
തിരുനബിﷺയുടെ നിസ്കാരത്തെ കുറിച്ച് പരാമർശിക്കുമ്പോൾ അവിടുന്ന് നിസ്കരിച്ച പള്ളികളെക്കുറിച്ചും മറ്റും നമ്മൾ വായിച്ചു കഴിഞ്ഞു. തിരുനബിﷺ ഉപയോഗിച്ച നിസ്കാര പടങ്ങളെ കുറിച്ച് കൂടിയുള്ള ഒരു അനുബന്ധം നമുക്ക് വായിക്കാൻ ലഭിക്കും. ഇമാം മാലികും(റ) പ്രമുഖരായ അഞ്ച് ഹദീസ് പണ്ഡിതന്മാരും നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. മുലേക്ക(റ) എന്ന മഹതി ഭക്ഷണം പാചകം ചെയ്തിട്ട് സൽക്കാരത്തിന് വേണ്ടി നബിﷺയെ ക്ഷണിച്ചു. ഭക്ഷണം കഴിച്ചതിനുശേഷം തിരുനബിﷺ പറഞ്ഞു. എല്ലാവരും നിസ്കാരത്തിലേക്ക് വരൂ. ഞാൻ നിങ്ങൾക്ക് ഇമാമായി നിസ്കരിക്കാം.
അനസ്(റ) തുടരുന്നു. ഞാൻ അവിടെയുണ്ടായിരുന്ന ഒരു പഴയ ഓലപ്പായ ലക്ഷ്യം വെച്ചു നീങ്ങി. അത് കാലപ്പഴക്കം കൊണ്ട് ഇരുണ്ടു പോയിട്ടുണ്ടായിരുന്നു. അതിൽ വെള്ളം കുടഞ്ഞ് ഞാനൊന്ന് വൃത്തിയാക്കി. തിരുനബിﷺ അതിന്മേൽ നിന്ന് നിസ്കരിച്ചു. അവിടെയുണ്ടായിരുന്ന ഒരു അനാഥനും ഞാനും പിന്നിൽ തുടർന്നു. വയോധികയായ ആതിഥേയ ഞങ്ങളുടെ പിന്നിലും നിന്ന് നിസ്കരിച്ചു. ഞങ്ങൾക്ക് ഇമാമായി രണ്ട് റക്അത്ത് നിസ്കരിച്ച ശേഷം തിരുനബിﷺ നിസ്കാരപ്പായയിൽ നിന്ന് പുറപ്പെട്ടു.
തഴകൾ കൊണ്ടുണ്ടാക്കിയ പായയിൽ തിരുനബിﷺ നിസ്കരിച്ചു എന്ന് പറയാനാണ് ഈ ഹദീസ് ഇവിടെ വായിച്ചത്. ഇമാം ബുഖാരി(റ)യും അഹ്മദും(റ) അബൂദാവൂദും(റ) ഉദ്ധരിക്കുന്നു. അൻസ്വാരികളിൽ നിന്ന് നബിﷺക്ക് വളരെ പ്രിയപ്പെട്ട ഒരാൾ നബിﷺയോട് പറഞ്ഞു. എനിക്ക് തങ്ങളോടൊപ്പം വന്ന് നിസ്കരിക്കാൻ കഴിയുന്നില്ല. അദ്ദേഹം വീട്ടിൽ നല്ല ഭക്ഷണം ഉണ്ടാക്കി നബിﷺയെ ക്ഷണിച്ചു. ശേഷം അവിടെ തഴപ്പായയുടെ ഒരു കഷ്ണം നിസ്കരിക്കാൻ വേണ്ടി വിരിച്ചു കൊടുത്തു. തിരുനബിﷺ അതിന്മേൽ നിസ്കരിച്ചു.
തിരുനബിﷺയെ വീട്ടിൽ കൊണ്ടുപോയി നിസ്കരിപ്പിക്കുകയും പ്രസ്തുത സ്ഥലം വീട്ടുകാർക്ക് നിസ്കരിക്കാൻ വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്ന പതിവ് സ്വഹാബികൾക്കിടയിലുണ്ടായിരുന്നു. എപ്പോഴും പള്ളിയിലേക്ക് എത്താൻ കഴിയാത്തവർ വീട്ടിൽ ഒരു പ്രത്യേക സ്ഥലം മുസല്ലയായി നിശ്ചയിക്കുകയും അവിടെ വന്ന് തിരുനബിﷺ നിസ്കരിച്ചു കൊടുക്കാൻ അപേക്ഷിക്കുകയും ചെയ്യുമായിരുന്നു. വാത്സല്യപൂർവം തിരുനബിﷺ അത് സ്വീകരിക്കുകയും വീടുകളിൽ പോയി അവർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിസ്കാരം നിർവഹിച്ചു അനുഗ്രഹീത സാന്നിധ്യം നൽകുകയും ചെയ്തിരുന്നു.
അബൂ സഈദ് അൽ ഖുദ്രി(റ) പായയിൽ സുജൂദിൽ കിടക്കുന്ന തിരുനബിﷺയെ കണ്ട രംഗം നിവേദനം ചെയ്യുന്നുണ്ട്.
ഊറക്കിട്ട് സംസ്കരിച്ച തോലും നിസ്കാരപ്പടമായി തിരുനബിﷺ ഉപയോഗിച്ചിട്ടുണ്ട്. അബു ദാവൂദ്(റ), ഹാക്കിം(റ) എന്നിവർ നിവേദനം ചെയ്യുന്നു. മുഗീറ ബിൻ ശുഅ്ബ(റ) പറഞ്ഞു. പായയും സംസ്കരിച്ച തോലും തിരുനബിﷺ നിസ്കാര പടമായി ഉപയോഗിച്ചിരുന്നു.
ഖുംറ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ഓലകൊണ്ടോ മറ്റു വസ്തുക്കൾ കൊണ്ടോ നെയ്തുണ്ടാക്കുന്ന കുട്ടിപ്പായയിൽ തിരുനബിﷺ നിസ്കരിക്കാറുണ്ടായിരുന്നു. തിരുനബിﷺയുടെ പത്നിയായ ഉമ്മു ഹബീബ(റ) നബിﷺയുടെ നിസ്കാരത്തെക്കുറിച്ച് പറയുമ്പോൾ ഇത്തരം ഒരു പടത്തിന്മേൽ നിസ്കരിച്ച കാര്യം പരാമർശിക്കുന്നുണ്ട്. പ്രസ്തുത ഹദീസ് പ്രമുഖരായ ഹദീസ് പണ്ഡിതന്മാരെല്ലാം ഉദ്ധരിച്ചിട്ടുമുണ്ട്.
വിരിപ്പ് വിരിച്ച് നിസ്കരിച്ച രംഗവും സ്വഹാബികൾക്ക് പറയാനുണ്ട്. ഇബ്നുമാജ(റ)യും ഇബിനു അബീ ശൈബ(റ)യും അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. തിരുനബിﷺ ഒരു വിരിപ്പിന്മേൽ നിസ്കരിക്കാറുണ്ടായിരുന്നു. തിരുനബിﷺ വിരിപ്പ് വിരിച്ചു നിസ്കരിക്കുന്നത് കണ്ട അനുഭവം പരിചാരകനായിരുന്ന അനസുബ്നു മാലികും(റ) പങ്കുവെക്കുന്നു. അബൂത്വൽഹ(റ)യുടെ വീട്ടിൽ വച്ചായിരുന്നു കണ്ടത് എന്ന് ഇബ്നു സഅദി(റ)ൻ്റെ നിവേദനത്തിലുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
