Tweet 1551

Tweet 1551
September 12, 2026 • Saturday

ഇമാം അബൂയഅ്‌ലാ(റ), സുബൈർ ബിൻ അൽ-അവ്വാമി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ എനിക്കും എന്റെ മക്കൾക്കും എന്റെ മക്കളുടെ മക്കൾക്കും വേണ്ടി പ്രാർത്ഥിച്ചു. അപ്പോൾ എന്റെ പിതാവ് എന്നേക്കാൾ മൂത്ത എന്റെ ഒരു സഹോദരിയോട് പറയുന്നത് ഞാൻ കേട്ടു: “എന്റെ കുട്ടീ, തിരുനബിﷺയുടെ പ്രാർത്ഥന ലഭിച്ചവരിൽ പെട്ടവളാണ് നീ.”

നാല് ഇമാമുകളും സൈദ് ബിൻ സാബിത്(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരുനബിﷺ പറഞ്ഞു: “എന്റെ വാക്ക് കേൾക്കുകയും, അത് മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുകയും, കേട്ടതുപോലെ തന്നെ അത് നിലനിർത്തുകയും ചെയ്ത വ്യക്തിയുടെ മുഖം അല്ലാഹു പ്രകാശപൂരിതമാക്കട്ടെ!”

സൈദ് ബിൻ സാബിത്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “എന്റെ വാക്ക് കേട്ട്, അത് മനഃപാഠമാക്കുകയും, കേട്ടതുപോലെ തന്നെ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്ത മനുഷ്യന് അല്ലാഹു പ്രകാശം നൽകട്ടെ.”

ലഖീത് ബിൻ അർത്വാത(റ)ന് വേണ്ടി തിരുനബിﷺ പ്രാർത്ഥിച്ചതിന് ഉത്തരം ലഭിച്ചതിനെക്കുറിച്ച് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു; ലഖീത് ബിൻ അർത്വാത അസ്സുകൂനി(റ) പറഞ്ഞു: ഞാൻ തിരുനബിﷺയുടെ അരികിൽ വന്നു. എന്റെ രണ്ട് കാലുകളും വളഞ്ഞതായിരുന്നു, അവ ഭൂമിയിൽ സ്പർശിച്ചിരുന്നില്ല. അപ്പോൾ തിരുനബിﷺ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു, അങ്ങനെ ഞാൻ ഭൂമിയിലൂടെ നടന്നു.

ഇമാം ത്വബ്‌റാനി(റ), വലീദ് ബിൻ ഖൈസ്(റ)വിൽ നിന്നും നിവേദനം ചെയ്യുന്നു: എനിക്ക് കുഷ്ഠരോഗം ഉണ്ടായിരുന്നു. അപ്പോൾ തിരുനബിﷺ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു, അങ്ങനെ എനിക്ക് അതിൽ നിന്ന് രോഗമുക്തി ലഭിച്ചു.

ഇമാം ത്വബ്‌റാനി(റ), സൽമാൻ(റ)വിൽ നിന്നും നിവേദനം ചെയ്യുന്നു: അൻസ്വാരികളിൽ പെട്ട ഒരാളെ സന്ദർശിക്കാൻ തിരുനബിﷺ പുറപ്പെട്ടു. അവിടുന്ന് അദ്ദേഹത്തിന്റെ അരികിൽ പ്രവേശിച്ചപ്പോൾ തിരുകരം അദ്ദേഹത്തിന്റെ നെറ്റിയിൽ വെച്ചുകൊണ്ട് ചോദിച്ചു: “നിനക്ക് എങ്ങനെയുണ്ട്?” അദ്ദേഹം ഒന്നും പ്രതികരിച്ചില്ല. അപ്പോൾ ഇങ്ങനെ പറയപ്പെട്ടു: “അല്ലാഹുവിൻ്റെ ദൂതരേﷺ, അദ്ദേഹം അങ്ങയിൽ വ്യാപൃതതനാണ്.” തിരുനബിﷺ പറഞ്ഞു: “എന്നെയും അദ്ദേഹത്തെയും തനിച്ചാക്കിക്കോളൂ.”

