Tweet 1550

Tweet 1550
September 11, 2026 • Friday

ഇമാം ബൈഹഖി(റ) അബൂ ഉമാമ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: സഅ്ലബ ബിൻ ഹാത്വിബ് വന്ന് പറഞ്ഞു: “അല്ലാഹുവിന്റെ തിരുദൂതരെﷺ, എനിക്ക് സ്വത്തും സന്താനങ്ങളും നൽകി അനുഗ്രഹിക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കണമേ.” അപ്പോൾ അവിടുന്ന് പറഞ്ഞു: “സഅ്ലബാ, നിനക്ക് നാശം! നന്ദി നിർവഹിക്കാൻ കഴിയുന്ന അൽപ്പം സമ്പത്താണ്, നന്ദി നിർവഹിക്കാൻ കഴിയാത്ത ധാരാളം സമ്പത്തിനേക്കാൾ നല്ലത്.” എന്നാൽ അദ്ദേഹം അത് നിരസിച്ചുകൊണ്ട് വീണ്ടും പറഞ്ഞു: “അല്ലാഹുവിന്റെ തിരുദൂതരെﷺ, എനിക്ക് സ്വത്തും സന്താനങ്ങളും നൽകാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കണമേ. സത്യവുമായി അയച്ചവൻ തന്നെയാണെ സത്യം! അല്ലാഹു എനിക്ക് സമ്പത്ത് നൽകിയാൽ ഓരോ അവകാശിക്കും അവകാശപ്പെട്ടത് ഞാൻ നൽകുക തന്നെ ചെയ്യും.” അങ്ങനെ അവിടുന്ന് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചു.

അദ്ദേഹം കുറേ ആടുകളെ വാങ്ങി. അതിൽ അദ്ദേഹത്തിന് അനുഗ്രഹം ലഭിക്കുകയും, പുഴു പെരുകുന്നത് പോലെ അവ പെരുകുകയും ചെയ്തു; അവസാനം മദീന അദ്ദേഹത്തിന് ഇടുങ്ങിയതായി മാറി.

അങ്ങനെ അദ്ദേഹം മദീനയുടെ പുറത്തേക്ക് മാറിത്താമസിച്ചു. പകൽ സമയത്ത് അദ്ദേഹം തിരുനബിﷺയോടൊപ്പം നിസ്കാരത്തിൽ പങ്കെടുക്കുമായിരുന്നു, രാത്രിയിലെ നിസ്കാരത്തിൽ പങ്കെടുത്തിരുന്നില്ല. പിന്നീട് സമ്പത്ത് വീണ്ടും പെരുകിയപ്പോൾ അദ്ദേഹം വീണ്ടും ദൂരേക്ക് മാറിത്താമസിച്ചു. അങ്ങനെ വെള്ളിയാഴ്ച തോറും വരുന്നതൊഴിച്ചാൽ രാപ്പകലുകളിലെ ഒരു നിസ്കാരത്തിലും അദ്ദേഹം പങ്കെടുക്കാതായി. പിന്നീട് സമ്പത്ത് വീണ്ടും പെരുകിയപ്പോൾ അദ്ദേഹം കൂടുതൽ ദൂരേക്ക് മാറിത്താമസിച്ചു. അങ്ങനെ അദ്ദേഹം വെള്ളിയാഴ്ച നിസ്കാരത്തിലോ ജനാസ നിസ്കാരത്തിലോ പങ്കെടുക്കാതായി. അപ്പോൾ തിരുനബിﷺ പറഞ്ഞു: “സഅ്ലബ ബിൻ ഹാത്വിബിന് നാശം!”

അതിനുശേഷം തന്റെ ദാനധർമ്മങ്ങൾ /സക്കാത്ത് പിരിച്ചെടുക്കാൻ അല്ലാഹു അവന്റെ ദൂതനോട് കൽപ്പിച്ചു. തിരുനബിﷺ രണ്ട് പേരെ നിയോഗിക്കുകയും, സക്കാത്തായി എടുക്കേണ്ട ഒട്ടകങ്ങളുടെയും ആടുകളുടെയും പ്രായം എന്തെല്ലാമാണെന്ന് കാണിച്ച് അവർക്കായി ഒരു കത്ത് എഴുതിക്കൊടുക്കുകയും ചെയ്തു. സഅ്ലബയെ സമീപിക്കാനും അവിടുന്ന് അവരോട് കൽപ്പിച്ചു. അങ്ങനെ അവർ അദ്ദേഹത്തിന്റെ അടുത്തെത്തി സക്കാത്ത് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ കത്ത് എനിക്ക് കാണിച്ചു തരുവിൻ.” അവർ അത് അദ്ദേഹത്തിന് നോക്കാൻ കൊടുത്തു. അദ്ദേഹം നോക്കിക്കൊണ്ട് പറഞ്ഞു: “ഇത് ജിസ്‌യ അഥവാ കരമല്ലാതെ മറ്റൊന്നുമല്ലല്ലോ! നിങ്ങൾ പോയി നിങ്ങളുടെ ജോലി പൂർത്തിയാക്കി പിന്നീട് മടങ്ങിവരൂ.”

അവർ തങ്ങളുടെ പണി പൂർത്തിയാക്കി അദ്ദേഹത്തിന്റെ അടുക്കൽ മടങ്ങിയെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: “ഇത് ജിസ്‌യ അല്ലാതെ മറ്റൊന്നുമല്ലല്ലോ, എന്റെ അഭിപ്രായം തീരുമാനിക്കുന്നത് വരെ നിങ്ങൾ മടങ്ങിപ്പോകൂ.” അങ്ങനെ അവർ മദീനയിൽ തിരിച്ചെത്തി. തിരുനബിﷺ അവരെ കണ്ടപ്പോൾ, അവർ സംസാരിക്കുന്നതിന് മുമ്പ് തന്നെ പറഞ്ഞു: “സഅ്ലബ ബിൻ ഹാത്വിബിന് നാശം!”

അപ്പോഴാണ് അല്ലാഹു ഈ ആശയം ഉള്ള സൂക്തങ്ങൾ അവതരിപ്പിച്ചത്. “അവരിൽ ചിലർ അല്ലാഹുവോട് കരാർ ചെയ്തു; തനിക്ക് തന്റെ അനുഗ്രഹത്തിൽ നിന്ന് അവൻ നൽകിയാൽ ഞങ്ങൾ തീർച്ചയായും ദാനധർമ്മം ചെയ്യും” സഅ്ലബയെക്കുറിച്ച് സൂക്തം ഇറങ്ങിയ വിവരം അദ്ദേഹത്തിന് ലഭിച്ചപ്പോൾ അദ്ദേഹം തന്റെ സക്കാത്തുമായി നബിﷺയുടെ അടുക്കൽ വന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: “നിന്റെ ദാനം സ്വീകരിക്കുന്നതിൽ നിന്ന് അല്ലാഹു എന്നെ തടഞ്ഞിരിക്കുന്നു.” അദ്ദേഹം കരയാനും തന്റെ തലയിൽ മണ്ണ് വാരിയിടാനും തുടങ്ങി. തിരുനബിﷺയാകട്ടെ, അബൂബക്കർ(റ), ഉമർ(റ) എന്നിവരാകട്ടെ അദ്ദേഹത്തിന്റെ ദാനം സ്വീകരിച്ചതുമില്ല. ഉസ്മാൻ(റ)ന്റെ ഭരണകാലത്ത് അദ്ദേഹം മരണപ്പെടുന്നത് വരെ ആ അവസ്ഥ തുടർന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 35