Tweet 1532

    Tweet 1532
    August 24, 2026 • Monday
    Post Header

    പടിഞ്ഞാറുനിന്ന് സൂര്യനും ചന്ദ്രനും ഉദിക്കുന്നതിനെക്കുറിച്ച് തിരുനബിﷺ പ്രവചിച്ച പരാമർശങ്ങൾ.

    അബൂദർറ്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “സൂര്യൻ അർശിന് താഴെ മറയുന്നു; അങ്ങനെ അതിന് അനുവാദം നൽകപ്പെടും, അത് തിരിച്ചുവരും. ആ രാത്രിയായാൽ, അതിന്റെ പിറ്റേദിവസം പടിഞ്ഞാറുനിന്ന് അത് ഉദിക്കും, അതിന് അനുവാദം നൽകപ്പെടുകയില്ല.”

    അബൂഉമാമ(റ) നിവേദനം ചെയ്യുന്നതായി രേഖപ്പെടുത്തുന്നു. തിരുനബിﷺ പറഞ്ഞു: “അടയാളങ്ങളിൽ വെച്ച് ആദ്യത്തേത് പടിഞ്ഞാറുനിന്ന് സൂര്യൻ ഉദിക്കലാകുന്നു.”

    വാസില(റ) നിവേദനം ചെയ്യുന്നതായി രേഖപ്പെടുത്തുന്നു; തിരുനബിﷺ പറഞ്ഞു: “പത്ത് അടയാളങ്ങൾ ഉണ്ടാകാതെ അന്ത്യനാൾ സംഭവിക്കുകയില്ല: കിഴക്ക് ഭൂമി ഇടിഞ്ഞു താഴ്ന്നുപോകൽ, പടിഞ്ഞാറ് ഭൂമി ഇടിഞ്ഞു താഴ്ന്നുപോകൽ, അറബ് ഉപദ്വീപിൽ ഭൂമി ഇടിഞ്ഞു താഴ്ന്നുപോകൽ, ദജ്ജാൽ, പുക, ഈസാ(അ) ഇറങ്ങിവരൽ, യഅ്ജൂജ് മഅ്ജൂജ്, ഭൂമിയിൽ നിന്ന് പുറത്തുവരുന്ന ജീവി ദാബ്ബത്തുൽ അർള്, പടിഞ്ഞാറുനിന്ന് സൂര്യൻ ഉദിക്കൽ, ജനങ്ങളെ മഹ്ശറിലേക്ക് തെളിച്ചുകൊണ്ടുപോകുന്ന അദ്നുന്റെ അടിത്തട്ടിൽ നിന്ന് പുറപ്പെടുന്ന തീ—അത് ഉറുമ്പുകളെയും ചെറുപ്രാണികളെയും വരെ ഒരുമിച്ചുകൂട്ടും.”

    അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “പടിഞ്ഞാറുനിന്ന് സൂര്യൻ ഉദിക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അത് ഉദിക്കുകയും ജനങ്ങൾ അത് കാണുകയും ചെയ്താൽ ഭൂമിയിലുള്ള എല്ലാവരും വിശ്വസിക്കും. മുമ്പ് വിശ്വസിക്കുകയോ തന്റെ വിശ്വാസത്തിലൂടെ നന്മ സമ്പാദിക്കുകയോ ചെയ്യാതിരുന്ന ഒരു വ്യക്തിക്ക് അപ്പോൾ ആ വിശ്വാസം ഉപകരിക്കാത്ത സമയമായിരിക്കും അത്. രണ്ട് മനുഷ്യർ തങ്ങളുടെ വസ്ത്രം പരസ്പരം നിവർത്തിപ്പിടിച്ചിരിക്കെ, അതുവഴി കച്ചവടം ചെയ്യാൻ കഴിയാതെ അന്ത്യനാൾ വന്നുഭവിക്കും. ഒരു മനുഷ്യൻ തന്റെ കറവപ്പശുവിന്റെ പാൽ കറന്നെടുത്ത് കുടിക്കാൻ തിരിച്ചുപോരുമ്പോൾ, അത് സാധിക്കാതെ അന്ത്യനാൾ വന്നുഭവിക്കും. ഒരാൾ തന്റെ ഭക്ഷണവുമായി അത് വായുടെ അടുത്തേക്ക് ഉയർത്തുമ്പോൾ, അത് കഴിക്കാൻ സാധിക്കാതെ അന്ത്യനാൾ വന്നുഭവിക്കും.”

    അബൂദർറ്(റ) നിവേദനം ചെയ്യുന്നതായി രേഖപ്പെടുത്തുന്നു: തിരുനബിﷺ പറഞ്ഞു: “ഈ സൂര്യൻ എവിടേക്കാണ് പോകുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ? തീർച്ചയായും ഇത് അർശിന്റെ താഴെയുള്ള അതിന്റെ സ്ഥിരവാസ കേന്ദ്രത്തിലേക്ക് സഞ്ചരിക്കുന്നു, എന്നിട്ട് അത് പ്രണമിച്ചുകൊണ്ട് വീഴുന്നു. ‘എഴുന്നേൽക്കൂ, നീ വന്ന ഇടത്തുനിന്ന് മടങ്ങൂ’ എന്ന് അതിനോട് പറയപ്പെടുന്നത് വരെ അത് അങ്ങനെത്തന്നെ തുടരും. അങ്ങനെ അത് തിരിച്ചുവന്ന് ഉദയസ്ഥാനത്തുനിന്ന് ഉദിച്ചുകൊണ്ട് പുലരും. പിന്നീട് അത് സഞ്ചരിച്ച് അർശിന്റെ താഴെയുള്ള അതിന്റെ സ്ഥിരവാസ കേന്ദ്രത്തിൽ എത്തുന്നതുവരെ തുടരും, അവിടെ അത് പ്രണമിച്ചുകൊണ്ട് വീഴും. ‘എഴുന്നേൽക്കൂ, നീ വന്ന ഇടത്തുനിന്ന് മടങ്ങൂ’ എന്ന് അതിനോട് പറയപ്പെടുന്നത് വരെ അത് അങ്ങനെത്തന്നെ തുടരും. അങ്ങനെ അത് തിരിച്ചുവന്ന് ഉദയസ്ഥാനത്തുനിന്ന് ഉദിച്ചുകൊണ്ട് പുലരും. പിന്നീട് ജനങ്ങൾ അതിൽനിന്ന് യാതൊരു അസ്വാഭാവികതയും കാണാത്തവിധം അത് സഞ്ചരിക്കും, ഒടുവിൽ അത് അർശിന്റെ താഴെയുള്ള ആ സ്ഥിരവാസ കേന്ദ്രത്തിൽ എത്തും, അവിടെ അത് പ്രണമിച്ചുകൊണ്ട് വീഴും. അപ്പോൾ അതിനോട് പറയപ്പെടും: ‘എഴുന്നേൽക്കൂ, നിന്റെ പടിഞ്ഞാറുഭാഗത്തുനിന്ന് ഉദിക്കുന്നവളായി പുലരൂ.’ “അത് എപ്പോഴാണെന്ന് നിങ്ങൾക്ക് അറിയാമോ? മുമ്പ് വിശ്വസിക്കുകയോ തന്റെ വിശ്വാസത്തിലൂടെ നന്മ സമ്പാദിക്കുകയോ ചെയ്യാതിരുന്ന ഒരു വ്യക്തിക്ക് അപ്പോൾ ആ വിശ്വാസം ഉപകരിക്കാത്ത സമയമായിരിക്കും അത്.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 36
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...