
നിസ്കാരത്തിനു വേണ്ടി ആളുകളെ നിർത്തുമ്പോൾ അണി ഒപ്പിച്ചു നിർത്തുന്നതിൽ തിരുനബിﷺ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അപ്രകാരം ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഇമാം അഹ്മദും(റ) അബൂദാവൂദും(റ) നിവേദനം ചെയ്യുന്നു. അബൂ മസ്ഊദ് ഉക്ബ ബിൻ അംറ് അൽ അൻസാരി(റ) പറഞ്ഞു. നിസ്കാരത്തിനു വേണ്ടി നിൽക്കുമ്പോൾ തിരുനബിﷺ ഞങ്ങളുടെ ചുമലുകൾ തടകുമായിരുന്നു. അണി ഒപ്പിച്ചു നിൽക്കൂ എന്ന് പ്രത്യേകമായി ഉണർത്തുമായിരുന്നു. എന്നിട്ട് ഇങ്ങനെ പറയും. നിങ്ങൾ നിര ഒപ്പിച്ചു ചേർന്നു നിൽക്കൂ. അല്ലാത്തപക്ഷം നിങ്ങളുടെ ഹൃദയങ്ങൾ തമ്മിൽ വ്യത്യസ്തമാകും. നല്ല ബുദ്ധിയും വിവരവുമുള്ളവർ എന്നോടടുത്തു നിൽക്കൂ. പ്രസ്തുത മാനദണ്ഡത്തിൽ അടുത്തവർ അടുത്തവർ എന്ന ക്രമം പാലിക്കുകയും ചെയ്യൂ.
നിസ്കാരത്തിനു സ്വഫ് അഥവാ വരിയായി നിൽക്കുമ്പോൾ മടമ്പുകളും ചുമലുകളും ഒരേ നിലയിൽ വരുന്ന ക്രമത്തിൽ ഉണ്ടായിരിക്കണം. സവിശേഷമായ പ്രാധാന്യത്തോടുകൂടിയാണ് തിരുനബിﷺ ഇക്കാര്യം ഉണർത്തുകയും ചിട്ടപ്പെടുത്തുകയും ചെയ്തത്. ഇമാമിന് തൊട്ടടുത്തു നിൽക്കേണ്ടത് വിവരത്തിലും വിജ്ഞാനത്തിലും മുന്നിലുള്ളവരായിരിക്കണം. പ്രസ്തുത വൈജ്ഞാനിക യോഗ്യതയിൽ തൊട്ടടുത്തവർ തൊട്ടടുത്തവർ എന്ന ക്രമത്തിലായിരിക്കണം ഇമാമിനോട് അടുത്ത് അണികളില്‍ ഉണ്ടായിരിക്കേണ്ടത്.
നിസ്കാരം എത്ര സമഗ്രമായ ഒരു ആരാധനയാണെന്നും സംഘമായി നിർവഹിക്കുമ്പോൾ കുറെയേറെ ചിട്ടകൾ പാലിക്കേണ്ടതുണ്ടെന്നും വളരെ പ്രാധാന്യത്തോടുകൂടി തന്നെ തിരുനബിﷺ പഠിപ്പിക്കുകയാണ്. ഓരോ സാധാരണ വിശ്വാസിയും ദിവസേന അഞ്ചുനേരം പട്ടാള ചിട്ടയിൽ സംഘം സംഘങ്ങളായി അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി ഒരുമിച്ചു കൂടുന്നു എന്ന കൗതുകകരമായ ഒരു കാഴ്ച കൂടി ഇവിടെയുണ്ട്. ജീവിത വ്യവഹാരങ്ങൾക്കിടയിൽ എത്ര ശ്രദ്ധയോടെയാണ് കോടിക്കണക്കിനാളുകൾ ഒരു നേരം പോലും തെറ്റാതെ അല്ലാഹുവിന്റെ ഈ കല്പനയെ അനുസരിച്ചു കൊണ്ടിരിക്കുന്നത്. ഇത്രമേൽ ചിട്ടയും സമഗ്രതയുമുള്ള ആരാധനക്രമം മറ്റേതെങ്കിലും സംവിധാനത്തിന്റെയോ വിശ്വാസത്തിന്റെയോ ഭാഗമായി നിലനിൽക്കുന്നുണ്ടോ? ഇല്ല എന്നല്ലാതെ വസ്തുതകൾ മറ്റെന്താണ് പറയുക!
