
പള്ളികൾ ഏറ്റവും പവിത്രമായി പരിപാലിക്കണമെന്ന് തിരുനബിﷺ ഉദ്ബോധിപ്പിച്ചിരുന്നു. സഹവസിക്കുന്ന മുഴുവൻ സ്ഥലങ്ങളും ഏറ്റവും വൃത്തിയിലും വെടിപ്പിലും കൊണ്ടുനടക്കണം എന്നത് തിരുനബിﷺയുടെ പൊതുവായ അധ്യാപനമാണ്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. പള്ളിയിലെ ഖിബ്ലയുടെ ഭാഗത്ത് തന്നെ മാലിന്യം പുരണ്ടിരിക്കുന്നത് തിരുനബിﷺയുടെ ശ്രദ്ധയിൽപ്പെട്ടു. അത് അവിടുത്തേക്ക് വല്ലാതെ പ്രയാസമായി. ദുഃഖം അവിടുത്തെ മുഖത്തു നിഴലിച്ചു. നേരിട്ടുതന്നെ തിരുനബിﷺ അത് നീക്കം ചെയ്ത് വൃത്തിയാക്കുകയും ചെയ്തു.
ദീർഘമായ ഈ ഹദീസിന്റെ ഒടുവിൽ ഇങ്ങനെ കൂടിയുണ്ട്. നിങ്ങൾ തുപ്പുന്ന നേരത്ത് ഖിബ്ലക്ക് നേരെ തുപ്പരുത്. വലത്തോട്ടോ ഇടത്തോട്ടോ ആയിക്കൊള്ളട്ടെ. തിരുനബിﷺ അവിടുത്തെ മേൽത്തട്ടത്തിന്റെ അഗ്രം എടുത്ത് അതിലേക്ക് തുപ്പുന്നതുപോലെ കാട്ടിയിട്ട് മടക്കി വെച്ചു.
നിസ്കാരത്തിലോ മറ്റോ തുപ്പേണ്ട സന്ദർഭമുണ്ടായാൽ മറ്റുള്ളവർക്കോ പള്ളിയിലോ പ്രയാസമുണ്ടാകാത്ത വിധം പരിപാലിക്കണം എന്ന് പഠിപ്പിക്കുകയായിരുന്നു. പരിസരങ്ങൾക്കും പരിസരത്തു നിൽക്കുന്നവർക്കും അലോസരമോ ബുദ്ധിമുട്ടോ ഉണ്ടാകുന്ന ഒരു കാര്യവും ഉണ്ടാവരുത് എന്ന് വ്യത്യസ്ത ഭാഷയിലും ഭാവത്തിലും നിരന്തരമായി പഠിപ്പിച്ചിരുന്നു. പള്ളിയുടെ ഒരു ഭാഗത്ത് ആരോ കാർക്കിച്ചു തുപ്പിയതിന്റെ അംശം കണ്ടപ്പോൾ വളരെ ഗൗരവതരമായി തന്നെ അനുയായികളോട് സംസാരിച്ചു. പള്ളിയും പരിസരവും വൃത്തിയിലും വെടിപ്പിലും കൊണ്ടുനടക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അവരെ ഉദ്ബോധിപ്പിച്ചു. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം മുസ്ലിം(റ) ഉദ്ധരിച്ച ഹദീസിൽ ഈ സംഭവം വായിക്കാവുന്നതാണ്.
മണൽപ്പരപ്പ് മാത്രം പള്ളിയുടെ തറയായിരുന്ന കാലത്ത് അവിടെയോ ഇവിടെയോ ഒക്കെ തുപ്പിയതിന്റെയും കാർകിച്ചതിന്റെയും അടയാളം കണ്ടപ്പോൾ ചെരുപ്പ് ധരിച്ചു കൊണ്ടുപോയി തിരുനബിﷺ തന്നെ വൃത്തിയാക്കിയ വ്യത്യസ്ത സന്ദർഭങ്ങൾ ഹദീസുകളിൽ നമുക്ക് വായിക്കാം. മനുഷ്യന്റെ പരിസരങ്ങൾ ഹൈജീനിക്കായിരിക്കണമെന്ന ആധുനിക കാഴ്ചപ്പാടുകളും കോവിഡ് കാലത്ത് നിർദ്ദേശിക്കപ്പെട്ട അകല സമവാക്യങ്ങളും അടിസ്ഥാനപരമായി പ്രവാചകന്‍ﷺ തന്നെ അക്കാലത്ത് അഭ്യസിപ്പിച്ചിരുന്നു എന്ന് വേണം മനസ്സിലാക്കാൻ.
