
ഇമാം ഇബ്നു അബീ ശൈബ(റ) നിവേദനം ചെയ്യുന്നു. ജുനാദ അൽ അസ്ദി(റ) എന്ന സ്വഹാബി പറഞ്ഞു. ഞാൻ അസ്ദ് ഗോത്രക്കാരായ ഏഴ് ആളുകൾക്കൊപ്പം തിരുനബിﷺയുടെ അടുക്കലേക്ക് വന്നു. ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു അത്. തിരുനബിﷺ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവിടുന്ന് ഞങ്ങളെ ഭക്ഷണത്തിലേക്ക് ക്ഷണിച്ചു. ഞങ്ങൾ പറഞ്ഞു. ഞങ്ങൾ നോമ്പുകാരാണ്. അപ്പോൾ നബിﷺ ചോദിച്ചു. ഇന്നലെ നിങ്ങൾ നോമ്പെടുത്തിരുന്നുവോ? ഇല്ല. നാളെ നിങ്ങൾ നോമ്പെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? ഇല്ല. എന്നാൽ ഇപ്പോൾ നിങ്ങൾ നോമ്പ് തുറന്നോളൂ. നോമ്പ് മുറിച്ചതിനു ശേഷം ഞങ്ങൾ തിരുനബിﷺയോടൊപ്പം ഭക്ഷണം കഴിച്ചു. ശേഷം, തിരുനബിﷺ പള്ളിയിലേക്ക് പുറപ്പെട്ടു. മിമ്പറിന്റെ മുകളിൽ കയറി അവിടുന്ന് വെള്ളം ആവശ്യപ്പെട്ടു. വെള്ളിയാഴ്ച മാത്രമായി നോമ്പെടുക്കേണ്ടതില്ല എന്നറിയിക്കാൻ തിരുനബിﷺ വെള്ളം കുടിച്ചു കാണിച്ചുകൊടുത്തു.
വെള്ളിയാഴ്ച മാത്രമായി സുന്നത്ത് നോമ്പ് എടുക്കേണ്ടതില്ല എന്ന് പഠിപ്പിക്കാനായിരുന്നു ഇത്. തൊട്ടുമുമ്പത്തെയോ ശേഷമുള്ളതോ ആയ ദിവസങ്ങളോടൊപ്പം അല്ലെങ്കിൽ പ്രത്യേകമായി നിർദ്ദേശിക്കപ്പെട്ട ഏതെങ്കിലും ദിവസങ്ങളോടൊത്തുവന്നാൽ ഒക്കെ നോമ്പ് അനുഷ്ഠിക്കാവുന്നതാണ്.
ഇവിടെ മിമ്പറിൽ കയറിയിരുന്നു എന്ന് പറയുമ്പോൾ ഖുതുബയ്ക്കിടയിൽ നിന്ന് എന്ന് ആരും വിശദീകരിച്ചിട്ടില്ല. എല്ലാവരുടെയും ശ്രദ്ധയിൽ അറിയിക്കാൻ അത്തരമൊരു കാര്യത്തിനു വേണ്ടി മാത്രം അപ്പോൾ മിമ്പറിന്റെ മുകളിൽ കയറിയതുമാവാം.
അനസുബ്നു മാലിക്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ വെള്ളിയാഴ്ച ഖുതുബ കഴിഞ്ഞ് മിമ്പറിന്റെ മുകളിൽ നിന്ന് ഇറങ്ങുമ്പോൾ ഒരാൾ വന്ന് നബിﷺയോട് എന്തോ കാര്യം സംസാരിച്ചു. തിരുനബിﷺ അവിടെ നിന്നുകൊണ്ട് അദ്ദേഹത്തിൻ്റെ സംസാരത്തിന്റെ ഭാഗമായി. ശേഷം, നിസ്കരിക്കാനുള്ള മുസല്ലയിലേക്ക് പോയി.
ഒരു അത്യാവശ്യ കാര്യത്തിന് അങ്ങനെ കാതോർക്കുന്നതോ നിന്ന് സംസാരിക്കുന്നതോ നിഷിദ്ധമല്ല എന്നറിയിക്കാൻ വേണ്ടിയാണ് തിരുനബിﷺ ഇങ്ങനെ സമീപിച്ചത്.
ഒരിക്കൽ തിരുനബിﷺ മുസ്വല്ലയിലേക്ക് നിസ്കരിക്കാൻ വരുമ്പോൾ ഇഖാമത് കൊടുത്ത ശേഷം ഒരാൾ കടന്നുവന്നു തിരുനബിﷺയുടെ കൈപിടിച്ച് ദീർഘനേരം സംസാരിച്ച ഒറ്റപ്പെട്ട ഒരു സംഭവം സാബിത്(റ) എന്നവരിൽ നിന്ന് അനസ്(റ) നിവേദനം ചെയ്തിട്ടുണ്ട്. ഇമാം ബുഖാരി(റ)യാണ് പ്രസ്തുത ഹദീസ് റിപ്പോർട്ട് ചെയ്തത്.
തിരുനബിﷺയുടെ ഖുതുബയുടെ ഉള്ളടക്കം ഏറ്റവും പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത് അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്താനും അടിസ്ഥാന വിശ്വാസകാര്യങ്ങളെ ഉണർത്താനും പരലോക വിചാരങ്ങളെ കുറിച്ച് ഉൽബോധിപ്പിക്കാനും പൊതുവായും അനുവാചകരുടെ ഹൃദയങ്ങളിൽ ആത്മീയ വിചാരങ്ങൾ നിലനിർത്താനുമുള്ളതായിരുന്നു.
തിരുനബിﷺയുടെ സംഭാഷണങ്ങളും പ്രഭാഷണങ്ങളും എല്ലാം ഏറ്റവും തികഞ്ഞ ഔചിത്യങ്ങൾ പരിഗണിച്ചു കൊണ്ടായിരുന്നു. അനുവാചകർ ആരാണെന്നും അവരുടെ പരിസരങ്ങൾ ഏതാണെന്നും അവരെ ഉണർത്തേണ്ട പ്രബോധക വിഷയത്തിലെ മുൻഗണനാക്രമങ്ങൾ എങ്ങനെയൊക്കെയാണെന്നും കൃത്യമായും അവലോകനം ചെയ്തുകൊണ്ടായിരുന്നു സംസാരിച്ചിരുന്നത്.
തിരുനബിﷺയുടെ സംഭാഷണത്തിന്റെയും പ്രഭാഷണത്തിന്റെയും ഉള്ളടക്കങ്ങൾ അവിടുത്തെ മുഖത്തുനിന്നും വായിക്കാവുന്ന വിധം അവിടുത്തെ മുഖഭാവവും അംഗവിക്ഷേപങ്ങളും ഏറ്റവും യോജിച്ചതും പരിപൂർണ്ണവുമായിരുന്നു. പ്രഭാഷണ കലയുടെയും സംഭാഷണ സൗന്ദര്യത്തിന്റെയും ഏറ്റവും തികഞ്ഞ ഭാവമായിരുന്നു തിരുനബിﷺയിൽ കണ്ടിരുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
