Tweet 1048

    Tweet 1048
    April 27, 2025 • Sunday
    Post Header

    യാത്രയിലെയും മറ്റും നിസ്കാരത്തിൽ തിരുനബിﷺ പരിചയപ്പെടുത്തിയ ആനുകൂല്യങ്ങളും സൗകര്യങ്ങളും കൂടി നമുക്ക് വായിച്ചു പോകാം. ഇമാം ശാഫിഈ(റ), അഹ്മദ്(റ) എന്നിവർ നിവേദനം ചെയ്യുന്നു. ഇബ്നു അബ്ബാസ്(റ) പറഞ്ഞു. തിരുനബിﷺ മക്കയിൽ നിന്ന് മദീനയിലേക്ക് അല്ലാഹുവിനെ മാത്രം ഭയന്ന് പൂർണ്ണമായും നിർഭയത്വത്തോടുകൂടി യാത്ര ചെയ്തു. പ്രസ്തുത യാത്രയിൽ നാല് റക്അതുള്ള നിസ്കാരം രണ്ട് റക്അതായി നിസ്കരിക്കുകയും ചെയ്തു.

    അഥവാ യാത്രയെ പരിഗണിച്ചുകൊണ്ട് ‘ഖസ്ർ’ ചെയ്തു നിസ്കരിച്ചു. ഇമാം മാലിക്(റ), നസാഈ(റ) എന്നിവർ നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ഖാലിദ്(റ) പറഞ്ഞു. അബ്ദുല്ലാഹിബ്നു ഉമറി(റ)നോട് ഞാൻ ചോദിച്ചു. നിങ്ങൾ എങ്ങനെയാണ് നിസ്കാരം ചുരുക്കി നിസ്കരിക്കുക. ഭയമുണ്ടായാൽ നിസ്കാരം ചുരുക്കി നിർവഹിക്കാം എന്നല്ലേ ഖുർആൻ പറയുന്നത്? അപ്പോൾ അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു. തിരുനബിﷺ നമുക്ക് പഠിപ്പിച്ചു തന്നതാണ്. യാത്രയിൽ ചുരുക്കി നിസ്കരിക്കാം എന്നത് തിരുനബിﷺ നമുക്ക് പകർന്നു തന്ന കാര്യമാണ്. മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കാണാം. നമുക്കൊന്നും അറിയാതിരുന്ന കാലത്ത് നമ്മിലേക്ക് അല്ലാഹു ഒരു പ്രവാചകനെﷺ അയച്ചു. ആ പ്രവാചകൻﷺ നിർവഹിച്ച കാര്യങ്ങൾ നമ്മൾ അപ്പടി പകർത്തി. അത്രയേ ഉള്ളൂ.

    അനസുബ്നു മാലികി(റ)ൽ നിന്ന് ഇമാം ശാഫിഈ(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. തിരുനബിﷺ മദീനയിൽ വച്ച് നാല് റക്അത് ളുഹ്ർ നിസ്കരിച്ചു. ശേഷം, അവിടുന്ന് മക്ക ലക്ഷ്യം വെച്ചുകൊണ്ട് യാത്ര ചെയ്തു. ദുൽ ഹുലൈഫയിൽ എത്തിയപ്പോൾ അവിടുന്ന് നിസ്കാരം ചുരുക്കി നിർവഹിച്ചു.

    ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം. ഞങ്ങൾ മദീനയിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടു. മക്കയിൽ പോയി തിരിച്ചു മദീനയിൽ എത്തുന്നത് വരെ ഞങ്ങൾ നാല് റക്അതുള്ള നിസ്കാരങ്ങൾ 2 റക്അതായി ചുരുക്കി നിർവഹിച്ചു. അപ്പോൾ ഒരാൾ ചോദിച്ചു. നിങ്ങൾ മക്കയിൽ എത്ര നിന്നു? ഞങ്ങൾ മക്കയിൽ പത്തുദിവസം കഴിച്ചുകൂട്ടി.

    17 ദിവസവും 19 ദിവസവും ഒക്കെ മക്കയിൽ നിന്നപ്പോഴും തിരുനബിﷺ പൂർണ്ണമായും ചുരുക്കി നിസ്കരിച്ച അനുഭവങ്ങൾ ഇബ്നു അബ്ബാസും(റ) മറ്റും ഉദ്ധരിച്ചിട്ടുണ്ട്.

    ഇത്തരം നിവേദനങ്ങളെയും സാഹചര്യങ്ങളെയും മുൻനിർത്തി മറ്റെല്ലാ കർമശാസ്ത്ര അധ്യായങ്ങളിലേത് പോലെ ഗവേഷണ യോഗ്യരായ പണ്ഡിതന്മാർ ഗവേഷണം നിർവഹിച്ചു. ശേഷം, കർമശാസ്ത്ര വിധികൾ കൃത്യമായും നമുക്ക് പകർന്നു തന്നിട്ടുണ്ട്. അതുപ്രകാരം ഒരാൾ യാത്ര ചെയ്തു മറ്റൊരു നാട്ടിലേക്ക് എത്തി, അവിടെ നിശ്ചിത ദിവസം മാത്രമേ താമസിക്കുന്നുള്ളൂ എങ്കിൽ അല്ലെങ്കിൽ അതിനേക്കാൾ താമസിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ തുടങ്ങി കർമശാസ്ത്ര വിധികളിൽ വൈവിധ്യങ്ങളുണ്ട്.

    യാത്രയിൽ ആയിരിക്കെ എത്ര ദിവസവും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. രണ്ടുനേരത്തെ നിസ്കാരം ചേർത്ത് ജംആക്കുന്നതും നാലു റക്അതുള്ള നിസ്കാരങ്ങൾ രണ്ട് റക്അതായി ചുരുക്കി നിസ്കരിക്കുന്നതും യാത്രക്കാർക്കും മറ്റും അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങളാണ്. അതിന് ഓരോന്നിനും നിശ്ചിതമായ നിയമങ്ങളും നിബന്ധനകളുമുണ്ട്. അടിസ്ഥാനപരമായി തിരുനബിﷺ പ്രവർത്തിച്ചു കാണിക്കുകയും അതിന്റെ ചിട്ടവട്ടങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. നബിﷺ എങ്ങനെ നിസ്കരിച്ചു കാണിച്ചുവോ അങ്ങനെയാണ് നാം നിസ്കരിക്കേണ്ടത്. അങ്ങനെ തന്നെ നേരെ ആശയമുള്ള ഒരു ഹദീസും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. കർമശാസ്ത്രപരമായി മേൽ പറയപ്പെട്ട നിസ്കാര രീതികളെക്കുറിച്ച് ലളിതമായ ഒരു വായന നമുക്കിവിടെ നിർവഹിക്കാം.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...