
ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: തിരുനബിﷺ പറഞ്ഞു:
“എന്റെ ആത്മാവ് ഏതൊരു അല്ലാഹുവിന്റെ കയ്യിലാണോ അവനിൽ തന്നെ സത്യം! എന്റെ ഉമ്മത്തിൽപ്പെട്ട ചില ആളുകൾ അഹങ്കാരത്തിലും മർക്കടമുഷ്ടിയിലും കളിതമാശകളിലും വിനോദങ്ങളിലും മുഴുകി രാപ്പാർക്കും. ഹറാമായ കാര്യങ്ങൾ അനുവദനീയമാക്കിയതിനാലും, ഗായികമാരെ വെച്ചുപുലർത്തിയതിനാലും, മദ്യം കുടിച്ചതിനാലും, പലിശ തിന്നതിനാലും, പട്ടു വസ്ത്രങ്ങൾ ധരിച്ചതിനാലും പ്രഭാതമാകുമ്പോൾ അവർ കുരങ്ങുകളും പന്നികളുമായി രൂപമാറ്റം വരുത്തപ്പെടും.”
ഭൂമിയിൽ താഴ്ന്നുപോകുന്ന ഖസ്ഫിനെക്കുറിച്ച്.
അൽ-ഹുമൈദി(റ) വിശ്വസ്തരായ നിവേദകരിലൂടെ, ഖഅ്ഖാഅ് ബിൻ അബീ ഹദ്‌റദ് അൽ-അസ്‌ലമി(റ)യുടെ ഭാര്യയായ ബുഖൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; അവർ പറഞ്ഞു: തിരുനബിﷺ പറയുന്നത് ഞാൻ കേട്ടു:
“അടുത്തെവിടെയെങ്കിലും ഒരു സൈന്യം ഭൂമിയിൽ താഴ്ത്തപ്പെട്ടു എന്ന് നിങ്ങൾ കേട്ടാൽ, നിശ്ചയം അന്ത്യനാൾ അടുത്തു കഴിഞ്ഞിരിക്കുന്നു.”
അബൂഹുറൈറ(റ)വിൽ നിന്ന് അൽ-ഹാകിം(റ) നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “ദമസ്കസിന്റെ ഉള്ളറകളിൽ നിന്ന് ‘സുഫ്‌യാനി’ എന്ന് വിളിക്കപ്പെടുന്ന ഒരു വ്യക്തി പുറപ്പെടും. അവനെ പിന്തുടരുന്നവരിൽ ഭൂരിഭാഗവും ‘കൽബ്’ ഗോത്രക്കാരായിരിക്കും. അവൻ സ്ത്രീകളുടെ വയറുകൾ പിളർക്കുകയും കുട്ടികളെ കൊല്ലുകയും ചെയ്യും വിധം കൊലപാതകങ്ങൾ നടത്തും. ഖൈസ് ഗോത്രം അവർക്കെതിരെ ഒത്തുകൂടുമെങ്കിലും അവൻ അവരെ പൂർണ്ണമായി വധിക്കും. അപ്പോൾ എന്റെ കുടുംബത്തിൽപ്പെട്ട ഒരു വ്യക്തി ഹർറയിൽ പുറപ്പെടും. ആ വിവരം സുഫ്‌യാനി അറിയുകയും അവനിലേക്ക് തന്റെ ഒരു സൈന്യത്തെ അയക്കുകയും ചെയ്യും. എന്നാൽ ആ വ്യക്തി ആ സൈന്യത്തെ സ്വയം പരാജയപ്പെടുത്തും. തുടർന്ന് സുഫ്‌യാനി തന്റെ കൂടെയുള്ളവരുമായി അദ്ദേഹത്തിന് നേരെ മാർച്ച് ചെയ്യും. അങ്ങനെ അവർ ഒരു മരുഭൂമിയിലെത്തുമ്പോൾ അവർ ഭൂമിയിൽ താഴ്ത്തപ്പെടും. സംഭവിച്ച കാര്യം റിപ്പോർട്ട് ചെയ്യുന്ന ഒരാളൊഴികെ അവരിൽ നിന്ന് ആരും രക്ഷപ്പെടുകയില്ല.”
ഹഫ്സ്വ ബിൻത് ഉമർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അവർ പറഞ്ഞു: തിരുനബിﷺ പറഞ്ഞു. “അല്ലാഹു ശാമിൽ നിന്ന് മക്കയിലേക്ക് ഒരു സൈന്യത്തെ നിയോഗിക്കും. അങ്ങനെ അവർ ഒരു മരുഭൂമിയിലെത്തുമ്പോൾ അവരുടെ ആദ്യത്തെയാളും അവസാനത്തെയാളും ഭൂമിയിൽ താഴ്ത്തപ്പെടും.”
ത്വബ്‌റാനി(റ)യുടെ റിപ്പോർട്ടിൽ ഇങ്ങനെയാണുള്ളത്: “കിഴക്കുഭാഗത്ത് നിന്ന് ഒരു സൈന്യം മക്കക്കാരനായ ഒരു വ്യക്തിയെ ലക്ഷ്യമാക്കി വരും. അവർ മരുഭൂമിയിൽ എത്തുമ്പോൾ ഭൂമിയിൽ താഴ്ത്തപ്പെടും. അപ്പോൾ അവർക്ക് മുന്നിലുണ്ടായിരുന്നവർ ആളുകൾക്ക് എന്ത് സംഭവിച്ചു എന്ന് നോക്കാൻ തിരിച്ചുവരും. അപ്പോൾ അവർക്കും മറ്റുള്ളവർക്ക് സംഭവിച്ചതുതന്നെ സംഭവിക്കും.” ചോദിക്കപ്പെട്ടു: “എന്നാൽ നിർബന്ധിതരായി വന്നവരുടെ കാര്യമെന്താണ്?” അവിടുന്ന് അരുളി:
“അവരെല്ലാവരെയും ആ ശിക്ഷ ബാധിക്കും. പിന്നീട് അല്ലാഹു ഒരോരുത്തരെയും അവരുടെ ഉദ്ദേശത്തിനനുസരിച്ച് ഉയർത്തെഴുന്നേൽപ്പിക്കും.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
