
തിരുനബിﷺയുടെ ആത്മീയ അനുഷ്ഠാനങ്ങളെ കുറിച്ചുള്ള അധ്യായങ്ങളിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് ഒരുപാട് മതങ്ങളും ദർശനങ്ങളുമുണ്ട്. എന്നാൽ, മുഹമ്മദ് നബിﷺ നിർവഹിച്ച ആരാധനാമുറകൾ അനുകരിക്കപ്പെടുകയും പാലിക്കപ്പെടുകയും ചെയ്യുന്നതുപോലെ വേറെ ഏതെങ്കിലും ഒരു പ്രവാചകന്റെ ആത്മീയ അനുഷ്ഠാനങ്ങൾ അനുകരിക്കപ്പെടുന്നുണ്ടോ!
കോടിക്കണക്കിന് ജനങ്ങൾ എല്ലാ ദിവസവും അഞ്ചു സമയങ്ങളിൽ ജീവിതത്തിന്റെ എല്ലാ തിരക്കുകൾക്കിടയിലും പ്രത്യേകമായ ചിട്ടകളോടെ ആരാധനാകർമങ്ങളിൽ ഏർപ്പെടുന്നു. അത് കേവലം നിമിഷങ്ങൾ മാത്രമുള്ള ധ്യാനമോ ചുരുങ്ങിയ വാചകങ്ങളിലെ മന്ത്രമോ ഒന്നുമല്ല. മുഖവും കൈകളും കാലുകളും ഒക്കെ നിർദ്ദേശിക്കപ്പെട്ട രീതിയിൽ കഴുകി, പൂർണ്ണമായും വൃത്തിയുള്ള ശരീരവും സ്ഥലവും ചിന്തയും പാലിച്ചുകൊണ്ട് ശരീരത്തിന്റെ ഏതാണ്ട് എല്ലാ ജോയിന്റുകളും പ്രത്യേക ചലനങ്ങൾക്ക് വിധേയമാകുന്ന വിധം സുപ്രധാനമായ ഒരു കർമമായി തന്നെ അത് നിർവഹിക്കപ്പെടുന്നു.
മുഹമ്മദ് നബിﷺയെ അനുഗമിക്കുന്ന ഒരു വിശ്വാസി അദ്ദേഹത്തിൻ്റെ ജീവിതത്തിൽ ഏറ്റവും കൃത്യതയോട് കൂടി പതിവാക്കുന്ന ഒരു കർമം ഈ അഞ്ചുനേരത്തെ നിസ്കാരമായിരിക്കും. ഭക്ഷണമോ ഉറക്കമോ മറ്റു മാനുഷികമായി വേണ്ട നിത്യചര്യകളോ ഒന്നും ഇത്രമേൽ കൃത്യതയോട് കൂടി പാലിക്കപ്പെട്ടിട്ടുണ്ടാവില്ല. സ്വന്തം വിവാഹത്തിൻ്റെ നാളിലും വീട്ടിലെയും കുടുംബത്തിലെയും ചടങ്ങുകൾക്കിടയിലും ഉറ്റവരുടെയും ഉടയവരുടെയും മരണം സംഭവിക്കുമ്പോഴും ശ്രദ്ധയോടെ പരിപാലിച്ചു പോരുന്ന മറ്റൊരു കർമവും ഒരു വിശ്വാസിയുടെ ജീവിതത്തിൽ നിസ്കാരം പോലെ വേറെ ഉണ്ടാവില്ല.
ഈ ആരാധനാകർമത്തിന്റെ ഒരു പൊതു നിയമം പ്രകടനപരമായ ചില ശാരീരിക ചലനങ്ങൾ മാത്രമായി കൈമാറിയിട്ടല്ല തിരുനബിﷺ യാത്രയായത്. നിസ്കാരത്തിലെ ഓരോ ചലനങ്ങളും ഓരോ ചലനങ്ങൾക്കിടയിൽ ചൊല്ലേണ്ട മന്ത്രങ്ങളും അവയവങ്ങൾ ക്രമീകരിക്കേണ്ട ചിട്ടയും ഒറ്റക്കോ കൂട്ടമായി നിർവഹിക്കുമ്പോൾ പാലിച്ചിരിക്കേണ്ട വ്യത്യസ്ത നിർദ്ദേശങ്ങളും തുടങ്ങി അതിസൂക്ഷ്മമായി തന്നെ തിരുനബിﷺ അനുയായികൾക്ക് നിസ്കാരം പഠിപ്പിച്ചു കൊടുത്തു. അത് അപ്രകാരം തന്നെ അവർ പകർത്തുകയും ചോർച്ചയൊന്നുമില്ലാതെ 1400 വർഷങ്ങൾക്കുശേഷവും തുടരപ്പെടുകയും ചെയ്യുന്നു.
