മറ്റൊരു സുന്നത്ത് നിസ്കാരവും ഉണ്ടായിരുന്നില്ല എന്ന് ബീവി ആഇശ(റ) തന്നെ പറയുന്നുണ്ട്.
സുബ്ഹിക്ക് മുമ്പുള്ള സുന്നത്ത് നിസ്കാരം ലളിതവും സൗമ്യവുമായിട്ടായിരുന്നു തിരുനബിﷺ നിർവഹിച്ചിരുന്നത്. തിരുനബിﷺ ഫാത്തിഹ ഓതിയിട്ടുണ്ടല്ലോ എന്ന് പറയാൻ മാത്രം ലഘുവായിരുന്നു എന്ന പ്രയോഗം വരെ ഹദീസിൽ വന്നിട്ടുണ്ട്. ഒന്നാമത്തെ റക്അത്തിൽ കാഫിറൂനും രണ്ടാമത്തേതിൽ ഇഖ്ലാസും പൂർണ്ണമായും പാരായണം ചെയ്തിരുന്നു. ചില ഒറ്റപ്പെട്ട സൂക്തങ്ങൾ സവിശേഷമായി പാരായണം ചെയ്തിരുന്നതായി ഹദീസുകളിൽ കാണുന്നുമുണ്ട്.
സുന്നത്ത് നിസ്കാരത്തെ തുടർന്ന് ‘റബ്ബ ജിബിരീല വ മീകാഈല വ ഇസ്റാഫീല വ മുഹമ്മദിൻ അഊദുബിക മിനന്നാർ’ എന്ന സവിശേഷമായ പ്രാർഥന മൂന്നു പ്രാവശ്യം ചൊല്ലി വലതു ഭാഗത്തേക്ക് ചരിഞ്ഞു അൽപ നേരം കിടക്കും. ജിബ്‌രീല്‍(അ), മീക്കാഈൽ(അ), ഇസ്റാഫീൽ(അ) എന്നീ മലക്കുകളുടെയും മുഹമ്മദ് നബിﷺയുടെയും പരിപാലകനായ അല്ലാഹുവേ, നരകത്തിൽ നിന്ന് കാവൽ നൽകേണമേ. ഇതാണ് ആ പ്രാർഥനയുടെ ആശയം.
എപ്പോഴെങ്കിലും സുബ്ഹിയുടെ മുമ്പുള്ള സുന്നത്ത് നിസ്കാരം സമയത്ത് നിർവഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് അത് മടക്കി നിസ്കരിക്കുമായിരുന്നു. സൂര്യോദയത്തിനു ശേഷം മടക്കി നിസ്കരിച്ച നിവേദനം ഇമാം ഇബ്നുമാജ(റ) ഉദ്ധരിക്കുന്നുണ്ട്.
നിസ്കാരത്തിലേക്ക് വിളിക്കാൻ മുഅദ്ദിൻ വരുന്നത് വരെ തിരുനബിﷺ വലതുഭാഗത്തേക്ക് ചരിഞ്ഞു കിടന്ന നിവേദനവും ഇമാമുകൾ ഉദ്ധരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് ആലോചിക്കുകയും പരലോക വിചാരത്തിൽ മരണാനന്തരം കിടക്കേണ്ടിവരുന്ന രീതിയിൽ തന്നെ വലതു ഭാഗത്തേക്ക് ചരിഞ്ഞ് ഖിബ്‌ലക്ക് അഭിമുഖമായി കിടക്കുകയുമായിരുന്നു നബിﷺയുടെ രീതി.
ആധ്യാത്മിക വിചാരങ്ങൾ ഏറ്റവും തെളിഞ്ഞ രൂപത്തിൽ നിർമലമായ പ്രഭാതത്തിൽ തന്നെ നിർവഹിക്കുക എന്ന ഒരു മനോഹാരിത കൂടി ഈ പ്രാർഥനയിലും ആരാധനയിലും നിറഞ്ഞു നിൽക്കുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
