
തിരുനബിﷺ കടന്നുപോയ വഴികളും സാന്നിധ്യമറിയിച്ച ഇടങ്ങളും ഓരോ സന്ദർഭങ്ങളിലെയും സ്ഥലത്തെയും സമീപനങ്ങളും തിരുജീവിതത്തിന്റെ ദിനരാത്രങ്ങൾ വായിക്കുമ്പോൾ നാം പരിചയപ്പെട്ടു കൊണ്ടിരിക്കുകയാണ്. അവിടുന്ന് പള്ളിയിൽ പ്രവേശിക്കുമ്പോഴും പള്ളിയിൽനിന്ന് പുറത്തുവരുമ്പോഴും എങ്ങനെയൊക്കെയായിരുന്നു എന്നൊരു അധ്യായം ഈ ഗണത്തിൽ നമുക്ക് വായിക്കാനുണ്ട്.
ഇമാം അഹ്മദും(റ) ഇബ്നുമാജ(റ)യും ഉദ്ധരിക്കുന്നു. പ്രവാചക പുത്രി ഫാത്വിമ(റ) പറഞ്ഞു. തിരുനബിﷺ പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ സ്വലാത്ത് ചൊല്ലാറുണ്ടായിരുന്നു. അവിടുന്ന് അവിടുത്തേക്ക് തന്നെ അല്ലാഹുവിൽ നിന്ന് ഗുണവും രക്ഷയും തേടിയിരുന്നു എന്നർഥം. ശേഷം, ഇങ്ങനെ കൂടി പറയും. അല്ലാഹുമ്മഗ്ഫിർലീ ദുനൂബി…!(അല്ലാഹുവേ എന്റെ പാപങ്ങൾ പൊറുക്കേണമേ! നിന്റെ കാരുണ്യത്തിന്റെ കവാടങ്ങൾ തുറന്നു തരേണമേ!). പള്ളിയിൽ നിന്ന് പുറത്തേക്ക് വരുമ്പോഴും അവിടുന്ന് സ്വലാത്ത് ചൊല്ലുമായിരുന്നു. ശേഷം, ഇങ്ങനെ പ്രാർഥിച്ചിരുന്നു. അല്ലാഹുവേ എന്റെ പാപങ്ങൾ പൊറുക്കേണമേ! നിന്റെ അനുഗ്രഹത്തിന്റെ കവാടങ്ങൾ എനിക്ക് തുറന്നു തരേണമേ.
ഈ ചുവടുകളും മന്ത്രങ്ങളും ഇന്നും വിശ്വാസികൾ ഓർത്തു വെക്കുകയും അനുകരിക്കുകയും ചെയ്യുന്നു. നിത്യവും ഒരായിരം അധരങ്ങളിൽ ഈ മന്ത്രങ്ങൾ ഉരുവിടുന്നു. അവകൾ പ്രാർഥനയായി അല്ലാഹുവിലേക്ക് ഉയരുന്നു.
ഇമാം അഹ്മദ്(റ) ഉദ്ധരിച്ച മറ്റൊരു ഹദീസിൽ മഹതി ഫാത്വിമ(റ) തന്നെ പറയുന്നു. തിരുനബിﷺ പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ ബിസ്മില്ലാഹി… അല്ലാഹുവിന്റെ നാമത്തിൽ… അല്ലാഹുവിന്റെ ദൂതന്റെﷺ മേൽ അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ! എൻ്റെ പാപങ്ങൾ പൊറുത്തു തരേണമേ! അല്ലാഹുവേ നിന്റെ കാരുണ്യത്തിന്റെ കവാടങ്ങൾ തുറന്നു തരേണമേ! എന്നിങ്ങനെ പ്രാർഥിക്കുമായിരുന്നു.
നല്ലതെന്തു ചെയ്യുമ്പോഴും വലതുഭാഗം കൊണ്ടു തുടങ്ങിയിരുന്ന തിരുനബിﷺ പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ വലതുകാൽ വെച്ചു കൊണ്ടായിരുന്നു പ്രവേശിച്ചിരുന്നത് എന്ന് ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു.
അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിന്റെ ആശയം ഇങ്ങനെയാണ്. തിരുനബിﷺ പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ ഇപ്രകാരം പ്രാർഥിക്കാറുണ്ടായിരുന്നു. അഊദു ബില്ലാഹിൽ അലീം…ഉന്നതനായ അല്ലാഹുവിനെ കൊണ്ടും അവൻ്റെ മഹത്വമേറിയ സത്തയും അധികാരവും മുൻനിർത്തിയും അപശക്തനായ പിശാചിൽ നിന്ന് ഞാൻ കാവൽ ചോദിക്കുന്നു.
അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളിൽ പ്രവേശിക്കുമ്പോൾ ഏതെല്ലാം ചിട്ടകളും മര്യാദകളും പാലിക്കണമെന്ന വിഷയത്തിൽ ക്രമിക ഉണ്ടാക്കുകയോ കൽപ്പനകൾ നിർവഹിക്കുകയുമായിരുന്നില്ല തിരുനബിﷺ. എപ്രകാരമായിരിക്കണമെന്ന് ജീവിച്ചു കാണിച്ചു തരികയായിരുന്നു. ഇസ്ലാമും തിരുനബിﷺയും ലോകത്തിന്റെ ഹൃദയങ്ങളിൽ പതിഞ്ഞത് പ്രായോഗികമായി അത് നിവർത്തിക്കപ്പെടുകയും ഇസ്ലാമിനെ ജീവിതം കൊണ്ട് ആവിഷ്കരിക്കുകയും ചെയ്തപ്പോഴാണ്.
വിശ്വാസത്തിന്റെ നിർവചനം എന്താണെന്ന് ചോദിച്ചാൽ തിരുനബിﷺ എത്തിച്ചു തന്നതാണെന്ന് അറിയപ്പെട്ട മുഴുവൻ കാര്യങ്ങളും അംഗീകരിക്കുക എന്നാണ്. ഈമാനും ഇസ്ലാമും പ്രപഞ്ചാധിപനായ അല്ലാഹു നിശ്ചയിച്ചു തന്ന വിശ്വാസാനുഷ്ഠാന രീതികളാണെങ്കിലും അതാവിഷ്കരിക്കാൻ നിയോഗിക്കപ്പെട്ട തിരുനബിﷺയുടെ ജീവിതത്തെ പകർന്നെടുക്കാനാണ് ലോകത്തിനു സൗകര്യം ചെയ്തു തന്നത്. ഒരു സംഹിതയെ പറയുന്നതിനു പകരം; ഒരു ജീവിത വ്യവസ്ഥിതിയെ നിർദ്ദേശിക്കുന്നതിന് പകരം അവ രണ്ടും ഏറ്റവും സമ്പൂർണ്ണമായി പ്രയോഗിക്കുന്ന ഒരു മഹാവ്യക്തിയെ മുന്നിൽ നടത്തിത്തരുകയായിരുന്നു. ഏറ്റവും തെളിമയാർന്ന ഒരു ജീവിതത്തെ ആവിഷ്കരിച്ചു കൊണ്ടാണ് പുണ്യ റസൂൽﷺ ഉലകത്തിന്നു മുഴുവനും ഉദാഹരണവും അനുധാവനം ചെയ്യപ്പെടേണ്ട വ്യവസ്ഥിതിയുമായി മാറിയത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
