Tweet 1044

    Tweet 1044
    April 23, 2025 • Wednesday
    Post Header

    ഒരു സംഘം ഹദീസ് നിവേദകന്മാർ ഉദ്ധരിച്ചു. ജാബിർ(റ) പറയുന്നു. സലീക് അൽ ഗത്ഫാനി(റ) പള്ളിയിലേക്ക് കടന്നുവന്നു. തിരുനബിﷺ അപ്പോൾ ഖുതുബ നിർവഹിക്കുകയായിരുന്നു. നിസ്കരിക്കുന്നതിന് മുമ്പ് പള്ളിയിൽ ഇരുന്ന ആഗതനോട് നബിﷺ ചോദിച്ചു. നിങ്ങൾ നിസ്കരിച്ചുവോ? ഇല്ല. എങ്കിൽ രണ്ട് റക്അത് നിസ്കരിച്ചോളൂ.

    ഇമാം ശാഫിഈ(റ), ഇമാം അഹ്മദ്(റ) തുടങ്ങിയവർ നിവേദനം ചെയ്യുന്നു. അബൂ സഈദ്(റ) പറഞ്ഞു. തിരുനബിﷺ ഖുതുബ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ പഴകി നുരുമ്പിയ വസ്ത്രം ധരിച്ച് ഒരാൾ പള്ളിയിലേക്ക് കടന്നു വന്നു. അദ്ദേഹം ഇരുന്നപ്പോൾ നബിﷺ ചോദിച്ചു. നിങ്ങൾ നിസ്കരിച്ചുവോ? ഇല്ല. എന്നാൽ രണ്ട് റക്അത് നിസ്കരിക്കൂ. ശേഷം തിരുനബിﷺ ദാനധർമങ്ങളെ കുറിച്ച് ഉദ്ബോധിപ്പിച്ചു. ആളുകൾ അദ്ദേഹത്തിന് നല്ല വസ്ത്രങ്ങൾ നൽകി. അടുത്ത വെള്ളിയാഴ്ചയും അദ്ദേഹം നബിﷺ ഖുതുബ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ വന്നു. നിസ്കരിക്കാതെ ഇരുന്നപ്പോൾ ചോദിച്ചു. നിസ്കാരം നിർവഹിച്ചുവോ. ഇല്ലെന്നു പറഞ്ഞപ്പോൾ രണ്ട് റക്അത് നിസ്കരിക്കാൻ പറഞ്ഞു. അന്നും തിരുനബിﷺ ദാനധർമത്തെ കുറിച്ച് ഉദ്ബോധിപ്പിച്ചു. ഇതു കേട്ട അദ്ദേഹം തൻ്റെ പക്കലുള്ള രണ്ടു വസ്ത്രത്തിൽ നിന്ന് ഒന്ന് ദാനം ചെയ്തു. അപ്പോൾ നബിﷺ അല്പം ശബ്ദമുയർത്തി പറഞ്ഞു. നിങ്ങൾ അതങ്ങ് എടുത്തോളൂ.. നിങ്ങൾ അതങ്ങ് എടുത്തോളൂ.. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ഇതാ ഇദ്ദേഹത്തെ കണ്ടില്ലേ. കഴിഞ്ഞപ്രാവശ്യം ജുമുഅക്ക് വന്നപ്പോൾ അദ്ദേഹം നുരുമ്പിയ വസ്ത്രം ധരിച്ചു വന്നു. ഞാൻ ദാനധർമത്തെ കുറിച്ച് ഉദ്ബോധിപ്പിച്ചപ്പോൾ അദ്ദേഹത്തിന് ആളുകൾ വസ്ത്രം നൽകി. ഇന്നു ഞാൻ ദാനധർമത്തെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ പക്കലുള്ള രണ്ടു വസ്ത്രത്തിൽ നിന്ന് ഒന്നിതാ നൽകുന്നു.

    വിവിധങ്ങളായ ആശയ തലങ്ങളെ ഉദ്ബോധിപ്പിക്കുന്ന നിവേദനമാണിത്. തിരുനബിﷺ ഖുതുബയുടെ ഇടയിൽ ഇത്തരം കാര്യങ്ങൾ ഓർമിപ്പിച്ചു എന്നതാണ് ഈ അധ്യായത്തിലെ പ്രമേയം. തിരുനബിﷺയുടെ സംഭാഷണം കേട്ടപ്പോൾ എത്ര കുറഞ്ഞ സമ്പത്തുള്ളവരും ദാനം ചെയ്തിരുന്നു എന്നും കഴിഞ്ഞയാഴ്ച ദാനം സ്വീകരിച്ചയാൾ പോലും അത് നൽകാൻ തയ്യാറായി എന്നും തുടങ്ങിയുള്ള ഒരുപാട് വിചാരങ്ങൾ അനുബന്ധമായി നമുക്ക് ചേർക്കാനുണ്ട്.

