Tweet 1046

    Tweet 1046
    April 25, 2025 • Friday
    Post Header

    ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. ശദാദ് ബിൻ ഔസ്(റ) പറഞ്ഞു. ഒരിക്കൽ തിരുനബിﷺ ഖുതുബ നിർവഹിക്കുന്നത് ഞാൻ കേട്ടു. ഉള്ളടക്കം ഇപ്രകാരമായിരുന്നു. അല്ലയോ ജനങ്ങളെ, ഈ ഭൗതികലോകം നമ്മുടെ മുന്നിലുള്ള ചരക്കാണ്. അതിൽനിന്ന് നല്ലവരും മോശക്കാരും ഭുജിക്കും. പരലോകം സത്യസന്ധമായ വാഗ്ദാനമാണ്. പരമ ശക്തനും പരമാധികാരിയുമായ അല്ലാഹുവാണ് അന്ന് നേരിട്ട് വിധിക്കുക. സത്യം സത്യമായും അസത്യം അസത്യമായും വിധിക്കപ്പെടും. നിങ്ങൾ പാരത്രിക വിചാരമുള്ള സന്തതികളാവുക. ഇഹലോകത്തിന്റെ സന്തതികളാവരുത്. മാതാപിതാക്കളെയാണ് മക്കൾ പിന്തുടരുക.

    കുറഞ്ഞ വാചകങ്ങളിൽ ഇഹലോകത്തിന്റെയും പരലോകത്തിന്റെയും യാഥാർഥ്യം തുറന്നുകാട്ടുകയായിരുന്നു ഈ ഖുതുബ. ഈ ലോകത്ത് ഏത് അനുഗ്രഹവും ലഭിക്കുന്നതിന് വിശ്വാസപരമായ മാനദണ്ഡങ്ങളില്ല. ഇവിടുത്തെ ആസ്തിയും അധികാരവും സത്യവിശ്വാസിക്കും സത്യനിഷേധിക്കും നല്ലവനും മോഷപ്പെട്ടവനും എല്ലാം ലഭിക്കും. എന്നാൽ, പരലോകത്തെ അനുഗ്രഹങ്ങൾ അല്ലാഹുവിനെ അനുസരിച്ച അവൻ്റെ ഇഷ്ടക്കാർക്ക് മാത്രമുള്ളതാണ്. മുഴുവൻ പ്രവാചകന്മാരുടെയും നിയോഗത്തിന്റെ അടിസ്ഥാനവും ഇത്തരം ഉദ്ബോധനമാണ്.

    ആരെയെങ്കിലും അല്ലാഹു നേർവഴിക്കാക്കിയാൽ പിന്നെ അവനെ വഴിതെറ്റിക്കാൻ ആർക്കും സാധ്യമല്ല. അല്ലാഹുവിന്റെ നിശ്ചയപ്രകാരം ഒരാൾ മാർഗ്ഗ ഭ്രംശത്തിലായാൽ അയാളെ നേർവഴിക്കാക്കാനും ആർക്കും സാധ്യമല്ല. ഈ ആശയമുള്ള വാചകം തിരുനബിﷺ നിരന്തരമായി ഖുതുബയിലും മറ്റു പ്രഭാഷണങ്ങളിലും പ്രയോഗിക്കാറുണ്ടായിരുന്നു.

    ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങൾക്കും നിദാനങ്ങൾക്കും നിരക്കാത്ത വിധം ഉൾപതിഷ്ണുക്കൾ ഉയർത്തുന്ന നവീന വാദങ്ങൾക്കാണ് ബിദ്അത്ത് എന്ന് പറയുക. ഇത്തരം കാര്യങ്ങളെ കണിശമായി തിരുനബിﷺ വിമർശിക്കുകയും ഏറ്റവും മോശപ്പെട്ട കാര്യമാണ് ബിദ്അത് എന്ന് നിരന്തരമായി അവിടുത്തെ ഖുതുബയിൽ ഉൾക്കൊള്ളിക്കുകയും ചെയ്തിരുന്നു.

    വെള്ളിയാഴ്ച ഖുതുബക്കിടയിൽ മിമ്പറിൽ വച്ച് ഖുർആനിൽ നിന്ന് സവിശേഷമായ ചില അധ്യായങ്ങളും സൂക്തങ്ങളും പാരായണം ചെയ്യുമായിരുന്നു. സൂറത്തു ഖാഫ് നിരന്തരമായി വെള്ളിയാഴ്ച മിമ്പറിന്മേൽ വച്ച് തിരുനബിﷺ പാരായണം ചെയ്യാറുണ്ടായിരുന്നു എന്ന് ഇമാം ശാഫിഈ(റ), അഹ്മദ്(റ), അബുദാവൂദ്(റ) എന്നിവർ നിവേദനം ചെയ്ത ഹദീസിൽ കാണാം. അപ്രകാരം തിരുനബിﷺ പാരായണം ചെയ്തപ്പോഴാണ് ഞാൻ ആ സൂക്തം കേട്ടു പഠിച്ചത് എന്ന് ഹിശാമ ബിൻത് ഹാരിസ(റ)യും ഞാൻ കേട്ടിരുന്നു എന്ന് ഖൗല ബിൻത് ഖൈസ് അൽ ജുഹനിയ്യ(റ)യും പറയുന്നുണ്ട്.

    തിരുനബിﷺയുടെ നിസ്കാരവും ഖുതുബയും അധികം ദൈർഘ്യമുള്ളതോ ചുരുങ്ങിയതോ ആയിരുന്നില്ല. ഒരു മധ്യനിലയിലുള്ളതായിരുന്നു എന്ന് നിരവധി ഹദീസുകളിൽ കാണാം.

    ഇസ്‌ലാമിന്റെ അടിസ്ഥാന ആശയങ്ങളിൽ ഊന്നിയുള്ള പ്രബോധനപരമായ സൂക്തങ്ങളും ഹദീസുകളും തിരുനബിﷺയുടെ ഖുതുബയിൽ ഉണ്ടാവാറുണ്ടായിരുന്നു. സവിശേഷമായ ഒരു ആരാധനയായി ഖുതുബയെ വായിക്കുമ്പോഴും അല്ലാഹുവിനെ സൂക്ഷിക്കുക എന്ന പ്രമേയത്തിലേക്ക് അനുവാചകനെ എത്തിക്കാനുള്ള അനുബന്ധങ്ങളും തഖ്’വയെ ഓർമപ്പെടുത്തുന്ന വാചകങ്ങളും ചേർത്ത് ഖുതുബകൾ നിർവഹിക്കാറുണ്ടായിരുന്നു.

    മരണപ്പെടുന്നതിനു മുമ്പ് പശ്ചാത്തപിക്കാനും സൽക്കർമങ്ങൾ അധികരിപ്പിച്ച് നല്ല നല്ല സമയങ്ങൾ വിനിയോഗിക്കാനും ഉൽബോധനം നടത്തുന്ന വാചകങ്ങൾ ഏറെ ഹൃദ്യമായിട്ടാണ് തിരുനബിﷺ അവതരിപ്പിച്ചത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...