ഇനി, മലക്കുകൾ ആദം നബി(അ)ക്ക് സുജൂദ് ചെയ്തതിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഇമാം ഫഖ്റുദ്ദീൻ റാസി(റ) പറഞ്ഞു: മലക്കുകൾക്ക് ആദം നബി(അ)ക്ക് സുജൂദ് ചെയ്യാൻ കൽപ്പന ലഭിച്ചത്, തിരുനബിﷺയുടെ പ്രകാശമുള്ള രൂപം ആദം നബി(അ)യുടെ മുഖത്ത് ഉണ്ടായിരുന്നതുകൊണ്ടാണ്. ഇതുമായി ബന്ധപ്പെട്ട മനോഹരമായ ഒരു കവിതാ ശകലം ഇങ്ങനെ വായിക്കാം.
“നീ അല്ലാഹുവിന്റെ പ്രകാശത്തെ ആദം നബി(അ)യുടെ മുഖത്ത് പ്രകടമാക്കി. അങ്ങനെ ആ പ്രകാശം സന്നിഹിതമായപ്പോൾ മലക്കുകളെല്ലാം അദ്ദേഹത്തിന് സുജൂദ് ചെയ്തു.”
ഇമാം സഹ്ൽ ബിൻ മുഹമ്മദ്(അ) പറഞ്ഞു: അല്ലാഹു തആല മുഹമ്മദ് നബിﷺക്ക് നൽകി ആദരിച്ച ആ വിശേഷ പദവിയാണ് അഹ്സാബ് അധ്യായത്തിലെ 56-ആമത്തെ സൂക്തം. ആശയ സാരം ഇപ്രകാരമാണ്: തീർച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകന്റെﷺ മേൽ അനുഗ്രഹം ചൊരിയുന്നു. വിശ്വസിച്ചവരേ, നിങ്ങൾ അവിടുത്തേമേൽ അനുഗ്രഹവും സ്വലാത്തും സലാമും സമർപ്പിക്കുവിൻ.
ആദം നബി(അ)ക്ക് വേണ്ടി സുജൂദ് ചെയ്യാൻ കൽപ്പിച്ചതിനേക്കാൾ ആശയവ്യാപ്തിയുള്ളതാണ് ഈ ഖുർആനിക സൂക്തം. ആദ്യം അല്ലാഹു സ്വലാത്ത് നിർവഹിക്കുന്നു എന്ന് പറഞ്ഞതിനുശേഷമാണല്ലോ മലക്കുകൾ സദാ സ്വലാത്ത് വർഷിച്ചുകൊണ്ടിരിക്കുന്നു എന്ന് പറഞ്ഞത്. അല്ലാഹുവിൻ്റെ സ്വലാത്തും മലക്കുകളുടെ സ്വലാത്തും നിരന്തരമായി ലഭിച്ചുകൊണ്ടിരിക്കുന്നു എന്നത് ഒരുനേരം മലക്കുകൾ നിർവഹിച്ച സുജൂദിനേക്കാൾ എത്രമേൽ വ്യാപകമായ ആശയമുള്ളതാണ്. അതിനും പുറമേ ആണല്ലോ അന്ത്യനാൾ വരെയുള്ള വിശ്വാസികൾ നിരന്തരമായി നിർവഹിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹ ക്ഷേമ പ്രാർത്ഥനകളാകുന്ന സ്വലാത്ത് സലാമുകൾ. ആദം നബി(അ)ക്ക് ലഭിച്ച സുജൂദ് ലഭിക്കുകയും അവസാനിക്കുകയും ചെയ്തു. തിരുനബിﷺക്കുള്ള അനുഗ്രഹ വർഷങ്ങൾ അനുസ്യൂതമായി തുടർന്നുകൊണ്ടേയിരിക്കുന്നു.
ഈ ആശയം അതിമനോഹരമായി ഇമാം വാഹിദി(റ) അദ്ദേഹത്തിൻ്റെ അസ്ബാബുന്നുസൂലിൽ പരാമർശിക്കുന്നുണ്ട്. ആദം നബി(അ)ക്ക് എല്ലാ നാമങ്ങളും അല്ലാഹു പഠിപ്പിച്ചു കൊടുത്തു എന്ന ഭാഗത്തുകൂടി നോക്കുമ്പോൾ തിരുനബിﷺയുടെ മഹത്വം എങ്ങനെയാണ് വായിക്കേണ്ടത്? അബു റാഫിഈ(റ)യിൽ നിന്ന് ഇമാം ദൈലമി(റ) ഉദ്ധരിക്കുന്ന ഒരു നിവേദനത്തിൽ ഇങ്ങനെയുണ്ട്. തിരുനബിﷺ പറഞ്ഞു. മണ്ണിനും വെള്ളത്തിനും ഇടയിലായിരിക്കെ എന്റെ സമുദായത്തെ എനിക്ക് പ്രദർശിപ്പിക്കപ്പെട്ടു. ആദം നബി(അ)ക്ക് എല്ലാ നാമങ്ങളും പഠിപ്പിക്കപ്പെട്ടതുപോലെ എനിക്കും നാമങ്ങളെല്ലാം പഠിപ്പിക്കപ്പെട്ടു. തങ്ങൾക്ക് അറിയാത്തതെല്ലാം അല്ലാഹു താങ്കൾക്ക് പഠിപ്പിച്ചു തന്നു എന്ന ഖുർആനിന്റെ പരാമർശവും ഈ അധ്യായത്തിൽ ഏറെ വിശാലാർത്ഥം ഉള്ളതാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
