
വീട്ടിൽ വെച്ച് സുന്നത്ത് നിസ്കാരം നിർവ്വഹിക്കുന്നത് ഏറ്റവും പുണ്യമുള്ളതായി നിശ്ചയിക്കാൻ ചില കാരണങ്ങൾ കൂടിയുണ്ട്. ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇമാം നവവി(റ) അഞ്ചു കാരണങ്ങൾ വിശദീകരിക്കുന്നു. ഒന്ന്, വീട്ടിൽവെച്ചുള്ള സുന്നത്ത് നിസ്കാരം കൂടുതൽ രഹസ്യ സ്വഭാവമുള്ളതായിരിക്കും.
രണ്ട്, അത് മൂലം കപടഭക്തി കടന്നു കൂടാനുള്ള സാധ്യത കുറയും. മൂന്ന്, സൽകർമങ്ങളെ നിഷ്ഫലമാക്കിക്കളയുന്ന രിയാഅ് അഥവാ ലോകമാന്യം തുടങ്ങിയ കാര്യങ്ങളിൽ നിന്ന് സുരക്ഷിതമായിരിക്കും.
നാല്, വീടിന് ഗുണം വർദ്ധിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹം അവിടെ വർഷിക്കുകയും ചെയ്യും.
അഞ്ച്, സുന്നത് നിസ്കാരം നിർവ്വഹിക്കപ്പെടുന്ന വീടുകളിൽ മലക്കുകൾ അവതരിക്കുകയും പിശാചുക്കൾ അവിടെനിന്ന് അകന്നു പോവുകയും ചെയ്യും. ദീർഘനേരം നിന്ന് സുന്നത്ത് നിസ്കരിക്കുന്നത് വളരെ പുണ്യവും പ്രാധാന്യവുമുള്ള കാര്യമാണ്. അങ്ങനെയാണ് തിരുനബിﷺ ചെയ്തിരുന്നത്. നിർത്തം ദീർഘിപ്പിക്കുകയെന്നതിന്റെ അർഥം, നിർത്തത്തിൽ ദീർഘമായ സൂറത്തുകൾ പാരായണം ചെയ്യുക എന്നതുകൂടിയാണ്. പ്രസിദ്ധമായ ആറു ഹദീസു ഗ്രന്ഥങ്ങളിൽ പെട്ട അബൂദാവൂദ് ഒഴികെയുള്ള എല്ലാ ഗ്രന്ഥങ്ങളിലും നിവേദനം ചെയ്യുന്നു. മുഗ്വീറതുബ്നു ശുഅ്ബ(റ) പറഞ്ഞു. തിരുനബിﷺ അവിടുത്തെ പാദങ്ങളും കണങ്കാലുകളും നീരു കെട്ടി വീർക്കുന്നത് വരെ നിന്നു നിസ്കരിക്കാറുണ്ടായിരുന്നു. അങ്ങ് എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത് എന്ന് ചോദിച്ച തന്റെ അനുയായികളോട്,
“ഞാനൊരു നന്ദിയുള്ള അടിമയാകേണ്ടതില്ലേ?” എന്നാണ് തിരുനബിﷺ ചോദിച്ചത്.
നിന്ന് നിസ്കരിക്കാൻ കഴിവുള്ളവർ നിന്നു നിസ്കരിക്കുകയെന്നത് ഫർള് നിസ്കാരത്തിന്റെ നിർബന്ധ കാര്യങ്ങളിൽ ഒന്നാണ്. നിൽക്കാൻ കഴിയുന്നവൻ ഇരുന്നു നിസ്ക്കരിച്ചാൽ ഫർള് നിസ്ക്കാരം സ്വീകാര്യമായിത്തീരുകയില്ല. എന്നാൽ, സുന്നത്ത് നിസ്കാരങ്ങൾ നിൽക്കാൻ കഴിയുന്നവർക്കും ഇരുന്നു നിസ്കരിക്കാം. ഒരു റക്അത്ത് നിന്നിട്ടും അടുത്ത റക്അത്ത് ഇരുന്നിട്ടും നിസ്കരിക്കാം. എന്നാൽ സുന്നത്ത് നിസ്കാരവും നിന്നു നിസ്കരിക്കുന്നത് തന്നെയാണുത്തമം.
പൊതുവായ സുന്നത്ത് നിസ്കാരങ്ങൾ, പ്രത്യേക സുന്നത്ത് നിസ്കാരങ്ങൾ എന്നിങ്ങനെ രണ്ടുതരം സുന്നത്ത് നിസ്കാരങ്ങളുണ്ട്. ഇസ്‌ലാമിക കർമശാസ്ത്ര പണ്ഡിതന്മാർ അവ വിശദീകരിച്ചിട്ടുമുണ്ട്.
പ്രത്യേക കാരണങ്ങളോ റക്അത്തുകൾക്ക് പ്രത്യേക എണ്ണമോ ഇല്ലാത്ത സുന്നത്ത് നിസ്കാരങ്ങൾക്കാണ് പൊതുവായ സുന്നത്ത് നിസ്കാരങ്ങൾ എന്ന് പറയുന്നത്. അത് നിർവ്വഹിക്കുമ്പോൾ നിസ്കരിക്കുന്നു എന്ന് മാത്രം കരുതിയാൽ മതി. ഇമാം നവവി(റ) ഇങ്ങനെ പറയുന്നു. ഒരാൾ പ്രത്യേക എണ്ണമൊന്നും നിർണ്ണയിക്കാതെ സുന്നത്ത് നിസ്കരിക്കാൻ തുടങ്ങിയാൽ അയാൾക്ക് ഒരു റക്അത്ത് കഴിഞ്ഞു സലാം വീട്ടുകയോ, രണ്ടോ, മൂന്നോ, നൂറോ, ആയിരമോ റക്അത്തുകളാക്കി വർദ്ധിപ്പിക്കുകയോ ചെയ്യാവുന്നതാണ്.
പ്രത്യേക സുന്നത്ത് നിസ്കാരങ്ങളെ റവാതിബ്, റവാതിബല്ലാത്തവ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഫര്‍ളു നിസ്കാരങ്ങളുടെ മുമ്പും ശേഷവും സുന്നത്തുള്ള നിസ്കാരങ്ങളാണ് റവാത്തിബ് നിസ്കാരങ്ങള്‍. ഇവ ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്തില്ല. റവാത്തിബ് സുന്നത്തുകള്‍ ആകെ 22 റക്അത്തുകളാണ്. ളുഹറിന് മുമ്പ് നാല് ശേഷം നാല്, അസറിന് മുമ്പ് നാല്, മഗ്‌രിബിന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, ഇശാന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട്. ഇപ്രകാരം ആകെ 22. എന്നാൽ, ഇവയിൽ 10 റക്അത്ത് ഏറ്റവും ശക്തമായ സുന്നത്തുള്ളവയാണ്. ളുഹ്റിന് മുമ്പ് രണ്ട് ശേഷം രണ്ട്, മഗ്‌രിബിന് ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട് എന്നിങ്ങനെയാണ്. ഇവ നിസ്കരിക്കുന്നവന് സ്വർഗത്തിൽ ഒരു മാളിക തന്നെ നിർമിക്കപ്പെടുമെന്ന് തിരുനബിﷺ പറഞ്ഞിട്ടുണ്ട്. ഇമാം മുസ്ലിം(റ) ഉദ്ധരിച്ച ഹദീസിൽ ഈ ആശയം കാണാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
