
തിരുനബിﷺയുടെ ജുമുഅയുമായി ബന്ധപ്പെട്ട് ചില അനുബന്ധ അധ്യായങ്ങൾ കൂടി നമുക്ക് വായിക്കാനുണ്ട്. ജുമുഅക്ക് മുമ്പ് തിരുനബിﷺ നാല് റക്അത് നിസ്കരിക്കാറുണ്ടായിരുന്നു. ഇമാം ഇബ്നു മാജ(റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഈ ആശയം ഉദ്ധരിക്കുന്നു.
ജുമുഅ നിസ്കാരത്തിൽ തിരുനബിﷺ പാരായണം ചെയ്തിരുന്ന ഖുർആൻ അധ്യായങ്ങളെ കുറിച്ച് വിശാലമായ നിവേദനങ്ങളുണ്ട്. ഇമാം ശാഫിഈ(റ), ഇമാം അഹ്മദ്(റ), അബുദാവൂദ്(റ) തുടങ്ങി ഒരു സംഘം പണ്ഡിതന്മാർ ഉദ്ധരിക്കുന്നു. ഉബൈദുള്ളാഹിബിന് അബൂ റാഫി(റ) പറഞ്ഞു. അബൂഹുറൈറ(റ) ജുമുഅ നിസ്കാരത്തിന്റെ ഒന്നാമത്തെ റക്അതിൽ ഫാതിഹക്കുശേഷം സൂറത്തുൽ ജുമുഅയും രണ്ടാമത്തെ റക്അതിൽ ഫാതിഹക്ക് ശേഷം അൽ മുനാഫിഖൂന്‍ അദ്ധ്യായവും പാരായണം ചെയ്തു. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾ രണ്ട് അധ്യായങ്ങൾ പാരായണം ചെയ്തല്ലോ! അലിയ്യുബിന് അബൂത്വാലിബ്(റ) കൂഫയിൽ വച്ച് ഈ രണ്ട് അധ്യായങ്ങൾ പാരായണം ചെയ്തു ജുമുഅ നിസ്കരിക്കാറുണ്ടായിരുന്നു. അപ്പോൾ അബൂഹുറൈറ(റ) പറഞ്ഞു. തിരുനബിﷺ ഈ രണ്ട് അധ്യായങ്ങളും ഓതി ജുമുഅ നിസ്കരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.
സമുറത് ബിൻ ജുൻദുബി(റ)ൽ നിന്ന് ഇമാം ശാഫിഈ(റ), അഹ്മദ്(റ) എന്നിവർ നിവേദനം ചെയ്യുന്ന ഹദീസിൽ, ഒന്നാമത്തെ റക്അതിൽ അൽ അഅ്ല അധ്യായവും രണ്ടാമത്തെ റക്അതിൽ ഗാശിയ അദ്ധ്യായവുമാണ് പാരായണം ചെയ്തത് എന്ന് പറഞ്ഞിട്ടുണ്ട്. ഇമാം മാലികും(റ) അഹ്മദും(റ) ഉദ്ധരിച്ച ഹദീസിൽ നുഅ്മാനുബ്നു ബശീറി(റ)ല്‍ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു. വെള്ളിയാഴ്ച ദിവസവും പെരുന്നാൾ നിസ്കാരത്തിലും മേൽ പറയപ്പെട്ട രണ്ട് അധ്യായങ്ങളായിരുന്നു തിരുനബിﷺ പാരായണം ചെയ്തിരുന്നത്.
മറ്റുചില അധ്യായങ്ങളെ പരാമർശിക്കുന്ന ഒറ്റപ്പെട്ട നിവേദനങ്ങളും നമുക്ക് വായിക്കാനുണ്ട്. പ്രായോഗികമായി ഇന്ന് ലോകത്ത് കൂടുതൽ പാരായണം ചെയ്യുന്നത് അൽ അഅ്ല, അൽ ഗാശിയ എന്നീ അധ്യായങ്ങളെ പരാമർശിക്കുന്ന നിവേദനത്തെ അവലംബിച്ചുകൊണ്ടാണ്.
ജുമുഅ നിസ്കാരാനന്തരം ദീർഘമായ രണ്ട് റക്അത്ത് സുന്നത് തിരുനബിﷺ നിസ്കരിക്കാറുണ്ടായിരുന്നു. ഈ നിവേദനത്തെ അവലംബിച്ചുകൊണ്ട് ശാഫിഈകൾ ജുമുഅ നിസ്കാരാനന്തരം രണ്ട് റക്അത് സുന്നത്ത് നിസ്കരിക്കുന്നു.
ജുമുഅ നിസ്കാരത്തിനു മുമ്പും ശേഷവും നാലു റക്അത് വീതം തിരുനബിﷺ നിസ്കരിച്ചിരുന്നു എന്ന് ചില ഹദീസുകളിൽ കാണാം. അതുപ്രകാരം ഹനഫി മദ്ഹബ് അവലംബിച്ചു ജീവിക്കുന്നവർ ഇടയിൽ സലാം വീട്ടാത്ത വിധം നാലു റക്അതുകൾ ജുമുഅക്ക് മുമ്പും ശേഷവും നിർവഹിക്കുന്നു.
ജുമുഅ നിസ്കാരാനന്തരം തിരുനബിﷺ സവിശേഷമായ പ്രാധാന്യത്തോടെ വേറെയും നിസ്കാരങ്ങൾ നിർവഹിച്ച ചില നിവേദനങ്ങൾ നമുക്ക് വായിക്കാൻ കഴിയും. പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കാൻ ഏറെ പ്രതീക്ഷയുള്ള പുണ്യദിവസമായതുകൊണ്ടും ജുമുഅ നിസ്കാരാനന്തരമുള്ള സമയത്തിന് സവിശേഷമായ പ്രാധാന്യമുള്ളതുകൊണ്ടും പ്രസ്തുത ദിവസവും സമയവും പരിഗണിച്ചുകൊണ്ടുള്ള പ്രത്യേക പ്രാർഥനകളും നിസ്കാരങ്ങളും വിവിധങ്ങളായ രൂപത്തിൽ ഹദീസുകളിൽ വന്നിട്ടുണ്ട്.
ഒരിക്കൽ അബ്ദുല്ലാഹിബിന് ബുസ്ർ(റ) ജുമുഅ നിസ്കാരവും കഴിഞ്ഞു അങ്ങാടിയിലേക്ക് പോവുകയും അൽപനേരം അങ്ങാടിയിലും മറ്റും ചുറ്റിയതിനുശേഷം വീണ്ടും പള്ളിയിലേക്ക് വന്നു ദീർഘനേരം നിസ്കരിക്കുകയും ചെയ്തത് ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹം അതിനു ന്യായമായി പറഞ്ഞത് തിരുനബിﷺ നിസ്കരിച്ചിരുന്നു എന്നാണ്. ശേഷം ഖുർആനിലെ ഒരു സൂക്തം കൂടി ഉദ്ധരിച്ചു. അതിന്റെ ആശയം ഇങ്ങനെയാണ്. നിസ്കാരം നിർവഹിക്കപ്പെട്ടു കഴിഞ്ഞാൽ നിങ്ങൾ ഭൂവിടങ്ങളിലേക്ക് പരന്നു പോവുക. അല്ലാഹുവിന്റെ അനുഗ്രഹത്തെ തേടുക.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
