Tweet 1552

Tweet 1552
September 13, 2026 • Sunday

ബിലാൽ(റ) നിവേദനം ചെയ്യുന്നു: ഞാൻ അതിശൈത്യമുള്ള ഒരു പ്രഭാതത്തിൽ ബാങ്ക് കൊടുത്തു. അപ്പോൾ തിരുനബിﷺ പുറത്തുവന്നു. പള്ളിയിൽ ആരെയും കണ്ടില്ല. അവിടുന്നു ചോദിച്ചു: “ബിലാലേ(റ), ആളുകൾ എവിടെ?” ഞാൻ പറഞ്ഞു: “തണുപ്പ് അവരെ തടഞ്ഞു.” അപ്പോൾ അവിടുന്ന് പറഞ്ഞു: “അല്ലാഹുവേ, അവരിൽ നിന്ന് തണുപ്പ് നീക്കം ചെയ്യേണമേ.”

അബ്ദുറഹ്മാൻ ബിൻ അബീ ലൈല(റ) നിവേദനം ചെയ്യുന്നു: അലി(റ) കടുത്ത ചൂടുകാലത്ത് കട്ടിയുള്ള പരുക്കൻ മേലങ്കി ചൂട് കാര്യമാക്കാതെയും ധരിക്കുമായിരുന്നു. കടുത്ത തണുപ്പുകാലത്ത് നേർത്ത രണ്ട് വസ്ത്രങ്ങൾ മാത്രം ധരിക്കുകയും തണുപ്പ് വകവെയ്ക്കാതിരിക്കുകയും ചെയ്യുമായിരുന്നു. ഇതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: ഖൈബർ യുദ്ധവേളയിൽ തിരുനബിﷺ പറഞ്ഞു: “അല്ലാഹുവും അവന്റെ ദൂതനും സ്നേഹിക്കുന്ന, ഒളിച്ചോടാത്ത ഒരാൾക്ക് ഞാൻ നാളെ പതാക നൽകും, അല്ലാഹു അദ്ദേഹത്തിലൂടെ വിജയം നൽകും.” അങ്ങനെ എന്നെ വിളിച്ച് പതാക തന്നു. പിന്നീട് പറഞ്ഞു: “അല്ലാഹുവേ, അദ്ദേഹത്തിന് ചൂടും തണുപ്പും തടഞ്ഞുനൽകേണമേ.” അതിനുശേഷം എനിക്ക് ചൂടോ തണുപ്പോ അനുഭവപ്പെട്ടിട്ടില്ല.

ശുബ്രുമാ ബിൻ അത്വുഫൈൽ(റ) നിവേദനം ചെയ്യുന്നു: അതികഠിനമായ തണുപ്പുള്ള ഒരു ദിവസം ദുഖാറിൽ വെച്ച് അലി(റ) ഒരു ഇസാറും/അരയിൽ ചുറ്റുന്ന വസ്ത്രം റിദാഉം/മേൽവസ്ത്രം ധരിച്ചതായി ഞാൻ കണ്ടു. അദ്ദേഹത്തിന്റെ നെറ്റിത്തടത്തിൽ നിന്ന് വിയർപ്പ് തുള്ളികൾ ഒഴുകുന്നുണ്ടായിരുന്നു.

ഉമ്മു സലമ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ എന്നോട് വിവാഹാഭ്യർത്ഥന നടത്തി. ഞാൻ പറഞ്ഞു: എന്നെപ്പോലൊരാളെ വിവാഹം കഴിക്കാൻ യോഗ്യമല്ല; എനിക്ക് കുട്ടികളില്ല, ഞാൻ കടുത്ത അസൂയക്കാരിയാണ്, എനിക്ക് വലിയ കുടുംബത്തിന്റെ ആശ്രിതരുടെ ഭാരവുമുണ്ട്.” അപ്പോൾ അവിടുന്ന് പറഞ്ഞു: “ഞാനാണ് നിന്നെക്കാൾ പ്രായമുള്ളവൻ. അസൂയയെ അല്ലാഹു തആല മാറ്റിത്തരും. കുടുംബത്തിന്റെ കാര്യമാണെങ്കിൽ അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമാണ്.” അങ്ങനെ ഉമ്മു സലമ(റ) മറ്റ് സ്ത്രീകളിൽ നിന്ന് വ്യത്യസ്തയായി മാറി; മറ്റ് സ്ത്രീകൾക്ക് ഉണ്ടാകുന്ന അസൂയയൊന്നും അവർക്ക് അനുഭവപ്പെടാറുണ്ടായിരുന്നില്ല.

വിശ്വസ്തരായ നിവേദക പരമ്പരയിലൂടെ ഹൻദല ബിൻ ഹുദൈം(റ) നിവേദനം ചെയ്യുന്നു: ഞാൻ എന്റെ മുത്തശ്ശൻ ഹുദൈമി(റ)നോടൊപ്പം തിരുനബിﷺയുടെ അടുക്കലേക്ക് വന്ദനം അർപ്പിക്കാൻ വന്നു. അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, എനിക്ക് താടിയുള്ള ആൺമക്കളുണ്ട്, ഇവനാണ് അവരിൽ ഏറ്റവും ഇളയവൻ.” അപ്പോൾ തിരുനബിﷺ എന്നെ അടുത്തേക്ക് വിളിക്കുകയും എന്റെ തലയിൽ തടവുകയും “അല്ലാഹു നിനക്ക് അനുഗ്രഹം നൽകട്ടെ” എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. നിവേദകൻ പറയുന്നു: മുഖം നീരു വീർത്ത ഒരാളെയോ അകിട് നീരു വീർത്ത ആടിനെയോ ഹൻദലയുടെ അടുക്കൽ കൊണ്ടുവരുന്നത് ഞാൻ കണ്ടിട്ടുണ്ട്. അപ്പോൾ അദ്ദേഹം “അല്ലാഹുവിന്റെ ദൂതന്റെﷺ കൈപ്പത്തി വെച്ച സ്ഥലത്തിന്റെ പേരിൽ ഞാൻ അഭയം തേടുന്നു” എന്ന് പറഞ്ഞ് അതിൽ തടവുകയും, ഉടൻതന്നെ ആ നീര് മാറിപ്പോകുകയും ചെയ്യുമായിരുന്നു. ത്വബ്റാനി(റ)യും ഇമാം അഹ്മദും(റ) ഇത് നിവേദനം ചെയ്തിട്ടുണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 38