Tweet 1585

Tweet 1585
October 16, 2026 • Friday

ഇദ്രീസ് നബി(അ)ക്ക് നൽകപ്പെട്ടതിനോട് സമാനമായി തിരുനബിﷺക്ക് ലഭിച്ചിട്ടുള്ള വിശേഷം എന്തായിരിക്കും! അല്ലാഹു പറഞ്ഞു: “അവനെ നാം ഉന്നതമായ ഒരു സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്തു.” വിശുദ്ധ ഖുർആൻ മർയം അധ്യായത്തിലെ 57 സൂക്തം പരാമർശിച്ച ഈ ബഹുമതിയെ മുന്നിൽവച്ച് നോക്കുമ്പോൾ, തിരുനബിﷺയെ അല്ലാഹു ‘ഖാബ കൗസൈനി’ലേക്ക് രണ്ട് വില്ലിന്റെ അകലത്തിലേക്ക് ഉയർത്തിയിട്ടുണ്ട് എന്ന് ഖുർആൻ പരാമർശിക്കുന്നുണ്ട്. മിഅ്‌റാജിന്റെ അധ്യായങ്ങളിൽ ഇതിനെക്കുറിച്ച് വിശദീകരിച്ചിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല.

നൂഹ് നബി(അ)യെ പഠിക്കുമ്പോൾ ഇങ്ങനെ കൂടി വായിക്കാം. അബൂ നുഐം(റ) പറഞ്ഞു: നൂഹ് നബി(അ)ക്ക് നൽകപ്പെട്ട ദൃഷ്ടാന്തം അദ്ദേഹത്തിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുകയും തന്റെ ജനതയെ പ്രളയത്തിൽ മുക്കിക്കൊല്ലുകയും ചെയ്തുവെന്നതാണ്. എന്നാൽ നമ്മുടെ പ്രവാചകന്ﷺ എത്രയെത്ര പ്രാർത്ഥനകളാണ് ഉത്തരം ലഭിച്ചിട്ടുള്ളത്! നൂഹ് നബി(അ)യെക്കാൾ നമ്മുടെ പ്രവാചകൻﷺ പ്രത്യേകത നേടിയിട്ടുള്ളത്, ഇരുപത് വർഷംകൊണ്ട് ആയിരക്കണക്കിന് ആളുകൾ വിശ്വസിക്കുകയും ജനങ്ങൾ കൂട്ടംകൂട്ടമായി അവിടുത്തെ ദർശനത്തിലേക്ക് കടന്നുവരികയും ചെയ്തുവെന്നതിനാലാണ്.

നൂഹ് നബി(അ) തന്റെ 950 വർഷം അഥവാ ആയിരം വർഷത്തിന് 50 കുറവ് താമസിച്ചിട്ടും നൂറിലധികം ആളുകൾ മാത്രമേ അദ്ദേഹത്തിൽ വിശ്വസിച്ചിരുന്നുള്ളൂ.

അബൂ മുഹമ്മദ് അബ്ദുല്ലാഹ് ബിൻ ഹാമിദ് അൽ ഫഖീഹ്(റ) പറഞ്ഞു: നൂഹ് നബി(അ)ക്ക് ലഭിച്ച ആ സവിശേഷത വഴി അദ്ദേഹത്തിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുകയും, തന്റെ ജനത നശിപ്പിക്കപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ മനസ്സിന് ശമനം ലഭിക്കുകയും ചെയ്തു. നമ്മുടെ പ്രവാചകൻﷺക്കും അതുപോലെയുള്ളത് നൽകപ്പെട്ടിട്ടുണ്ട്; ഖുറൈശികളിൽ നിന്ന് നിഷേധവും പരിഹാസവും ഏൽക്കേണ്ടിവന്നപ്പോൾ അല്ലാഹു മലകളുടെ മലക്കിനെ ഇറക്കുകയും, ജനങ്ങളെ നശിപ്പിക്കുന്ന കാര്യത്തിൽ തിരുനബിﷺ കൽപ്പിക്കുന്നത് അനുസരിക്കാൻ അദ്ദേഹത്തോട് കൽപ്പിക്കുകയും ചെയ്തു. എന്നാൽ നബിﷺ ജനങ്ങളുടെ ഉപദ്രവങ്ങളിൽ സഹനം പാലിക്കാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കാനുമാണ് ആ സന്ദർഭം ഉപയോഗപ്പെടുത്തിയത്.

നൂഹ് നബി(അ)ക്ക് നൽകപ്പെട്ട മറ്റൊരുകാര്യം കപ്പലിൽ മൃഗങ്ങൾ അദ്ദേഹത്തിന് കീഴ്പെട്ടു കൊടുത്തു എന്നതാണ്. എന്നാൽ നമ്മുടെ പ്രവാചകൻﷺക്കാകട്ടെ, ഹിജ്റ ചെയ്തു മദീനയിൽ എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന വ്യാധി ജുഹ്ഫയിലേക്ക് മാറ്റപ്പെടുകയും. അവിടുത്തെ ജീവിതത്തിൽ പലതരം മൃഗങ്ങൾ കീഴ്പെട്ടു നിൽക്കുകയും ചെയ്തിട്ടുണ്ട്. നൂഹ് നബി(അ)ക്ക് കപ്പലിൽ രക്ഷപ്രാപിക്കാൻ സാധിച്ചു. എന്നാൽ കപ്പലില്ലാതെ വെള്ളത്തിലൂടെ നടക്കുന്നത് കപ്പലിൽ സഞ്ചരിക്കുന്നതിനേക്കാൾ വലിയ അത്ഭുതമാണ്. പല ഔലിയാക്കളും വെള്ളത്തിന് മീതെ നടന്നിട്ടുണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 4