ഇത് ലോകാത്ഭുതങ്ങളിൽ ഒന്നല്ലാതെ മറ്റെന്താണ്! ഇതുപോലെ ഒരു അധ്യായം വേറെ ഏതു വ്യക്തിയുടെ ജീവിതത്തിൽ നിന്നാണ് ലോകത്ത് കൃത്യമായി നടന്നുകൊണ്ടിരിക്കുന്നത്! വേറെ ആരുടെ ജീവിതത്തിൽ നിന്നാണ് ചുവട് തെറ്റാതെ ഇത്രയും ആളുകൾ ഒരേ ഭാഷയിലും ഒരേ ഭാവത്തിലും നിത്യ ജീവിതത്തിൽ പാലിച്ചുകൊണ്ട് പോകുന്നത്! ലോകത്തേതു ഭാഷയിൽ ജീവിക്കുന്നവരും ഒരേ ഭാഷയിൽ തന്നെ നിസ്കരിച്ചു കൊണ്ടിരിക്കുന്നു. ലോകത്തേത് ദിക്കിലുള്ളവരും ഒരേ കേന്ദ്രത്തിലേക്ക് തന്നെ തിരിഞ്ഞു നിന്ന് നിസ്കരിക്കുന്നു. ജീവിതത്തിന്റെ ഏതുതലത്തിൽ കഴിയുന്നവരും ഒരേ മന്ത്രം ഉച്ചരിച്ചുകൊണ്ട് തന്നെ നിസ്കാരം ആരംഭിക്കുന്നു. ലോകത്തേത് കാലാവസ്ഥയിലും സമയദേശ വ്യത്യാസമുള്ളവരും പ്രകൃതിയുടെ പ്രതിഭാസങ്ങളോടു ചേർത്ത് ക്രമപ്പെടുത്തിയ ടൈംടേബിൾ പ്രകാരം നിർവഹിച്ചുകൊണ്ടിരിക്കുന്നു.
ഇങ്ങനെ എത്രയെത്ര വിസ്മയങ്ങളോട് ചേർന്ന് നിന്നുകൊണ്ടാണ് തിരുനബിﷺ പകർന്നു കൊടുത്ത ഒരു ആരാധനാക്രമം ലോകം ശരീരത്തിലേക്കും ഹൃദയത്തിലേക്കും ഒരുപോലെ ചേർത്തുവച്ചു പരിപാലിച്ചു കൊണ്ട് നടക്കുന്നത്. അതേ നിസ്കാരത്തിന്റെ കൃത്യമായ ഒരു മുഹൂർത്തത്തിൽ എല്ലാവരും ഒരേ ഭാഷയിൽ പ്രവാചക പ്രഭുﷺവിനെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. സ്രഷ്ടാവായ അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുകയും അവൻ്റെ മുന്നിൽ മാത്രം സാഷ്ടാങ്കം ചെയ്യുകയും ചെയ്തുകൊണ്ട് നിർവഹിക്കുന്ന നിസ്കാരത്തിന്റെ ധന്യമായ ഒരു മുഹൂർത്തത്തിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട അടിമയും ദാസനുമായ, സൃഷ്ടി ശ്രേഷ്ഠരായ പുണ്യ പ്രവാചകർﷺക്ക് സലാം ചൊല്ലുന്നു.
കോടാനുകോടി അനുയായികളാൽ നിത്യവും അഞ്ചുനേരം കൃത്യമായ ചിട്ടയോടെ അഭിവാദ്യം ചെയ്യപ്പെടുന്ന ഒരേ ഒരു നേതാവിനെയേ ലോകത്തിനു പരിചയമുള്ളൂ. അതാണ് പ്രപഞ്ചത്തിന്റെ പ്രവാചകൻﷺ. പരിശ്രേഷ്ഠരായ മുഹമ്മദ് റസൂലുല്ലാഹ്ﷺ. ഞാൻ ഈ വരികൾ എഴുതുന്നതിനിടയിലും ലോകത്തിന്റെ വ്യത്യസ്ത ദിക്കുകളിൽ നിന്ന് കോടിക്കണക്കിനാളുകൾ അസ്സലാമു അലൈക അയ്യുഹന്നബിയ്യു…. (അല്ലയോ പ്രവാചക പ്രഭോﷺ അങ്ങേക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യം) എന്നു പറഞ്ഞു കഴിഞ്ഞു. പ്രപഞ്ചത്തിലെ ഏറ്റവും വലിയ വിസ്മയത്തിന്റെ അഭിധേയമാണ് മുഹമ്മദ് റസൂലുല്ലാഹ്ﷺ.
