
അബ്ദുല്ലാഹ് ബിൻ സലാം(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “യഅ്ജൂജ്-മഅ്ജൂജിൽ പെട്ട ഒരാളും തനിക്ക് ശേഷം തന്റെ പരമ്പരയിൽ പെട്ട ആയിരം സന്താനങ്ങളെ വിട്ടുപോകാതെ മരിക്കുകയില്ല.”
ഇബ്നു അബീ ഹാതിം(റ) ഇബ്നു മസ്ഊദ്(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: “യഅ്ജൂജ്-മഅ്ജൂജിൽ പെട്ട ഒരാൾ തന്റെ പിൻഗാമികളായി ആയിരമോ അതിലധികമോ സന്താനങ്ങളെയല്ലാതെ വിട്ടുപോകാറില്ല. തീർച്ചയായും അവരുടെ പിന്നിൽ മനസ്ക്, ഖാവീൽ, താരിസ് എന്നീ മൂന്ന് സമൂഹങ്ങളുണ്ട്. അവരുടെ എണ്ണം അല്ലാഹു അല്ലാതെ അറിയില്ല.”
അബ്ദുല്ലാഹ് ബിൻ അംറ്(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: സർവ്വശക്തനായ അല്ലാഹു സൃഷ്ടികളെ പത്ത് ഭാഗങ്ങളാക്കി. അതിൽ ഒമ്പത് ഭാഗം മലക്കുകളാക്കി, ഒരു ഭാഗം മറ്റു സൃഷ്ടികളുമാക്കി. മലക്കുകളുടെ ആ ഭാഗത്തെ പത്ത് ഭാഗമാക്കി; അതിൽ ഒമ്പത് ഭാഗം രാവും പകലും ഇടതടവില്ലാതെ അല്ലാഹുവിന്റെ പരിശുദ്ധി പ്രകീർത്തിക്കുന്നവരാക്കി. ഒരു ഭാഗം തന്റെ ദൗത്യത്തിനായി നിശ്ചയിച്ചു. മറ്റു സൃഷ്ടികളുടെ ഭാഗത്തെ പത്ത് ഭാഗമാക്കി; അതിൽ ഒമ്പത് ഭാഗം ജിന്നുകളാക്കി, ഒരു ഭാഗം ആദം സന്താനങ്ങളാക്കി. ആദം സന്താനങ്ങളുടെ ആ ഭാഗത്തെ പത്ത് ഭാഗമാക്കി; അതിൽ ഒമ്പത് ഭാഗം യഅ്ജൂജ്-മഅ്ജൂജും ഒരു ഭാഗം മറ്റു മനുഷ്യരുമാക്കി. “വഴികളുള്ള ആകാശത്തെക്കൊണ്ടു സത്യം” എന്ന ഖുർആൻ പ്രയോഗം ഏഴാമത്തെ ആകാശമാണെന്നും, വിശുദ്ധ ഹറം അല്ലാഹുവിന്റെ സിംഹാസനത്തിന് നേരെ താഴെയാണെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുർറസാഖും(റ) ഇബ്നു അബീ ഹാതിമും(റ) ഖതാദ(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: “അല്ലാഹു തആല മനുഷ്യരെ പത്ത് ഭാഗങ്ങളാക്കി. അതിൽ ഒമ്പത് ഭാഗവും യഅ്ജൂജ്-മഅ്ജൂജാണ്, ഒരു ഭാഗം മറ്റു മനുഷ്യരുമാണ്.”
ഹുദൈഫ(റ)വിൽ നിന്ന് നിവേദനം: യഅ്ജൂജ് മഅ്ജൂജിനെക്കുറിച്ച് തിരുനബിﷺ പറഞ്ഞു: “അവർ മൂന്ന് വിഭാഗമാണ്. അവരിൽ ഒരു വിഭാഗം ‘അർസ്’ മരങ്ങളെപ്പോലെയുമാണ്.” ഞാൻ ചോദിച്ചു: എന്താണ് അർസ്? “അത് സൊനൗബർ മരമാണ്; ശാമിലെ ഒരു മരമാണ്. അതിന്റെ ഉയരം ആകാശത്തേക്ക് നൂറ്റിയിരുപത് മുഴമാണ്. അവരിൽ മറ്റൊരു വിഭാഗത്തിന്റെ വീതിയും നീളവും തുല്യമാണ്; ആകാശത്തേക്ക് നൂറ്റിയിരുപത് മുഴം.” തിരുനബിﷺ പറഞ്ഞു: “അവരാണ്, മലകൾക്കോ ഇരുമ്പിനോ ചെറുത്തുനിൽക്കാൻ കഴിയാത്തവർ. അവരിൽ മറ്റൊരു വിഭാഗം അവരുടെ ഒരു കാത് വിരിക്കുകയും മറ്റേത് പുതക്കുകയും ചെയ്യും. അവർ ചെറിയതോ വലിയതോ ആയ യാതൊന്നിനെയും, ഒട്ടകത്തെയോ പന്നിയെയോ കടന്നുപോവുകയാണെങ്കിൽ അവയെയെല്ലാം തിന്നാതിരിക്കില്ല. അവരിൽ ആരെങ്കിലും മരിച്ചാൽ അവനെയും അവർ തിന്നും. അവരുടെ മുൻനിരയും പിൻനിരയും ഖുറാസാനിലാണ്. കിഴക്കൻ ദേശങ്ങളിലെ നദികളും തബ്‌രിയ തടാകവും അവർ കുടിക്കും.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
