Tweet 1489

    Tweet 1489
    July 12, 2026 • Sunday
    Post Header

    ഇമാം ദൈലമി(റ) അബൂദർറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “ജീവിച്ചിരിക്കുന്നവൻ മരിച്ചവനെ അവന്റെ മയ്യത്ത് കട്ടിലിൽ കാണുമ്പോൾ ‘ഹാ! ഇയാളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ’ എന്ന് പറയുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. അപ്പോൾ ഒരാൾ ചോദിക്കും: ‘അയാൾ ഏത് അവസ്ഥയിലാണ് മരിച്ചതെന്ന് തനിക്കറിയാമോ?’ അപ്പോൾ അവൻ പറയും: ‘അത് എന്തായാലും ശരി എനിക്ക് പ്രശ്നമില്ല’.”

    ഇമാം മുസ്‌ലിമും(റ) ഇബ്‌നു മാജ(റ)യും അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണെ സത്യം! ഒരാൾ ഒരു ഖബറിനരികിലൂടെ നടന്നുപോവുകയും, അതിന്മേൽ കിടന്നുരുണ്ടുകൊണ്ട് ‘ഹാ! ഞാൻ ഈ ഖബറിലുള്ളവന്റെ സ്ഥാനത്തായിരുന്നെങ്കിൽ’ എന്ന് പറയുകയും ചെയ്യുന്നതുവരെ ഈ ദുനിയാവ് അവസാനിക്കുകയില്ല. മതപരമായ കാരണത്താലായിരിക്കില്ല അവൻ അങ്ങനെ പറയുന്നത്, മറിച്ച് അക്കാലത്തെ പരീക്ഷണങ്ങളും കഷ്ടപ്പാടുകളും കാരണമായിരിക്കും അത്.”

    ഇമാം ഇബ്‌നു അബീ ശൈബ(റ), അബൂ യഅ്‌ലാ(റ), ഹാകിം(റ), തിർമിദി(റ) എന്നിവർ സഅ്ദ് ബിൻ അബീ വഖാസി(റ)ൽ നിന്നും, അബൂ യഅ്‌ല(റ)യും ഇമാം അഹ്മദും(റ) ഖറശത്ത് ബിൻ അൽ-ഹുർറി(റ)ൽ നിന്നും, ഇബ്‌നു അബീ ശൈബ(റ), ഇമാം അഹ്മദ്(റ), അഹ്മദ് ബിൻ മനീഅ്(റ), അബൂ യഅ്‌ലാ(റ) എന്നിവർ അബ്ദുല്ലാഹിബ്‌നു ഖബ്ബാബ്(റ)ൽ നിന്ന് അദ്ദേഹത്തിന്റെ പിതാവിനെ തൊട്ടും നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: തീർച്ചയായും എനിക്ക് ശേഷം ചില ഫിത്‌നകൾ ഉണ്ടാകും അതിൽ ഉറങ്ങുന്നവൻ ഉണർന്നിരിക്കുന്നവനേക്കാൾ ഉത്തമനാണ്. അതിൽ ഇരിക്കുന്നവൻ നിൽക്കുന്നവനേക്കാൾ ഉത്തമനാണ്. അതിൽ നിൽക്കുന്നവൻ നടക്കുന്നവനേക്കാൾ ഉത്തമനാണ്. അതിൽ നടക്കുന്നവൻ അതിലേക്ക് ഓടിയെത്തുന്നവനേക്കാൾ ഉത്തമനാണ്. അതിലേക്ക് ഓടിയെത്തുന്നവൻ വാഹനത്തിൽ പോകുന്നവനേക്കാൾ ഉത്തമനാണ്. വാഹനത്തിൽ പോകുന്നവൻ വേഗത്തിൽ പായുന്നവനേക്കാൾ ഉത്തമനാണ്.”

    ഖറശ(റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരമാണുള്ളത്: “ആർക്കെങ്കിലും ആ കാലഘട്ടം വന്നെത്തിയാൽ, അവൻ തന്റെ വാളെടുത്ത് ഒരു പാറപ്പുറത്ത് അടിച്ച് അത് ഒടിക്കട്ടെ. ശേഷം ആ ഫിത്ന നീങ്ങിപ്പോകുന്നതുവരെ അവൻ കിടക്കട്ടെ അഥവാ അതിൽ പങ്ക് ചേരാതെ മാറിനിൽക്കട്ടെ”

    ഖബ്ബാബ്(റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരമാണുള്ളത്: “നിനക്ക് ആ അവസ്ഥ ബാധിക്കുകയാണെങ്കിൽ, നീ അല്ലാഹുവിന്റെ സമർപ്പിതനായ ദാസനാവുക; അല്ലാതെ കൊല്ലുന്ന ദാസനാവരുത്.”

    അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു.
    തിരുനബിﷺ പറഞ്ഞു. “അടുത്തുതന്നെ ചില ഫിത്‌നകൾ ഉണ്ടാകും. അതിൽ ഇരിക്കുന്നവൻ നിൽക്കുന്നവനേക്കാൾ ഉത്തമനാണ്. നിൽക്കുന്നവൻ നടക്കുന്നവനേക്കാൾ ഉത്തമനാണ്. നടക്കുന്നവൻ അതിലേക്ക് ഓടിയെത്തുന്നവനേക്കാൾ ഉത്തമനാണ്. ആർക്കെങ്കിലും അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ വല്ല അഭയകേന്ദ്രമോ സങ്കേതമോ ലഭിക്കുകയാണെങ്കിൽ അവൻ അവിടെ അഭയം തേടിക്കൊള്ളട്ടെ.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...