മനുഷ്യന്റെ വ്യവഹാര മേഖലകൾ മുഴുവനും അഴുക്കുകളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും എപ്പോഴും വൃത്തിയായിരിക്കണം എന്ന് പല പാഠങ്ങളിലൂടെയും തിരുനബിﷺ പഠിപ്പിച്ചു കൊണ്ടേയിരുന്നു. മനുഷ്യനോട് ഇണങ്ങി ജീവിക്കുന്ന ജീവികളിൽ നിന്ന് പകർന്നേക്കാവുന്ന മാലിന്യങ്ങളെക്കുറിച്ചും ഇനം തിരിച്ചു വിശദമായ പഠനങ്ങൾ തിരുനബിﷺയുടെ കർമശാസ്ത്ര പാഠശാലയിൽ കഴിഞ്ഞു പോയിട്ടുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള അതി സൂക്ഷ്മമായ നിയമങ്ങൾ കർമശാസ്ത്ര പണ്ഡിതന്മാർ ഗ്രന്ഥങ്ങളിൽ അടയാളപ്പെടുത്തി. ഇസ്ലാമിക കർമശാസ്ത്ര ഗ്രന്ഥങ്ങളുടെ മുഴുവനും പ്രാഥമിക അധ്യായം തന്നെ അശുദ്ധിയിൽ നിന്നും മാലിന്യത്തിൽ നിന്നും ശുദ്ധിയാകാനുള്ള നിയമങ്ങളും നിർദ്ദേശങ്ങളുമായിരിക്കും.
സുഭദ്രമായ കെട്ടിടങ്ങളോ നാലുകെട്ടുകളോ ഇല്ലാതിരുന്ന കാലത്ത് തുറന്ന തറയിൽ നിർണയിക്കപ്പെട്ട സ്ഥലത്ത് പള്ളികളായി പരിഗണിച്ചു പോന്ന ഇടങ്ങളിൽ വളര്‍ത്തു മൃഗങ്ങളും മറ്റും വന്നു കയറാറുണ്ടായിരുന്നു. അത്തരം സന്ദർഭങ്ങളിൽ തിരുനബിﷺ എന്തായിരുന്നു പറഞ്ഞത്? അനുയായികൾക്ക് നൽകിയ നിർദ്ദേശങ്ങൾ എന്തൊക്കെയായിരുന്നു? എന്നിങ്ങനെ വായിച്ചു നോക്കുമ്പോൾ ഏതെല്ലാം മാലിന്യങ്ങളിൽ നിന്ന് എങ്ങനെയെല്ലാം വിട്ടുനിൽക്കണമെന്ന് എല്ലാ കാലത്തേക്കുമുള്ള കൃത്യമായ നിയമങ്ങളെ രൂപപ്പെടുത്താനും കണ്ടെത്താനും കഴിയും. ഹജ്ജ് വേളകളിൽ വാഹനപ്പുറത്ത് കഅ്ബയുടെ പരിസരത്ത് എത്തിയപ്പോൾ കർമങ്ങളുടെ ഭാഗമായത് എങ്ങനെയെന്ന് ഹദീസ് ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നുണ്ട്. എന്നത്തേക്കുമുള്ള സമീപനങ്ങൾക്ക് അടിസ്ഥാനപരമായ നിയമങ്ങൾ രൂപപ്പെടുത്താൻ അത്തരം ഹദീസുകൾ വളരെ പ്രധാനമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