    അണി ഒപ്പിച്ചിരിക്കുന്ന ജനങ്ങളുടെ പിരടി ചാടി ഒരാൾ മുമ്പോട്ട് കടന്നു വന്നപ്പോൾ. ഖുതുബ നിർവഹിച്ചുകൊണ്ടിരുന്ന തിരുനബിﷺ അദ്ദേഹത്തെ വിലക്കുകയും ജനങ്ങളുടെ പിരടി ചാടി കടക്കാതിരിക്കാൻ ഓർമപ്പെടുത്തുകയും ചെയ്തു. നിങ്ങൾ അവരെ ബുദ്ധിമുട്ടിക്കുകയാണ് എന്ന് പറഞ്ഞ് അയാൾ ചെയ്ത കാര്യത്തിന്റെ ഭവിഷ്യത്ത് കൂടി തിരുനബിﷺ ഉണർത്തി.

    ഇമാം അബൂദാവൂദ്(റ) ജാബിറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം. ഒരിക്കൽ തിരുനബിﷺ മിമ്പറിൽ നിന്നുകൊണ്ട് വിളിച്ചുപറഞ്ഞു. നിങ്ങളെല്ലാവരും അവിടെ ഇരിക്കുവിൻ. പള്ളിയുടെ വാതിൽക്കൽ എത്തിയ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) ആ കൽപ്പന കേട്ട് അവിടെ തന്നെ അങ്ങിരുന്നു. അത് തിരുനബിﷺയുടെ ദൃഷ്ടിയിൽപ്പെട്ടപ്പോൾ അവിടുന്ന് ഇങ്ങനെ പറഞ്ഞു. അല്ലയോ ഇബ്നു മസ്ഊദ്(റ), നിങ്ങൾ ഇങ്ങോട്ട് വരൂ.

    മിമ്പറിന് മുകളിൽ നിന്ന് ഖുതുബയ്ക്കിടയിൽ അങ്ങനെ ഒരാളെ വിളിച്ച സന്ദർഭത്തെയാണ് ഈ അധ്യായത്തോട് ചേർത്തുവച്ച് നാം വായിക്കുന്നത്. ഖൈസ് ബിൻ അബീ ഹാസിം(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ ഖുതുബ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ വെയിലത്ത് നിൽക്കുന്നത് അവിടുത്തെ ശ്രദ്ധയിൽപ്പെട്ടു. എന്നോട് അവിടെനിന്ന് മാറിനിൽക്കാൻ കൽപ്പിക്കുകയും. ഞാനത് പ്രകാരം ചെയ്യുകയും ചെയ്തു.

    ഖുതുബ എന്ന സവിശേഷമായ ആരാധനാ കർമത്തിനിടയിൽ അനിവാര്യമായ ചില ഇടപെടലുകളെ തിരുനബിﷺ എങ്ങനെയാണ് നിർവഹിച്ചത് എന്നും പ്രസ്തുത രംഗങ്ങളെയുമാണ് നാം വായിച്ചത്.

    ഗവേഷകന്മാരായ ഇമാമുകൾ ഈ സന്ദർഭങ്ങളെയും സാഹചര്യങ്ങളെയും തിരുനബിﷺ തങ്ങളുടെ നിർദ്ദേശങ്ങളെയും എല്ലാം ചേർത്തുവച്ചുകൊണ്ട് ഖുതുബ നിർവഹിക്കുന്നതിനിടയിൽ ഏതൊക്കെ വിധത്തിൽ ഇടപെടൽ അനുവദനീയമാകും എന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ നിർണയിക്കുകയും കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഹദീസുകളുടെ സമീക്ഷയിൽ നിന്ന് നമുക്ക് ലഭിക്കേണ്ട അധ്യാപനം പ്രസ്തുത കർമശാസ്ത്ര ഗ്രന്ഥത്തിൽ നിന്നാണ് നാം പകർന്നെടുക്കേണ്ടത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...