പ്രവാചകൻﷺ നിസ്കാരത്തിനു വേണ്ടി അണി ഒപ്പിച്ചു നിർത്തുമ്പോൾ എല്ലാവരും ഒരേ നിരയായി എന്ന് ബോധ്യപ്പെട്ടതിനുശേഷമായിരുന്നു അല്ലാഹുവിന്റെ മഹത്വം ഉൽഘോഷിക്കുന്ന തക്ബീർ ചൊല്ലി നിസ്കാരത്തിലേക്ക് പ്രവേശിച്ചിരുന്നത്. അണിയിൽ നിന്ന് ആരെങ്കിലും മുന്നോട്ടോ പിന്നോട്ടോ നിന്നാൽ അവരെ അണിയിലേക്ക് തന്നെ ക്രമപ്പെടുത്തി നിർത്താൻ വളരെ ജാഗ്രതയോടുകൂടി ശ്രദ്ധിച്ചിരുന്നു. അത്തരം അനുഭവങ്ങളും ഇത്തരം സന്ദർഭങ്ങളിലുണ്ടായ ചില കൗതുകകരമായ രംഗങ്ങളും നാം നേരത്തെ വായിച്ചു പോയിട്ടുണ്ട്.
ചിലപ്പോഴൊക്കെ തിരുനബിﷺ അവിടുത്തെ പക്കലുണ്ടായിരുന്ന വടികൊണ്ട് വരിയൊപ്പിക്കുകയും ഒരു സംഘാടകനായി സ്വഹാബികളെ നിരത്തി നിർത്തി ലൈനുകൾ ചിട്ടപ്പെടുത്തുകയും ചെയ്യുമായിരുന്നു.
പ്രവാചക ശിഷ്യന്മാരായ സ്വഹാബികൾ നിസ്കരിക്കാൻ വേണ്ടി അണിനിരക്കുമ്പോൾ അതിനിടയിലൂടെ സഞ്ചരിക്കുകയും അവരെ ക്രമപ്പെടുത്താൻ വേണ്ടി ഇടപെടുകയും ചെയ്യുമായിരുന്നു.
നിസ്കാരത്തിലേക്ക് പുറപ്പെടുമ്പോഴെല്ലാം ദന്ത ശുദ്ധീകരണം നടത്തുകയും മിസ്വാക്ക് ഉപയോഗിക്കുകയും ചെയ്യുന്നത് തിരുനബിﷺയുടെ പതിവായിരുന്നു. മറ്റൊരുപാട് കർമങ്ങളെക്കാൾ കൂടുതൽ പ്രത്യേകമായ ശ്രദ്ധ ബ്രഷ് ചെയ്യുന്നതിൽ തിരുനബിﷺക്കുണ്ടായിരുന്നു. വായ ശുദ്ധീകരിച്ചു നടക്കുമ്പോഴെല്ലാം അല്ലാഹുവിന് അടിമയോട് പ്രത്യേക ഇഷ്ടമാണ് എന്ന് അവിടുന്ന് ഉൽബോധിപ്പിച്ചിരുന്നു. നിസ്കാരം അല്ലാഹുവിനോട് സംഭാഷണം നടത്തുന്ന പുണ്യകർമമായതിനാൽ മിസ്സ് വാക്കിനും പ്രത്യേകമായ പ്രാധാന്യം നൽകി. എൻ്റെ സമുദായത്തിന് പ്രയാസമാകുമായിരുന്നില്ലെങ്കിൽ ഓരോ നിസ്കാര സമയത്തും ബ്രഷ് ചെയ്യാൻ ഞാൻ നിർബന്ധിക്കുമായിരുന്നു എന്ന് തിരുനബിﷺ പറഞ്ഞു പോയിട്ടുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