അങ്ങനെ ആളുകൾ അദ്ദേഹത്തിന്റെ അരികിൽ നിന്ന് പുറത്തുപോവുകയും തിരുനബിﷺയെ അവിടെ വിടുകയും ചെയ്തു. അപ്പോൾ അവിടുന്ന് കൈ ഉയർത്തി. ആ രോഗി തന്റെ കൈ മുമ്പ് വെച്ചിടത്തേക്ക് തന്നെ വെക്കണമെന്ന് ആംഗ്യം കാണിച്ചു. പിന്നീട് തിരുനബിﷺ അദ്ദേഹത്തെ വിളിച്ചുകൊണ്ട് ചോദിച്ചു: “അല്ലയോ സഹോദരാ നിനക്ക് എങ്ങനെയുണ്ട്?” അദ്ദേഹം പറഞ്ഞു: “എനിക്ക് നന്മ കാണുന്നു. എന്നെ രണ്ടുപേർ സമീപിച്ചിട്ടുണ്ട്; അവരിൽ ഒരാൾ കറുത്തവനും മറ്റേയാൾ വെളുത്തവനുമാണ്.”

അപ്പോൾ തിരുനബിﷺ ചോദിച്ചു: “അവരിൽ ആരാണ് നിന്നോട് ഏറ്റവും അടുത്തവൻ?” അദ്ദേഹം പറഞ്ഞു: “കറുത്തവൻ.” തിരുനബിﷺ പറഞ്ഞു: “തീർച്ചയായും നന്മ കുറവാണ്, തിന്മ വളരെ കൂടുതലാണ്.” അദ്ദേഹം പറഞ്ഞു: “എങ്കിൽ അല്ലാഹുവിന്റെ റസൂലേﷺ, താങ്കളുടെ ഒരു പ്രാർത്ഥന കൊണ്ട് എനിക്ക് സുഖം നൽകിയാലും.”

അപ്പോൾ തിരുനബിﷺ പ്രാർത്ഥിച്ചു: “അല്ലാഹുവേ, വലിയ പാപങ്ങൾ പൊറുക്കേണമേ, ചെറിയ നന്മകൾ വർദ്ധിപ്പിച്ചു തരേണമേ.” പിന്നീട് തിരുനബിﷺ ചോദിച്ചു: “നീ എന്ത് കാണുന്നു?” അദ്ദേഹം പറഞ്ഞു: “എന്റെ മാതാപിതാക്കളെ അങ്ങേക്ക് സമർപ്പിക്കപ്പെടട്ടെ! നന്മ വർദ്ധിക്കുന്നതായും തിന്മ നശിക്കുന്നതായും ഞാൻ കാണുന്നു. കറുത്തവൻ എന്നിൽ നിന്ന് അകന്നുപോയിരിക്കുന്നു.” തിരുനബിﷺ ചോദിച്ചു: “നിന്റെ ഏത് കർമ്മമാണ് നിനക്ക് ഏറ്റവും വലിയ ആശ്രയമായിരുന്നത്?” അദ്ദേഹം പറഞ്ഞു: “ഞാൻ വെള്ളം നൽകിക്കൊണ്ടിരുന്നത്.” തിരുനബിﷺ പറഞ്ഞു: “ഹേ സൽമാനേ, കേൾക്കൂ! എന്നിൽ നിന്ന് എന്തെങ്കിലും നിങ്ങൾക്ക് പ്രയാസകരമായി തോന്നുന്നുണ്ടോ?” അദ്ദേഹം പറഞ്ഞു: “ഉണ്ട്, എന്റെ മാതാപിതാക്കൾ അങ്ങേക്ക് സമർപ്പിക്കപ്പെടട്ടെ! ഇന്നത്തെ ഈ അവസ്ഥയിൽ തങ്ങളെ ഞാൻ മുമ്പ് കണ്ടിട്ടില്ലല്ലോ!” തിരുനബിﷺ പറഞ്ഞു: “മരണവേദന അനുഭവിക്കാത്ത ഒരു ഞരമ്പുപോലുമില്ലാത്ത അവസ്ഥയിലൂടെയാണ് ഇയാൾ കടന്നുപോകുന്നത് എന്ന് ഞാൻ അറിയുന്നു.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 29