
ഇബ്നു മാജ(റ), സ്വഫിയ്യ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “ഈ ഭവനം ആക്രമിക്കുന്നത് ആളുകൾ അവസാനിപ്പിക്കുകയില്ല; ഒടുവിൽ ഒരു സൈന്യം അതിനെ ആക്രമിക്കാൻ പുറപ്പെടും. അങ്ങനെ അവർ ഭൂമിയിലെ ‘ബൈദാഅ്’ എന്ന സ്ഥലത്ത് എത്തുമ്പോൾ, അവരുടെ ആദ്യത്തവരെയും അവസാനത്തവരെയും ഭൂമി വിഴുങ്ങും, അവരുടെ ഇടയിലുള്ളവരിൽ ആരും രക്ഷപ്പെടുകയില്ല.” ഞാൻ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേﷺ, നിർബന്ധിതനാക്കപ്പെട്ടവന്റെ കാര്യമോ?” “അവരുടെ ഉള്ളിലുള്ള ഉദ്ദേശ്യത്തിനനുസരിച്ചാണ് അല്ലാഹു അവരെ എഴുന്നേൽപ്പിക്കുന്നത്.”
നുഐം ബിൻ ഹമ്മാദ്(റ), മുആദ്(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “സമ്പത്തും സന്താനങ്ങളും ധാരാളമുള്ള ഒരു മനുഷ്യൻ ഭൂമിയിൽ ആണ്ടുപോകുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല.”
അബ്ദുറഹ്മാൻ ബിൻ സഹ്ഹാർ ബിൻ സഖർ അൽ-അബ്ദി(റ) തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “ഗോത്രങ്ങൾ ഭൂമിയിൽ ആണ്ടുപോകുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല; ഒടുവിൽ ഇന്നയാളുടെ കുടുംബത്തിൽ നിന്ന് ആരെങ്കിലും ബാക്കിയുണ്ടോ? എന്ന് ചോദിക്കപ്പെടുന്ന അവസ്ഥ വരും.”
ഇബ്നു ഉമർ(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “കോലം മറിക്കൽ-മസ്ഖ്, ഭൂമി വിഴുങ്ങുക-ഖസ്ഫ്, ഭൂകമ്പം എന്നിവ ഉണ്ടാകുക തന്നെ ചെയ്യും.” അവർ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേﷺ, ഈ സമുദായത്തിലോ?” “അതെ, അവർ പാട്ടുകാരികളെ സ്വീകരിക്കുകയും, വ്യഭിചാരം അനുവദനീയമാക്കുകയും, പലിശ തിന്നുകയും, ഹറമിൽ വേട്ടയാടുന്നത് അനുവദനീയമാക്കുകയും, സിൽക്ക് വസ്ത്രം ധരിക്കുകയും, പുരുഷന്മാർ പുരുഷന്മാരെയും സ്ത്രീകൾ സ്ത്രീകളെയും കൊണ്ട് തൃപ്തിപ്പെടുകയും ചെയ്യുമ്പോൾ.”
ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “എൻ്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെയാണെ സത്യം! തീർച്ചയായും എന്റെ സമുദായത്തിലെ ചില ആളുകൾ ദുരയിലും അഹങ്കാരത്തിലും കളികളിലും വിനോദങ്ങളിലും ഏർപ്പെട്ടുകൊണ്ട് രാത്രി കഴിച്ചുകൂട്ടും. അങ്ങനെ അവർ കുരങ്ങന്മാരും പന്നികളുമായി നേരം പുലർത്തും; നിഷിദ്ധമാക്കപ്പെട്ടതിനെ അനുവദനീയമാക്കിയും പാട്ടുകാരികൾ, മദ്യപാനം, പലിശ ഭോജനം, പുരുഷന്മാരുടെ പട്ടുവസ്ത്ര ധാരണം എന്നിവയുടെ കാരണത്താൽ.”
മാലിക് അൽ-കിന്ദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “ഈ സമുദായത്തിൽ കുരങ്ങന്മാരായ ഒരു ജനതയും പന്നികളായ ഒരു ജനതയും ഉണ്ടാകുക തന്നെ ചെയ്യും. ഇന്നാലിന്ന കുടുംബത്തിന്റെ വീടും ഇന്നാലിന്ന കുടുംബത്തിന്റെ വീടും ഭൂമി തുളഞ്ഞുതാഴ്ത്തപ്പെട്ടു’ എന്ന് പറയപ്പെടുന്ന നിലയിൽ കാര്യങ്ങള് എത്തും. രണ്ട് മനുഷ്യർ നടന്നുപോകുമ്പോൾ, മദ്യം കുടിച്ചതിനും സിൽക്ക് വസ്ത്രം ധരിച്ചതിനും സംഗീതോപകരണങ്ങളും കുഴലുകളും ഉപയോഗിച്ചതിനും കാരണമായി അവരിലൊരാൾ ഭൂമിയിൽ ആണ്ടുപോകും.”
അനസ്(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “കോലം മറിക്കപ്പെടൽ, ഉൾക്കവർഷം, ഭൂമി വിഴുങ്ങൽ എന്നിവ ഈ സമുദായത്തിൽ ഉണ്ടാകുക തന്നെ ചെയ്യും; അവർ മദ്യം കുടിക്കുകയും, പാട്ടുകാരികളെ സ്വീകരിക്കുകയും, സംഗീതോപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്യുമ്പോഴാണത് സംഭവിക്കുക.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
