Tweet 1553

Tweet 1553
September 14, 2026 • Monday

ഇമാം മുസ്‌ലിം(റ) തന്റെ സ്വഹീഹിൽ സലമത്തുബ്നു അക്വഅ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺയുടെ അരികിലിരുന്ന് ഒരാൾ തന്റെ ഇടതുകൈ കൊണ്ട് ഭക്ഷണം കഴിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: “നീ വലതുകൈ കൊണ്ട് കഴിക്കുക.” അയാൾ പറഞ്ഞു: “എനിക്ക് സാധിക്കുന്നില്ല.” തിരുനബിﷺ പറഞ്ഞു: “നിനക്ക് സാധിക്കാതിരിക്കട്ടെ! അഹങ്കാരമല്ലാതെ മറ്റൊന്നും അവനെ അതിൽ നിന്ന് തടഞ്ഞില്ല.” സലമത്തുബ്നു അക്വഅ്(റ) പറയുന്നു: അതിനുശേഷം ആ കൈ തന്റെ വായയിലേക്ക് ഉയർത്താൻ അയാൾക്ക് കഴിഞ്ഞില്ല. ദാരിമി(റ), അബ്ദുബ്നു ഹുമൈദ്(റ), ഇബ്നു ഹിബ്ബാൻ(റ) എന്നിവരും ഇത് നിവേദനം ചെയ്തിട്ടുണ്ട്. ബൂസ്ർ ബിൻ റാഇഅ് എന്നാണ് അദ്ദേഹത്തിന്റെ പേരെന്ന് വിശദീകരണങ്ങളിൽ വായിക്കാം.

ഉഖ്ബത്തുബ്നു ആമിർ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ സുബൈഅത്തു അസ്ലമിയ്യ(റ) ഇടതുകൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് കണ്ടു. അപ്പോൾ തിരുനബിﷺ പറഞ്ഞു: “അവളെ ഗസ്സയിലെ രോഗം പിടികൂടട്ടെ!” അങ്ങനെ അവൾ ഗസ്സയിലൂടെ കടന്നുപോയപ്പോൾ അവളെ മഹാമാരി ബാധിക്കുകയും അവൾ മരണപ്പെടുകയും ചെയ്തു.

ബുറൈദ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ ‘ഖൈസ്’ എന്ന് വിളിക്കപ്പെടുന്ന ഒരാളെക്കുറിച്ച് അന്വേഷിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: “ഭൂമി അവനെ സ്ഥിരപ്പെടുത്താതിരിക്കട്ടെ!” അങ്ങനെ അയാൾ ഏത് ഭൂമിയിൽ പ്രവേശിച്ചാലും അവിടെ സ്ഥിരതാമസമാക്കാൻ കഴിയാതെ അവിടെനിന്ന് പുറത്താക്കപ്പെടുമായിരുന്നു.

ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ എന്നോട് പറഞ്ഞു: “മുആവിയ(റ)യെ എന്റെ അടുക്കലേക്ക് വിളിക്കൂ.” ഞാൻ പറഞ്ഞു: “അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്.” മൂന്നാമതും തിരുനബിﷺ പറഞ്ഞു: “നീ അദ്ദേഹത്തെ വിളിക്കൂ.” എന്നിട്ട് തിരുനബിﷺ പ്രാർത്ഥിച്ചു: “അല്ലാഹുവേ, അദ്ദേഹത്തിനെ വയറുനിറയെ ഊട്ടരുതേ!” അതുകൊണ്ടുതന്നെ അതിനുശേഷം ഒരിക്കലും അദ്ദേഹത്തിന്റെ വയറ് ഭക്ഷണം കൊണ്ട് നിറഞ്ഞിട്ടില്ല.

അനസ്(റ) നിവേദനം ചെയ്യുന്നു: ഒരാൾ തന്റെ മുടി മണ്ണിൽ തൊടാത്തവിധം സുജൂദ് ചെയ്യുന്നതു തിരുനബിﷺ കണ്ടു. അയാൾ കൈകൊണ്ട് പിന്നിലേക്ക് പിടിച്ചുവെച്ചിരിക്കുകയായിരുന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു: “അല്ലാഹുവേ, അവന്റെ മുടിയെ നീ വികൃതമാക്കിക്കളയേണമേ!” അനസ്(റ) പറഞ്ഞു: അപ്പോൾ അവന്റെ മുടി കൊഴിയുകയും വികൃതമാവുകയും ചെയ്തു.

ജാബിർ ബിൻ അബ്ദുല്ലാഹ്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺയോടൊപ്പം ഞങ്ങൾ ഒരു യുദ്ധയാത്രയിൽ പുറപ്പെട്ടു. അപ്പോൾ അവിടുന്ന് ഒരാളോട് പറഞ്ഞു: “അല്ലാഹു നിന്റെ കഴുത്ത് വെട്ടട്ടെ!” അത് കേട്ടപ്പോൾ ആ മനുഷ്യൻ ചോദിച്ചു: “അല്ലാഹുവിന്റെ മാർഗത്തിലാണോ അത്?” പിന്നീട് ആ മനുഷ്യൻ അല്ലാഹുവിന്റെ മാർഗത്തിൽ വധിക്കപ്പെടുകയും ചെയ്തു. ‘അങ്ങനെ അദ്ദേഹം യമാമ ദിനത്തിൽ വധിക്കപ്പെട്ടു’ എന്നാണ് മറ്റൊരു നിവേദനത്തിൽ ഉള്ളത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 25